
നിറഞ്ഞൊഴുകി ഭാരതപ്പുഴ; തീരങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ
കുറ്റിപ്പുറം ∙ തോരാമഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ടായെങ്കിലും ഭാരതപ്പുഴയിലെ ജലനിരപ്പ് താഴ്ന്നില്ല. പുഴകളിൽ നീരൊഴുക്ക് ക്രമാതിതമായി വർധിച്ചു.
അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയതാണ് ഒഴുക്കു കൂടാൻ കാരണമായത്. ഭാരതപ്പുഴയുടെ കരയിലുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിന്റെ ഭീഷണിയിലാണ്.
പഞ്ചായത്തിലെ 17–ാം വാർഡിൽ 60 കുടുംബങ്ങൾ വെള്ളക്കെട്ടിന്റെ ഭയപ്പാടിലാണ്. മിഅറാജ് നഗർ റോഡിനോടു ചേർന്നു താമസിക്കുന്നവരാണ് ഇവർ.
റോഡിന്റെ കാനകൾ നികത്തിയതുമൂലം വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. നഗരത്തിലെ അഴുക്കുചാൽ ശുചീകരണം കാര്യക്ഷമമല്ലെന്ന ആരോപണവും വ്യാപകമാണ്.
തിരൂർ റോഡിലും, വൺവെ റോഡിലും ചെറിയൊരു മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്.
കുറ്റിപ്പുറം പകരനെല്ലൂർ അമ്പലപ്പടി ലിങ്ക്റോഡിൽ മഴയിൽ വെള്ളക്കെട്ട് ഉയർന്നപ്പോൾ.
വളാഞ്ചേരി ∙ മഴ ഒഴിഞ്ഞ പകലാണെങ്കിലും ഇന്നലെ ജലസ്രോതസ്സുകളിലെ ഒഴുക്ക് കുറഞ്ഞില്ല. തോടുകളിൽ കനത്ത ഒഴുക്ക് അനുഭവപ്പെട്ടു.
കോട്ടപ്പുറം തോട് ഇരുകരമുട്ടി ഒഴുകി. ഭാരതപ്പുഴയിൽ ചേരുന്ന പെരുന്തോട്ടിലും കനത്ത ഒഴുക്ക് അനുഭവപ്പെട്ടു.
തോടിന്റെ പല ഭാഗങ്ങളിലും കരയിടിച്ചിൽ ഭീഷണിയുമുണ്ട്. വെണ്ടല്ലൂർ വയൽപ്പരപ്പിൽ വെള്ളക്കെട്ട് ഉയർന്നു.
തോടും നിറഞ്ഞൊഴുകി. ഇതുവഴിയുള്ള ആലുക്കൽപടി–വെണ്ടല്ലൂർ ബൈപാസിൽ വെള്ളം കയറി.
കാട്ടിപ്പരുത്തി കറ്റട്ടിത്തോട്ടിൽ വർധിച്ച ഒഴുക്കുണ്ട്. കൊട്ടാരം തോട്ടിലും നീരൊഴുക്ക് കൂടി.
കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകൾ വീണ്ടും ഉയർത്തിയതിനാൽ തൂതപ്പുഴയും ഇരുകരമുട്ടി ഒഴുകുകയാണ്. തിരുവേഗപ്പുറ പാലത്തിനു സമീപം പൈതൃക പാർക്കിന്റെ മുറ്റത്തെ പടവുകൾ വരെ വെള്ളം ഉയർന്നു.
എരമംഗലം പത്തിരം ദ്വീപിലേക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ.
മഴയിൽ വ്യാപക നാശനഷ്ടം
എടപ്പാൾ ∙ ഇന്നലെ മഴയ്ക്ക് ശമനമുണ്ടായതോടെ ചിലയിടങ്ങളിൽ വെള്ളക്കെട്ട് താഴ്ന്നു. മരങ്ങൾ വീണ് നിലച്ച വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു.
ഈസ്റ്റ് മാണൂരിൽ റോഡിലേക്ക് മരം മുറിഞ്ഞു വീണു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു.
വൈദ്യുതി കമ്പികളും പൊട്ടിവീണു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.
കോലൊളമ്പ് കോലത്ത് തെങ്ങ് വീണ് അഞ്ച് വൈദ്യുതിക്കാലുകൾ ഒടിഞ്ഞു. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം മുടങ്ങി.
കോലത്ത് പള്ളി ട്രാൻസ്ഫോമറിന് കീഴിലെ വൈദ്യുതി തൂണുകളാണ് ഒടിഞ്ഞു വീണത്. ഇവ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
കോൾ മേഖലയിൽ ജലനിരപ്പ് ഉയര്ന്നതോടെ എരമംഗലം നരണിപ്പുഴയോട് ചേർന്നുള്ള വീട് വെള്ളക്കെട്ടിലായപ്പോൾ.
പത്തിരം ദ്വീപിലെ വീടുകൾ വെള്ളക്കെട്ടിൽ
എരമംഗലം ∙ കോൾ മേഖലയിൽ ജലനിരപ്പ് ഉയർന്നതോടെ പത്തിരം ദ്വീപിലെ വീടുകൾ വെള്ളക്കെട്ടിൽ. വെളിയങ്കോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന ദ്വീപാണ് കൊൾ മേഖലയിൽ വെള്ളം ഉയർന്നതോടെ ഒറ്റപ്പെട്ടു കിടക്കുന്നത്.
25 കുടുംബങ്ങളാണ് ദ്വീപിൽ താമസിക്കുന്നത്. ദ്വീപിലേക്ക് ഏക ആശ്രയമായിരുന്ന ബണ്ട് റോഡിൽ വെള്ളംകയറിയതോടെ വാഹനങ്ങൾക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്.
കോൾ മേഖലയോടു ചേർന്നുള്ള പുഴക്കരയിലെ നിരവധി വീടുകളും വെള്ളക്കെട്ടിലാണ്.എരമംഗലം പാലയ്ക്കൽത്താഴത്തും വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. മാറഞ്ചേരി തുറുവാണം ദ്വീപ് ഒറ്റപ്പെട്ടതോടെ ദ്വീപിലേക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോണി സർവീസ്
ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]