
മാൻകുത്തിമേട് ഭൂമികയ്യേറ്റം: കാരവൻ പാർക്ക് ഉടമയ്ക്കെതിരെ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജകുമാരി∙ ചതുരംഗപ്പാറ മാൻകുത്തിമെട്ടിലെ ഭൂമികയ്യേറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് റവന്യു വകുപ്പ് സ്ഥാപിച്ച ബോർഡ് പിഴുതു മാറ്റുകയും സീൽ ചെയ്ത കാപ്സ്യൂൾ നിർമിതി തുറന്നു പ്രവർത്തിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കാരവൻ പാർക്ക് ഉടമയ്ക്കെതിരെ പാെലീസ് കേസെടുത്തു. കോട്ടയം കറുകച്ചാൽ സ്വദേശി ബിബിൻ വിജയകുമാറിനെതിരെയാണ് ഉടുമ്പൻചോല പാെലീസ് കേസെടുത്തത്. നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവു ലംഘിച്ചതിനും കയ്യേറ്റമാെഴിപ്പിച്ച സർക്കാർ ഭൂമിയിലെ ബോർഡ് പിഴുതു മാറ്റി വീണ്ടും കയ്യേറ്റം നടത്തുകയും ചെയ്തതിനാണു ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
മാൻകുത്തിമെട്ടിലെ സ്വകാര്യ കാരവൻ പാർക്കിനോടു ചേർന്ന് 40 സെന്റോളം സർക്കാർ ഭൂമി കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് 2024 മേയ് 13നു റവന്യു വകുപ്പ് പാർക്കിന്റെ കവാടത്തിൽ ബോർഡ് സ്ഥാപിക്കുകയും കാപ്സ്യൂൾ നിർമിതി ചങ്ങല കാെണ്ട് സീൽ ചെയ്യുകയും ചെയ്തു. എന്നാൽ ഇൗ ബോർഡ് പിഴുതു മാറ്റി പാർക്കിന്റെ നടത്തിപ്പുകാർ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും കാപ്സ്യൂൾ നിർമിതിയുടെ പൂട്ട് തകർത്ത് അതിഥികളെ താമസിപ്പിക്കുകയും ചെയ്തു.
ഇതു സംബന്ധിച്ച് പരാതിയുയർന്നതോടെ മന്ത്രി കെ.രാജൻ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകി. കഴിഞ്ഞ ദിവസം ഉടുമ്പൻചോല എൽആർ തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കയ്യേറ്റ ഭൂമിയിൽ വീണ്ടും ബോർഡ് സ്ഥാപിക്കുകയും കാപ്സ്യൂൾ നിർമിതി അടച്ച് സീൽ ചെയ്യുകയും ചെയ്തു. റവന്യു വകുപ്പിന്റെ ശുപാർശ പ്രകാരമാണ് കഴിഞ്ഞ ദിവസം കാരവൻ പാർക്ക് ഉടമയ്ക്കെതിരെ പാെലീസ് കേസെടുത്തത്. ഇവർക്കെതിരെ മുൻപും ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു.