
എൻസി കനാലിൽ മീനുകൾ ചത്ത സംഭവം: കാരണം ദുരൂഹം; ചത്ത മീനിന്റെ ഫൊറൻസിക് പരിശോധന നടത്തിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര∙ നടക്കുതാഴ – ചോറോട് കനാലിൽ (എൻസി കനാൽ) മീനുകൾ ചത്തു പൊങ്ങിയതിന്റെ കാരണം ദുരൂഹം. പഞ്ചായത്ത് നടത്തിയ ജല പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ ചെറിയ അംശം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. ഇത് കൊണ്ടു മാത്രം മീനുകൾ ചാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ചത്ത മീനിന്റെ ഫൊറൻസിക് പരിശോധന നടത്തിയേക്കും. കനാലിലെ വെള്ളത്തിന് നിറ വ്യത്യാസവും ദുർഗന്ധവും വന്ന ശേഷം മീനുകൾ ചത്തു പൊങ്ങിയതിനെ തുടർന്നാണ് നാട്ടുകാർ പരാതിയുമായി എത്തിയത്. തുടർന്ന് പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ ശേഖരിച്ച കനാൽ ജലം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
കെ.കെ.രമ എംഎൽഎ കത്തയച്ചു
കനാലിലെ വിഷ മാലിന്യം കണ്ടെത്താൻ വിദഗ്ധ പഠന സംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ട് കെ.കെ.രമ എംഎൽഎ മുഖ്യമന്ത്രിക്ക് കത്തയച്ചു. വടകര നഗരസഭയിലും ചോറോട് പഞ്ചായത്തിലുമായി കടന്നു പോകുന്ന കനാലിൽ വിഷം കലർത്തുന്നുവെന്ന പരാതിയുള്ള സാഹചര്യത്തിലാണ് നിറ വ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടതിനു പുറമേ മീനുകൾ ചത്തു പൊങ്ങിയത്. മത്സ്യബന്ധനത്തിനു പുറമേ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന വെള്ളമാണ് മലിനമായത്. വെള്ളം മോശമായതോടെ കനാൽ കരയിലെ കൃഷിയും വേണ്ടെന്നു വച്ചിരിക്കുകയാണ്. സമീപത്തെ കിണറുകളിലും ഇതിന്റെ അംശം കലരുമെന്ന ഭീതി അകറ്റാൻ ഭൂഗർഭ ജലം , ഭക്ഷ്യ സുരക്ഷ, കൃഷി, ആരോഗ്യം എന്നീ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയ പഠന സംഘത്തെ അയയ്ക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.