
1966ലെ വിമാനാപകടം: ഗോപിനാഥ് തിരിച്ചെത്തി; ഇന്നും തിരിച്ചെത്താതെ തങ്കച്ചൻ; അന്ന് മരിച്ചത് 117 പേർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിമാനം ചതുപ്പിൽ ഇടിച്ചിറക്കി; രക്ഷപ്പെട്ടത് പ്രധാനമന്ത്രി മൊറാർജിയും സംഘവും: 48 വർഷം മുൻപുള്ള സംഭവം
കോട്ടയം ∙ ‘പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ സീറ്റ്ബെൽറ്റ് മുറുക്കി വിമാനത്തിന്റെ ലാൻഡിങ്ങിനായി കാത്തിരുന്നു. മോശമായ കാലാവസ്ഥ. ചുഴലിക്കാറ്റിൽ ഒരു മരച്ചില്ല വിമാനത്തിന്റെ ചിറകിൽ വന്നിടിച്ചു. തീപ്പൊരി ചിതറി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി അടുത്തുള്ള ചതുപ്പ് നിലത്തിലേക്ക് വിമാനം ഇടിച്ചിറക്കി. 2 പൈലറ്റുമാരും 3 ക്രൂ അംഗങ്ങളും മരിച്ചു. പൈലറ്റുമാരിൽ ഒരാൾ എന്റെ ഡാഡിയായിരുന്നു. രക്ഷപ്പെടുത്തിയത് പ്രധാനമന്ത്രി മൊറാർജി ദേശായിയെയും സംഘത്തെയും’ – 48 വർഷം മുൻപുള്ള വിമാനാപകടത്തിന്റെ കഥ ഓർത്തെടുക്കുകയാണ് കൊച്ചി കടവന്ത്ര പ്ലാവേലിൽ രൂപാ ഏബ്രഹാം.
1977 നവംബർ നാലിന് അസമിലെ ജോർഹാട്ട് എയർപോട്ടിനു സമീപമായിരുന്നു ദുരന്തം. രൂപയ്ക്ക് അന്ന് 5 വയസ്സ്. പിതാവ് മാത്യു സിറിയക് സ്ക്വാഡ്രൺ ലീഡറായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ പൈലറ്റായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു മാത്യു സിറിയക്. ന്യൂഡൽഹി പാലം വിമാനത്താവളത്തിൽ നിന്നു വൈകിട്ട് അഞ്ചോടെയാണ് പ്രധാനമന്ത്രി മൊറാർജി ദേശായിയെയും കൊണ്ടു വിമാനം പറന്നുയർന്നത്. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു യാത്ര. കാലാവസ്ഥ മോശമാണെന്ന മുന്നറിയിപ്പുണ്ടായിട്ടും വിമാനം പറത്താൻ തീരുമാനിക്കുകയായിരുന്നു.
വിങ് കമാൻഡർ ക്ലാരൻസ് ജോസഫ് ഡി ലിമയോടൊപ്പം സഹപൈലറ്റായിരുന്നു സിറിയക് മാത്യു. മൊറാർജി ദേശായിയോടൊപ്പം മകൻ കാന്തിലാൽ ദേശായി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ ജോൺ ലോബോ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പി.കെ. തുങ്കോൺ, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ എം.എൻ.ജയ്ക്, നാഷനൽ പീപ്പിൾസ് കമ്മിറ്റി ജനറൽ സെക്രട്ടറി നാരായണ ദേശായി തുടങ്ങിയവരും ഉണ്ടായിരുന്നു.
ഏഴ് മണിയോടെയാണ് വിമാനം ജോർഹാട്ട് എയർപോട്ടിൽ എത്തിയത്. കുറവിലങ്ങാട് കാപ്പുംന്തല വടക്കേക്കരയിൽ മുൻ ഗവൺമെന്റ് സെക്രട്ടറി പരേതനായ വി.ജി.സിറിയക്കിന്റെയും ചങ്ങനാശേരി തോട്ടാശേരി പരേതയായ തങ്കമ്മ സിറിയക്കിന്റെയും മകനാണ് മാത്യു. ഭാര്യ: പുളിങ്കുന്ന് പരുത്തിയ്ക്കൽ കാതറീൻ തോമസ്. ഏക മകൾ രൂപ അധ്യാപികയാണ്.
1973ൽ വിമാനാപകടത്തിൽ മരണം: ദേവകി ഗോപിദാസിന്റെ സ്മരണയിൽ ജന്മനാട്
കോട്ടയം ∙ ഡൽഹിക്കു സമീപം 52 വർഷം മുൻപ് വിമാനാപകടത്തിൽ മരിച്ച കാരാപ്പുഴ അമ്പലക്കടവ് അരങ്ങശേരിൽ ദേവകി ഗോപിദാസിന്റെ ഓർമയിൽ വീണ്ടും നാട്. തിരു-കൊച്ചി നിയമസഭയിൽ കോട്ടയം മണ്ഡലത്തിന്റെ പ്രഥമ എംഎൽഎയും (1948– 54) രാജ്യസഭാ എംപിയുമായിരുന്നു (1962– 68) ദേവകി. 1973 മേയ് 31ന് ഡൽഹിക്കു സമീപമുണ്ടായ വിമാനാപകടത്തിലാണു മരിച്ചത്.
കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ള ന്യൂനപക്ഷ കമ്മിഷണർ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് അപകടത്തിൽ മരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈ വഴി ഡൽഹിയിലേക്കു പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കേന്ദ്രമന്ത്രി മോഹൻ കുമാരമംഗലം ഉൾപ്പെടെ 48 പേർ അന്നത്തെ ദുരന്തത്തിൽ മരിച്ചു.
ആർ.ശങ്കർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായിരിക്കെ യോഗം ഡയറക്ടറായും ദേവകി പ്രവർത്തിച്ചിരുന്നു. 1918 ഡിസംബർ 4നു കള്ളിക്കാട്ട് പറമ്പിൽ, കാരാപ്പുഴ അരങ്ങശേരി കുടുംബത്തിൽ നാരായണപ്പണിക്കരുടെയും നാരായണി അമ്മയുടെയും മകളായി ജനനം. നിയമ ബിരുദധാരിയായ അവർ 1947 മുതൽ കോട്ടയം, ആലപ്പുഴ ജില്ലാ കോടതികളിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു
. ഭർത്താവ്: ബിസിനസുകാരനായിരുന്ന പരേതനായ വേഴപ്ര ആശാരിപറമ്പിൽ ഗോപിദാസ്. മക്കൾ: ഡോ. പുഷ്പലത കൃഷ്ണൻ കുട്ടി, ഡോ.പ്രിയദർശിനി ശശിധരൻ, ഡോ. മൻമോഹൻ ദാസ്, പരേതരായ ഗോകുൽ ദാസ്, ഡോ.വിജയ മോഹൻദാസ്.എസ്എൻവി സദനത്തിന്റെ സ്ഥാപക പ്രസിഡന്റു കൂടിയായ ദേവകി ഗോപിദാസിന് ഉചിതമായ സ്മാരകം നിർമിക്കുന്നതിനുള്ള ആലോചനകൾ നടന്നുവരികയാണെന്നു സദനം പ്രസിഡന്റ് സി.ജി. സേതുലക്ഷ്മി, സെക്രട്ടറി കെ.എം. ശോഭനാമ്മ എന്നിവർ പറഞ്ഞു.
1966ലെ വിമാനാപകടത്തിൽ മരിച്ചത് 117 പേർ; ഗോപിനാഥ് തിരിച്ചെത്തി; ഇന്നും തിരിച്ചെത്താതെ തങ്കച്ചൻ
കോട്ടയം ∙ ഗോപിനാഥ് തിരിച്ചെത്തിയ അന്നു തുടങ്ങിയതാണ് തങ്കച്ചനുവേണ്ടിയുള്ള കാത്തിരിപ്പ്. 1966 ജനുവരി 24ന് ആൽപ്സ് പർവതനിരയിലെ മോബ്ലാ പ്രദേശത്ത് കാഞ്ചൻജംഗ ബോയിങ് 707 എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയുണ്ടായ അപകടത്തിലാണ് നെടുങ്ങാടപ്പള്ളി ശാന്തിപുരം കോഴികുന്നത്ത് തങ്കച്ചനെ (കെ.ജി.ജോൺ– 29) കാണാതായത്.
മദ്രാസ് സൗത്ത് ഇന്ത്യ ഷിപ്പിങ് കോർപറേഷനിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു.ജർമനിയിൽ നിന്ന് കപ്പൽ കൊണ്ടുവരാനായി വിമാനത്തിൽ പുറപ്പെട്ട സംഘത്തിൽ 11 മലയാളികളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവും വിശ്രുത ശാസ്ത്രജ്ഞനുമായ ഹോമി ജെ. ഭാഭയടക്കം ആ വിമാനത്തിലുണ്ടായിരുന്ന 117 പേരും മരിച്ചെന്ന് അധികൃതർ സ്ഥിരീകരിച്ചു.
തങ്കച്ചന് ഒപ്പമുണ്ടായിരുന്ന കുടമാളൂർ സ്വദേശി കെ.ജി.ഗോപിനാഥിന്റെ വീട്ടിലും എയർ ഇന്ത്യയുടെ ടെലിഗ്രാം സന്ദേശമെത്തി. അപകടത്തിന്റെ പിറ്റേന്ന് പത്രങ്ങളിലും ഗോപിനാഥിന്റെ ചിത്രമടക്കം മരിച്ചതായി വാർത്ത വന്നു. പിന്നീട് എയർ ഇന്ത്യയുടെ മറ്റൊരു ടെലിഗ്രാം സന്ദേശമെത്തി– ‘ഗോപിനാഥ് വിമാനത്തിൽ കയറിയിട്ടില്ല, തെറ്റുപറ്റിയതിൽ ഖേദിക്കുന്നു’. ഒരാഴ്ച കഴിഞ്ഞപ്പോൾ ഗോപിനാഥ് വീട്ടിലെത്തി.
യാത്രക്കാരുടെ ശരീരഭാഗങ്ങളും സാധനങ്ങളും പലപ്പോഴായി ആൽപ്സിലെ മഞ്ഞിൽനിന്ന് നിന്ന് തിരച്ചിലിൽ ലഭിച്ചെങ്കിലും തങ്കച്ചന്റേതായി ഒന്നും കിട്ടാതിരുന്നതാണ് കുടുംബത്തിന്റെ പ്രതീക്ഷകൾ 59 വർഷങ്ങൾക്കിപ്പുറവും നിലനിർത്തുന്നത്. അപകടത്തിൽപ്പെടുമ്പോൾ 29 വയസ്സായിരുന്നു. നെടുങ്ങാടപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഹാളിന് തങ്കച്ചന്റെ പേരാണ് നൽകിയിരിക്കുന്നത്.
ഹോമി ജെ. ഭാഭയെ വധിക്കാൻ യുഎസ് ചാരസംഘടന സിഐഎ പദ്ധതിയിട്ട അപകടമാണിതെന്ന് അന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ, മോബ്ലാ പിന്നിട്ടുവെന്ന തെറ്റിദ്ധാരണയിൽ ജനീവയിൽ ഇറങ്ങാൻ ശ്രമിച്ച പൈലറ്റിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.