
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് സ്വർണവിലയിൽ (Kerala Gold Price) വൻ ഇടിവ്. ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസവുമായി ഗ്രാമിന് (gold rate) ഇന്ന് 105 രൂപ കുറഞ്ഞ് വില 9,200 രൂപയും പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയുമായി.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവാരം രാജ്യാന്തരവില കുതിച്ചുയർന്നതോടെ കേരളത്തിൽ വില റെക്കോർഡിൽ എത്തിയിരുന്നു. ഇക്കഴിഞ്ഞ 14ന് സംസ്ഥാനത്ത് ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായിരുന്നു വില.
രാജ്യാന്തര വില ഇന്ന് ഔൺസിന് 3,402 ഡോളറിൽ നിന്ന് 3,378 ഡോളറിലേക്ക് വീഴുകയും ഡോളറിനെതിരെ രൂപ ഏറെ ദിവസത്തെ നഷ്ടയാത്രയ്ക്ക് ശേഷം ഇന്ന് 5 പൈസ ഉയർന്ന് 86.01ൽ വ്യാപാരം ആരംഭിച്ചതും കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു.
ലാഭമെടുപ്പ് തകൃതി, രാജ്യാന്തര വില വീണു
കഴിഞ്ഞ ദിവസങ്ങളിലെ വൻ മുന്നേറ്റം മുതലെടുത്ത് ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളിൽ ലാഭമെടുപ്പ് തകൃതിയായതാണ് രാജ്യാന്തര വിലയെ പിന്നോട്ട് നയിച്ചത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ പലിശനയത്തിലേക്കാണ് ഇപ്പോൾ വിപണിയുടെ ശ്രദ്ധ. കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നാളെ പണനയ നിർണയ യോഗം ചേരും. അടിസ്ഥാന പലിശനിരക്ക് ഉടനടി കുറയ്ക്കാൻ സാധ്യത വിരളമെങ്കിലും ഈ വർഷാന്ത്യത്തോടെ കുറയ്ക്കുന്നത് സംബന്ധിച്ച സൂചന യുഎസ് ഫെഡ് നൽകിയേക്കും.
യുഎസിൽ പണപ്പെരുപ്പം കുറഞ്ഞത് പലിശയിറക്കിനുള്ള അനുകൂല ഘടകമായിരുന്നെങ്കിലും നിലവിൽ ഇറാൻ-ഇസ്രയേൽ സംഘർഷം രാജ്യാന്തര വ്യാപാര, വ്യവസായ മേഖലകൾക്കുമേൽ കരിനീഴൽ വീഴ്ത്തുന്നത് പണപ്പെരുപ്പം വീണ്ടും കൂടാനിടയാക്കിയേക്കുമെന്ന വിലയരുത്തലുണ്ട്. അങ്ങനെയെങ്കിൽ പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം യുഎസ് ഫെഡ് വൈകിപ്പിക്കും.
പലിശ കുറഞ്ഞാൽ ആനുപാതികമായി യുഎസ് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) എന്നിവ കുറയും. ഇത് സ്വർണത്തിനാണ് നേട്ടമാവുക. എന്നാൽ, നിലവിൽ പലിശ കുറയാൻ സാധ്യത മങ്ങിയതോടെയാണ് ലാഭമെടുപ്പ് സമ്മർദമുണ്ടായത്.
18 കാരറ്റും കേരളത്തിൽ സ്വർണത്തിന്റെ വാങ്ങൽ വിലയും
18 കാരറ്റ് സ്വർണവില ഇന്ന് കേരളത്തിൽ ചില കടകളിൽ ഗ്രാമിന് 85 രൂപ കുറഞ്ഞ് 7,575 രൂപയായപ്പോൾ മറ്റു ചിലകടകളിൽ വില ഗ്രാമിന് 85 രൂപ കുറഞ്ഞ് 7,550 രൂപയാണ്. വെള്ളിക്കും കേരളത്തിൽ വ്യത്യസ്ത വില തുടരുന്നു. ചില കടകളിൽ ഗ്രാമിന് മാറ്റമില്ലാതെ 118 രൂപ. മറ്റു കടകളിൽ 115 രൂപ.
സ്വർണവില കുറഞ്ഞതോടെ ആഭരണങ്ങളുടെ നികുതിയടക്കമുള്ള വാങ്ങൽവിലയും കുറഞ്ഞത് ഉപഭോക്താക്കൾക്ക് ‘താൽകാലിക’ ആശ്വാസമാണ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവില്ലെങ്കിൽ സ്വർണത്തിനു വീണ്ടും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുകയും ഡിമാൻഡ് കൂടുകയും വില കുതിക്കുകയും ചെയ്യും.
ഇന്ന് കേരളത്തിൽ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേരുമ്പോേൾ ഒരു പവൻ ആഭരണത്തിന് വാങ്ങൽ വില 79,653 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,957 രൂപയും. റെക്കോർഡ് വിലയായിരുന്ന കഴിഞ്ഞ ശനിയാഴ്ച വാങ്ങൽവില പവന് 80,000 രൂപയ്ക്കും ഗ്രാമിന് 10,000 രൂപയ്ക്കും മുകളിലായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: