ഭാര്യയുമായി വഴക്കിട്ട യുവാവ് 4 മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
ഫരീദാബാദ് ∙ ഭാര്യയുമായി വഴക്കിട്ട
ശേഷം 4 മക്കളുമായി യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ബിഹാർ സ്വദേശി മനോജ് മഹാതോ (45), മക്കളായ പവൻ (10), കാരു (9), മുരളി (5), ചോട്ടു (3) എന്നിവരാണു മരിച്ചത്.
Also Read
ഭാര്യ പ്രീതിയുമായുള്ള വഴക്കിനൊടുവിൽ പാർക്കിൽ പോകുന്നെന്നു പറഞ്ഞാണ് മനോജ് കുട്ടികളുമായി വീട്ടിൽ നിന്നിറങ്ങിയതെന്നു പൊലീസ് അറിയിച്ചു. എന്നാൽ, പാർക്കിലേക്കു പോകുന്നതിനു പകരം തൊട്ടടുത്തുള്ള റെയിൽപാതയിലേക്കാണു നടന്നത്.
അതിനിടെ, കുട്ടികൾക്ക് ചിപ്സും ജ്യൂസും വാങ്ങിക്കൊടുത്തിരുന്നെന്നു പരിസരവാസികൾ പൊലീസിനെ അറിയിച്ചു. റെയിൽപാതയ്ക്കു സമീപത്തെ മേൽപാലത്തിൽ മക്കളുമായി ഒരുമണിക്കൂറോളം മനോജ് കാത്തിരുന്നെന്നാണു പൊലീസിനു ലഭിച്ച വിവരം.
ട്രെയിൻ വരുന്നതു കണ്ടതും മനോജ് ചെറിയ കുട്ടികളെ തോളിലിരുത്തി, മറ്റു രണ്ടുപേരെ ബലമായി ചേർത്ത് പിടിച്ച് പാളത്തിനു നടുവിൽ കയറി നിന്നു. പാളത്തിൽ നിന്നിറങ്ങാൻ ഗോൾഡൻ ടെംപിൾ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് മുന്നറിയിപ്പു നൽകിയെങ്കിലും മനോജ് കൂട്ടാക്കിയില്ലെന്നു റെയിൽവേ പൊലീസ് പറഞ്ഞു.
തൊട്ടുപിന്നാലെ ട്രെയിൻ 5 പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ 200 മീറ്റർ അകലേക്കു വരെ തെറിച്ചുവീണെന്ന് ഫരീദാബാദ് ഗവൺമെന്റ് റെയിൽവേ പൊലീസ് എസ്എച്ച്ഒ ഇൻസ്പെക്ടർ രാജ് പാൽ പറഞ്ഞു.
Also Read
മനോജിന്റെ മൃതദേഹത്തിൽനിന്ന് ആധാർ കാർഡും ഭാര്യയുടെ ഫോൺ നമ്പർ എഴുതിയ കടലാസും ലഭിച്ചതോടെയാണു തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സംശയത്തിന്റെ പേരിലാണ് ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നതെന്നും സ്ഥലത്തെത്തിയ പിന്നാലെ കുഴഞ്ഞുവീണ പ്രീതിയെ ആശുപത്രിയിലാക്കിയെന്നും പൊലീസ് പറഞ്ഞു.
റെയിൽപാതയോട് ചേർന്ന് സുഭാഷ് കോളനിയിലാണ് ഇവർ താമസിച്ചിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

