
വന്യം, ഈ വാചകക്കസർത്ത്; താങ്ങാൻ നിലമ്പൂരിനു വയ്യ! മലപ്പുറം ∙ കേരളത്തിൽ വന്യമൃഗശല്യവും അതുമൂലമുള്ള ദുരന്തങ്ങളും കണ്ടുപിടിക്കപ്പെട്ടത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട
ശേഷമാണോ? നിലമ്പൂരിൽ പ്രചാരണത്തിനെത്തിയ എല്ലാ മുന്നണി നേതാക്കളുടെയും പ്രസംഗങ്ങൾ കേട്ടാൽ അങ്ങനെയാണു തോന്നുക. വേട്ടക്കെണിയിൽ കുടുങ്ങി വഴിക്കടവ് സ്വദേശിയായ വിദ്യാർഥി മരിച്ചതോടെ ‘ വന്യമൃഗശല്യം ’ എന്ന വിഷയത്തിൽ സ്വന്തം വാദമുഖങ്ങൾ നിരത്തി തടിതപ്പാനാണ് എല്ലാ മുന്നണികളുടെയും ശ്രമം.
ചിലർ കെഎസ്ഇബി ഓഫിസിലേക്കു മാർച്ച് നടത്തുന്നു. ചിലർ പഞ്ചായത്തിലേക്ക്, ചിലർ വനംവകുപ്പ് ഓഫിസിലേക്ക്.
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് ചുങ്കത്തറയിലെ പര്യടനത്തിനിടെ.
കാട്ടാനയും കടുവയുമടക്കമുള്ള വന്യജീവികൾ മാത്രമേ ഈ വിഷയത്തിൽ സ്വന്തം ന്യായം പറഞ്ഞ് ഇനി മാർച്ച് നടത്താൻ ബാക്കിയുള്ളൂ. ‘എന്തു പ്രഹസനമാണ് നേതാവേ’ എന്നു നാട്ടുകാർ ചോദിച്ചാൽ അവരെ തെറ്റുപറയാൻ പറ്റില്ല.
പരസ്പരം പഴിചാരി വോട്ട് പെട്ടിയിലാക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് അറിയാത്തവരായി കാട്ടുപോത്തുകൾ മാത്രമേ ഉണ്ടാകൂ. നാട്ടുകാർക്കെല്ലാം അറിയാം. അതിനാൽ വന്യമൃഗശല്യത്തിൽ വാ തുറക്കും മുൻപ് നേതാക്കൾ ഒന്നോർത്താൽ നന്ന്.
‘നാട്ടുകാർ മണ്ടന്മാരല്ല.’
നിലമ്പൂർ മുക്കട്ട അയ്യാർപൊയിൽ ഭാഗങ്ങളിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനൊപ്പം എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് ഭവനസന്ദർശനം നടത്തി വോട്ട് അഭ്യർഥിക്കുന്നു.
2020– 21 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ, നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 25 പേരാണ്.
ഇതിൽ 6 പേരുടെ ജീവനെടുത്തതു കാട്ടാന, അഞ്ചുപേരെ കൊന്നതു കാട്ടുപന്നി. നിലമ്പൂർ സൗത്ത് ഡിവിഷനിൽ 2021 മുതലുള്ള കണക്കെടുത്താൽ കൊല്ലപ്പെട്ടത് 21 പേർ. കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർ മരിച്ചു.
കാട്ടുപോത്ത് രണ്ടുപേരുടെയും കാട്ടുപന്നി രണ്ടുപേരുടെയും കടുവ ഒരാളുടെയും ജീവനെടുത്തു. ഏകദേശം 5 വർഷ കാലയളവിൽ ഈ രണ്ടു ഡിവിഷനുകളിലുമായി 46 പേരുടെ ജീവൻ കാട്ടുമൃഗങ്ങൾ കൊണ്ടുപോയി.
ഈ യാഥാർഥ്യം നിലനിൽക്കെയാണു പൊള്ളയായ വാഗ്ദാനങ്ങളും പഴിചാരലുകളുമായി പാർട്ടികൾ വോട്ട് അനുകൂലമാക്കിയെടുക്കാൻ ശ്രമിക്കുന്നത്. ‘വന്യമൃഗ പ്രശ്നത്തിൽ ഇത്രയും കാലം മറ്റു പാർട്ടികളെല്ലാം നിങ്ങളെ വഞ്ചിക്കുകയായിരുന്നു.
ഇനി നിങ്ങളെ വഞ്ചിക്കാനുള്ള അവസരം ഞങ്ങൾക്കു തരണം’ എന്നല്ലേ ഓരോ രാഷ്ട്രീയ പാർട്ടിയും നിലമ്പൂരിൽ പറയുന്നതെന്നു ജനം ചിന്തിച്ചു തുടങ്ങിയാൽ പിന്നെ രക്ഷയില്ല. നഷ്ടം പറ്റിയ ശേഷമുള്ള നഷ്ടപരിഹാരമല്ല ഇവിടെ ആവശ്യം. നഷ്ടം വരാതെ നോക്കുന്ന സ്ഥായിയായ പരിഹാരമാണ്.
നിലമ്പൂരിൽ ജീവിതം കടുവ പിടിക്കുന്നതുവരെയോ കാട്ടാന പാഞ്ഞടുക്കുന്നതുവരെയോ ആകരുത്. അതു നൽകാനാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വാഗ്ദാനം നൽകുക.
അല്ലെങ്കിൽ അതിനു മുതിരാതിരിക്കുക. ആവശ്യത്തിനു ദുരിതം വന്യമൃഗങ്ങൾ തന്നെ നൽകുന്നുണ്ട്. ഇനിയീ വാചകമടി ദുരിതം കൂടി താങ്ങാൻ വയ്യ.
വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ
നിലമ്പൂർ നോർത്ത് ഡിവിഷൻ
2020– 21– 5
2021–22– 4
2022–23– 5
2023–24– 4
2024–25– 6
2025–26– 1
നിലമ്പൂർ സൗത്ത് ഡിവിഷൻ
2021– 4
2022– 3
2023– 3
2024– 3
2025– 8
∙ വിവരങ്ങൾക്കു കടപ്പാട്: വനംവകുപ്പ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]