
മഴ പെയ്താൽ പിന്നെ ദേശീയ ജലപാത; വർഷങ്ങളായി ഇതാണു സ്ഥിതി, പരിഹാരമില്ല
ചാലക്കുടി ∙ മഴ പെയ്താൽ ദേശീയപാത 544ൽ പല ഭാഗത്തും വെള്ളം കയറും. വർഷങ്ങളായി ഇതാണു സ്ഥിതിയെങ്കിലും പരിഹാരമില്ല.
കോടതി ജംക്ഷനിലെ അടിപ്പാതയുടെ അനുബന്ധ റോഡ് അവസാനിക്കുന്ന ഭാഗത്ത് ക്രസന്റ് സ്കൂളിനു സമീപം ദേശീയപാതയിലെ വെള്ളക്കെട്ടിനു അടിപ്പാത നിർമാണത്തോളം പഴക്കമുണ്ട്. ഇതു പരിഹരിക്കാനാവശ്യപ്പെട്ടു ദേശീയപാത അതോറിറ്റിക്കു നിവേദനം സമർപ്പിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
മേൽപാതയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതയിൽ തന്നെ കെട്ടിക്കിടക്കുന്നതാണു പ്രശ്നം. മതിയായ ഡ്രെയ്നേജ് സൗകര്യം ഇല്ലാത്തതാണു കാരണം. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ വെള്ളം ചുറ്റിലും ചീറ്റിത്തെറിക്കും.
ഇതുവഴി പോകുന്ന ഇരുചക്ര വാഹന യാത്രികരും കാൽനടയാത്രികരും ഈ വെള്ളത്തിൽ ‘കുളിക്കേണ്ടി’ വരും. ഇങ്ങനെ വെള്ളം ചീറ്റിത്തെറിക്കുമ്പോൾ മുൻപിലുള്ള വാഹനം കാണാൻ പോലും സാധിക്കാത്ത സ്ഥിതിയുമുണ്ട്. മുരിങ്ങൂരിൽ ഡിവൈൻ നഗറിൽ അടിപ്പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഉറപ്പാണ്. നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല.
അടിപ്പാതയിലും വെള്ളക്കെട്ടുണ്ട്.കൊരട്ടി ജംക്ഷനിൽ ദേശീയപാതയിൽനിന്നു നാലുകെട്ട് റോഡിലേക്കു തിരിയുന്ന ഭാഗത്താണു വെള്ളക്കെട്ടിന്റെ ദുരിതം. ആയിരക്കണക്കിനു സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ കടന്നുപോകുന്ന പാതയാണിത്. ശക്തമായ മഴയുണ്ടായാൽ ഒരടിയിലേറെ വെള്ളം ഉയരും.
ദേശീയപാതയിലെ ഡ്രെയ്നേജ് സംവിധാനം താഴ്ന്ന ഭാഗങ്ങളിലേക്കു വെള്ളം വാർന്നു പോകാവുന്ന രീതിയിൽ ക്രമീകരിച്ചു വെള്ളക്കെട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]