
ഒരു കാലത്ത് കുറുക്കൻ, കാട്ടുപന്നി, പാമ്പ് എന്നിവ കണ്ണൂർ എയർപോർട്ട് റൺവേയിൽ, ഇന്ന് എല്ലാം ഔട്ട്…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മട്ടന്നൂർ ∙ വിമാന സർവീസുകളെ ബാധിക്കുന്ന പക്ഷിശല്യമൊഴിവാക്കാൻ വിമാനത്താവള അധികൃതർ നടപ്പാക്കിയ മാലിന്യസംസ്കരണ ബോധവൽക്കരണം പൂർണവിജയം. മാലിന്യം തള്ളുന്നതിനെതിരെ 10 കിലോമീറ്റർ ചുറ്റളവിൽ നടത്തിയ ബോധവൽക്കരണം വിജയിച്ചതോടെ വിമാനത്താവളത്തിലെ പക്ഷിശല്യത്തിൽ കുറവ്. മുൻപ്, കണ്ണൂർ രാജ്യാന്തര വിമാനത്താവള പരിസരത്തു പക്ഷിശല്യം രൂക്ഷമായിരുന്നു. മയിലുകളും കാക്കയും പ്രാവുകളും കൂട്ടത്തോടെയെത്തുന്ന സ്ഥിതി.
കുറുക്കൻ, മയിൽ, കാട്ടുപന്നി, മുള്ളൻപന്നി, പാമ്പ്, എലി, പക്ഷികൾ തുടങ്ങിയവയെല്ലാം ഒരു സമയത്ത് റൺവേയിലും പരിസരപ്രദേശങ്ങളിലും എത്തിയിരുന്നു. വിമാനത്താവളം തുടങ്ങിയതുമുതൽ റൺവേയിലെ കുറുക്കന്റെ ശല്യവും പക്ഷികളും വിമാനയാത്രയെ തടസ്സപ്പെടുത്തിയിരുന്നു. ഇത്തരം ജീവികളുടെ സാന്നിധ്യമൊഴിവാക്കാൻ വിമാനത്താവളത്തിൽ എല്ലാ മൂന്നുമാസം കൂടുമ്പോഴും എയ്റോഡ്രോം എൻവയൺമെന്റ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരും.
രാജ്യാന്തര വിമാനത്താവളം, പൊലീസ്, മട്ടന്നൂർ നഗരസഭ, കീഴല്ലൂർ പഞ്ചായത്ത്, വനംവകുപ്പ്, ജില്ലാ മെഡിക്കൽ ഓഫിസ്, ജലസേചന വകുപ്പ്, കണ്ണൂർ വിമാനത്താവളത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകൾ, നഗരസഭ എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരാണു കമ്മിറ്റിയിലുള്ളത്. കൃത്യമായ ഇടവേളകളിൽ വിമാനത്താവളത്തിനകവും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും.
വിമാനത്താവളത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള മാലിന്യ സംസ്കരണ നടപടികൾ കമ്മിറ്റി വിലയിരുത്തും. യോഗം ചേരുന്നതിനു മുൻപു മട്ടന്നൂർ നഗരസഭയിലും കീഴല്ലൂർ പഞ്ചായത്തിലും സമിതിയംഗങ്ങൾ പരിശോധന നടത്തും. വന്യജീവികളെയും പക്ഷികളെയും ആകർഷിക്കുന്ന ഉറവിടങ്ങൾ, അശാസ്ത്രീയമായ മാലിന്യംതള്ളൽ, അനധികൃത അറവുശാലകൾ കണ്ടെത്തുകയാണു പരിശോധനയുടെ ലക്ഷ്യം. എയ്റോഡ്രോം റഫറൻസ് പോയിന്റിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ അനധികൃത അറവുശാലകൾ നടത്തുകയോ മാലിന്യങ്ങൾ തള്ളുകയോ ചെയ്യരുത്. നിയമം ലംഘിക്കുന്നവർക്ക് 3 വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ഇതു രണ്ടുമോ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
കുറുക്കൻ
വിമാനത്താവളത്തിന്റെ തുടക്കത്തിലാണു കുറുക്കൻ റൺവേയിൽ കയറിയത്. റൺവേയിൽനിന്നു വെള്ളം പുറത്തേക്കൊഴുക്കുന്ന ഓവുചാൽ വഴിയാണ് കുറുക്കൻ കയറിയിരുന്നത്. ആ വഴി അടച്ചതോടെ കുറുക്കന്റെ കയറുന്നത് ഒഴിവായി. നായകളും പന്നികളും മുള്ളൻപന്നിയുമൊക്കെ കയറിയിരുന്നതും ഇതേവഴിയിലൂടെയാണ്.
മയിൽ
കഴിഞ്ഞവർഷമാണു വിമാനത്താവളത്തിൽ മയിലുകളെത്തിയത്. വിമാന സർവീസുകളെ ബാധിക്കുന്ന വിധത്തിലായപ്പോൾ, എയർലൈനുകളുടെ പരാതിയെത്തുടർന്ന് കിയാൽ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആദ്യഘട്ടത്തിൽ വിമാനത്താവള പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശം നൽകി. വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി മയിൽശല്യത്തെക്കുറിച്ചു പഠനം നടത്തി. തുടർന്നു റൺവേ പരിസരത്തെ മരങ്ങൾ മുറിച്ചു മാറ്റുക കൂടിയ ചെയ്തപ്പോൾ മയിൽശല്യം കുറഞ്ഞു.
പക്ഷികൾ
പക്ഷികൾ കൂട്ടത്തോടെ പറന്നുവരാൻ തുടങ്ങിയതോടെ പടക്കം പൊട്ടിച്ച് ഓടിക്കാൻ തുടങ്ങി. അതിനായി 24 മണിക്കൂറും റൺവേ പരിസരത്തു ജീവനക്കാരുണ്ട്. നിശ്ചിത മണിക്കൂറിൽ റൺവേ നിരീക്ഷണവും നടത്തും. വിമാനത്താവള ചുറ്റുമതിലിനു സമീപത്തെ മാലിന്യംതള്ളൽ കുറഞ്ഞതോടെ ജീവികളും പക്ഷികളും ഇവിടേക്ക് എത്തുന്നത് ഒരുപരിധി വരെ കുറഞ്ഞിട്ടുണ്ട്.
തെരുവുനായ ശല്യവും പുലിയെന്ന അഭ്യൂഹവും
ചെറിയ ചെറിയ ഇടവേളകളിൽ വിമാനത്താവള പരിസരത്തു തെരുവുനായശല്യം രൂക്ഷമാണ്. പലപ്പോഴും ഇവയ്ക്കു കഴിക്കാൻ ഭക്ഷണം കിട്ടുന്നതാണു നായ്ക്കളെ ആകർഷിക്കുന്നത്. വിമാനത്താവളത്തിന്റെ മൂന്നാം ഗേറ്റിനു സമീപം പുലിയെന്നു കരുതുന്ന ജീവിയെ കഴിഞ്ഞ വർഷം കണ്ടിരുന്നു. ഇതിനു സമീപത്തു നായയുടെ അവശിഷ്ടവും കണ്ടെത്തിയിരുന്നു.