
കെട്ടിടമായി, മതിൽ ഇല്ല; പുറമറ്റം വില്ലേജ് ഓഫിസ് ഉദ്ഘാടനം നീളുന്നു മതിലില്ലാതെ കെട്ടിടം ഉദ്ഘാടനവുമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുറമറ്റം ∙ വില്ലേജ് ഓഫിസ് “സ്മാർട്ടാകാൻ” ഇനിയും കാത്തിരിക്കണം. ചുറ്റുമതിൽ നിർമാണം മാത്രം ശേഷിക്കെ പ്രവർത്തനസജ്ജമാക്കാൻ കഴിയാതെ പുതിയ കെട്ടിടം.പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയിട്ട് 2 വർഷത്തിലേറെയായി. പണികൾ നിലച്ചും ഇടയ്ക്കിടയ്ക്ക് നടത്തിയും കെട്ടിടം പൂർത്തിയായെങ്കിലും ചുറ്റുമതിൽ നിർമാണം നടത്തിയാൽ മാത്രമേ ഓഫിസ് പ്രവർത്തിക്കുന്നതിനു കഴിയുകയുള്ളൂ. വൈദ്യുതീകരണവും പ്ലമിങ് പ്രവൃത്തികളും പെയിന്റിങ്ങും ഉൾപ്പെടെയുള്ള പണികളെല്ലാം പൂർത്തീകരിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു.
പ്രവൃത്തികളൊന്നും നടത്താതിരിക്കുന്നതിനാൽ കെട്ടിടത്തിന്റെ പരിസരങ്ങളിൽ കാട് വളർന്നു. ദിവസങ്ങൾ കഴിഞ്ഞാൽ കെട്ടിടത്തിലേക്കും വള്ളിപ്പടർപ്പുകൾ വളരും.ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാൽ പെയിന്റിങ് വൃത്തികേടാകാം. പുതിയ കെട്ടിടം നിർമിക്കുന്നതിനായി 2 വർഷം മുൻപ് പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തുള്ള ഇടുങ്ങിയ മുറിയിലേക്കു വില്ലേജ് ഓഫിസിന്റെ പ്രവർത്തനം മാറ്റിയിരുന്നു. ഇവിടെ അസൗകര്യങ്ങൾ ഏറെയുള്ളതിനാൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടേറെയാണ്.
പുറമറ്റം സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടനിർമാണം തുടങ്ങി മാസങ്ങൾക്കുശേഷം പണികൾ ആരംഭിച്ച കുന്നന്താനം സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്തിരുന്നു. പുതിയതായി കെട്ടിടം നിർമാണം പൂർത്തിയാക്കിയ എഴുമറ്റൂർ, കോട്ടാങ്ങൽ വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനവും ഈ മാസം തന്നെ നടത്തുന്നതിനുള്ള തയാറെടുപ്പിലുമാണ് അധികൃതർ. പുറമറ്റം സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കാൻ നടപടിയെടുക്കണമെന്നാണു വില്ലേജ് നിവാസികളുടെ ആവശ്യം.