അയൽവാസി മണ്ണിടിച്ചു മാറ്റി; സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിൽ
ചെറുതോണി ∙ അതിർത്തിയിൽനിന്നു വേണ്ടത്ര അകലം പാലിക്കാതെ അയൽവാസി മണ്ണിടിച്ചു മാറ്റിയതിനെ തുടർന്ന് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വീട് അപകടാവസ്ഥയിലായി. പതിനാറാംകണ്ടം ടൗണിനോടു ചേർന്ന് താമസിക്കുന്ന വരിക്കപ്ലാക്കൽ ജെസിയുടെ വീടിന്റെ പിൻഭാഗത്തെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. അയൽവാസി മണ്ണെടുത്തു തുടങ്ങിയപ്പോൾ തന്നെ വീട്ടുകാർ അപകട
സാധ്യത ഉപ്പുതോട് വില്ലേജ് ഓഫിസിലും റവന്യു അധികൃതരെയും അറിയിച്ചിരുന്നു. ഇതനുസരിച്ച് വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് 2 അടി അകലം പാലിച്ചു മണ്ണെടുക്കാൻ അയൽവാസിക്ക് നിർദേശം നൽകി.
എന്നാൽ വില്ലേജ് ഓഫിസർ മടങ്ങിയ ശേഷം നിർദേശം ലംഘിച്ച് പല സ്ഥലങ്ങളിലായി കെട്ടിനോടു ചേർത്ത് മണ്ണിടിച്ചു നീക്കി. ഇതിനു പുറമേ, കെട്ടിനുള്ളിലേക്കു നീണ്ടുപോയിരുന്ന മരത്തിന്റെ വേരുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പറിച്ചു മാറ്റുകയും ചെയ്തു.
ഇതോടെ തൊട്ടടുത്ത ദിവസം തന്നെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം നിലം പതിച്ചു. ഇതു സംബന്ധിച്ച് വീട്ടുകാർ മുരിക്കാശേരി പൊലീസിലും, ഉപ്പുതോട് വില്ലേജിലും ഇടുക്കി താലൂക്ക് ഓഫിസിലും ജില്ലാ കലക്ടർക്കും പരാതി നൽകി. എന്നാൽ പരാതി നൽകിയ ശേഷം തിരികെ വീട്ടിൽ എത്തിയതോടെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ സംരക്ഷണ ഭിത്തിയുടെ ബാക്കി ഭാഗം കൂടി ഇടിഞ്ഞുവീണു.
ഇതോടെ വീട് ഏതുനിമിഷവും നിലം പതിക്കാമെന്ന അവസ്ഥയിലാണ്. മഴയുടെ തീവ്രത മൂലം ജില്ലാ ദുരന്ത നിവാരണ സമിതി മണ്ണെടുപ്പ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ദിവസങ്ങളിലാണ് അയൽവാസി നിയമം ലംഘിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തത് എന്നും വീട്ടുകാർ പറയുന്നു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീടും നിലംപതിക്കുമെന്ന ആശങ്കയിലാണ് വീട്ടുകാർ. അടിയന്തരമായി ജില്ലാ ഭരണകൂടവും അധികൃതരും ഇടപെടണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]