
3.24 കോടി തട്ടിയെടുത്ത സംഭവം; പ്രതികളെക്കുറിച്ച് സൂചനയില്ല, അന്വേഷണത്തിന് 2 സംഘങ്ങൾ
ആലപ്പുഴ ∙ ദേശീയപാതയിൽ പാഴ്സൽ ലോറി തടഞ്ഞു കാറിലെത്തിയ സംഘം 3.24 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിൽ, സമാന കുറ്റകൃത്യങ്ങൾ മുൻപു ചെയ്തിട്ടുള്ളവരെയും നിരീക്ഷിക്കുന്നു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളില്ല.
ആലപ്പുഴ, മലപ്പുറം ജില്ലകളിൽ വാഹനം തടഞ്ഞു പണം തട്ടിയ കേസിലെ പ്രതികളെ കുറിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. രാമപുരത്തു പണം തട്ടിയ സംഘം എത്തിയ 2 കാറുകൾക്കായി തമിഴ്നാട്ടിൽ തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. രണ്ടു സ്ക്വാഡുകൾ രൂപീകരിച്ചാണ് ഇപ്പോൾ അന്വേഷണം.
വണ്ടി തടഞ്ഞു പണം തട്ടിയതിനു വിവിധ പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ എല്ലാ പ്രതികളെയും പറ്റി വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങി. ജയിലിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയവരെപ്പറ്റിയും അന്വേഷിക്കും. കായംകുളം ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം, കരീലക്കുളങ്ങര, ഹരിപ്പാട്, എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്.
സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നു പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. ദേശീയപാത നിർമാണം നടക്കുന്ന ഭാഗങ്ങളിൽ വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കാത്തതാണ് ഒരു തടസ്സം.
പാഴ്സൽ വാഹനങ്ങളിൽ മുൻപും കണക്കിൽപെടാത്ത പണം കടത്തിയിട്ടുണ്ടെന്ന സൂചനയെ തുടർന്നു ജിഎസ്ടി വകുപ്പ് ഇത്തരം വാഹനങ്ങളുടെ പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]