
ചെന്നൈയിലും ബെംഗളൂരൂവിലും പ്രാദേശിക ഭാഷയിൽ ബോർഡ്; മലയാളത്തെ ‘പറത്തി’ നെടുമ്പാശേരി വിമാനത്താവളം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ വിമാന സർവീസുകളുടെ വിവരങ്ങൾ നൽകുന്ന ഡിസ്പ്ലേ ബോർഡിൽ മലയാളത്തിന് ഇടം നൽകാതെ കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ). വിമാനയാത്രാ രംഗത്ത് കേരളത്തിന്റെ അഭിമാനമായി 25 വർഷം പിന്നിടുമ്പോഴും മലയാളത്തോട് മുഖം തിരിക്കുകയാണ് സിയാൽ. ഒരു കോടിയിലേറെ യാത്രക്കാരും വർധിച്ച ആഭ്യന്തര യാത്രക്കാരുമുണ്ടെങ്കിലും ബോർഡിങ് ഗേറ്റ്, സമയം എന്നിവ അറിയാനുള്ള ഡിസ്പ്ലേ ബോർഡിലും ബോർഡിങ് ഗേറ്റുകളിലെ മൈക്ക് അനൗൺസ്മെന്റിലും മാതൃഭാഷ ഉൾപ്പെടുത്തി യാത്രാ സൗഹൃദമാക്കാൻ അധികൃതരുടെ ഇടപെടലില്ല. മലയാളം മാത്രമല്ല രാജ്യത്ത് ഏറ്റവും അധികം പേർ സംസാരിക്കുന്ന ഹിന്ദിയും സിയാലിന്റെ ആഭ്യന്തര യാത്രാ ടെർമിനലിലെ ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് അപ്രത്യക്ഷമാണ്.
ബോർഡിങ് ഗേറ്റിലെ മൈക്ക് അനൗൺസ്മെന്റുകൾ പലപ്പോഴും വേഗത്തിലുള്ള ഇംഗ്ലിഷ് സംസാരമായതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നത് പതിവു കാഴ്ചയാണ്. രാജ്യത്തെ വിമാനത്താളങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിങ്ങനെ മൂന്നുഭാഷകളിലാണ് വിവരങ്ങൾ പ്രദർശിപ്പിക്കുന്നത്. ചെന്നൈ, െബംഗളൂരു, ഹൈദരാബാദ് എന്നീ ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിലെല്ലാം ബോർഡിങ് അനൗൺസ്മെന്റ് ഉൾപ്പെടെ െടർമിനലിലെ സേവനങ്ങളെല്ലാം പ്രാദേശിക ഭാഷയിൽ ലഭ്യമാണ്. കൊച്ചി വിമാനത്താവളത്തിൽ ഇംഗ്ലിഷിൽ മാത്രം വിവരങ്ങൾ നൽകുന്നത് മുതിർന്ന പൗരന്മാരും സാധാരണക്കാരും ഉൾപ്പെടെയുള്ള യാത്രക്കാരെ പലപ്പോഴും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. യാത്രക്കാർ ഏറെയും മലയാളികളാണു താനും.
അദാനി എയർപോർട്ട് ഹോൾഡിങ്സിനു കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകളിൽ ഡിസ്പ്ലേ ബോർഡുണ്ടെന്നും ഇവിടെ യാത്രക്കാരിൽ 30 ശതമാനത്തോളം പേർ തമിഴ്നാട്ടിൽ നിന്നുള്ളവർ ആയതിനാൽ മറ്റ് പ്രദർശന ബോർഡുകളിൽ തമിഴ് കൂടിയുണ്ടെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. അടുത്തിടെ ബെംഗളൂരു കെംപഗൗഡ വിമാനത്താളത്തില്‍ ഡിസ്പ്ലേ ബോര്‍ഡിൽ നിന്ന് ‘ഹിന്ദി’ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ മുൻകാലങ്ങളിൽ മലയാളത്തിൽ വിവരങ്ങൾ പ്രദർശിപ്പിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ‘‘ഡിസ്പ്ലേ ബോർഡിൽ കൂടുതൽ ഭാഷകൾ വരുന്നത് അസൗകര്യമായി തോന്നിയതിനാൽ മാറ്റിയതാണ്. ബോർഡിങ് പാസിലെ വിവരങ്ങൾ ഇംഗ്ലിഷിലായതിനാൽ ബോർഡിലും അതു വരുന്നത് സൗകര്യമാകുമെന്നു കണ്ടാണ് തീരുമാനമെടുത്തത്’’, അധികൃതർ പറഞ്ഞു.