
യുഎസ് സെനറ്റർമാർ ഉയർത്തുന്ന അധികച്ചുങ്ക ഭീഷണി (US Tariffs), യുഎസിന്റെ ഉപരോധം (US Sanctions), റിഫൈനറികളെ ഉന്നമിട്ടുള്ള യുക്രെയ്ന്റെ ഡ്രോൺ ആക്രമണം (Russia-Ukarine conflict) തുടങ്ങിയ വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ (Russian oil) ഇറക്കുമതിയിൽ വൻ കുതിപ്പ്. മേയിൽ ഇന്ത്യ പ്രതിദിനം ശരാശരി 1.96 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തെന്ന് വിപണിനിരീക്ഷകരായ കെപ്ലർ (Kpler) വ്യക്തമാക്കി.
ഇതു 10 മാസത്തിനിടയിലെ ഏറ്റവും ഉയരമാണ്. യുഎസിനും ചൈനയ്ക്കും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി രാഷ്ട്രമായ ഇന്ത്യ മേയിൽ പ്രതിദിനം ശരാശരി 5.1 ദശലക്ഷം ബാരൽ വീതം ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്.
വിപണിവിലയേക്കാൾ കുറഞ്ഞവിലയുണ്ടെന്നതാണ് ഇന്ത്യ റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്നതാണ് തുടരാൻ മുഖ്യകാരണം. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്കും ചൈനയ്ക്കുംമേൽ 500 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള ബിൽ കൊണ്ടുവരുമെന്ന് യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
യുഎസിന്റെ ഉപരോധമുള്ള റഷ്യൻ എണ്ണ ടാങ്കറുകൾ ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തിൽ ഉപയോഗിച്ചതായി കണ്ടുവെന്ന് അടുത്തിടെ ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തിരുന്നു. റഷ്യയുടെ എണ്ണ റിഫൈനറികളെ ഉന്നമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, മേയിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്രോതസ്സ് എന്ന സ്ഥാനം റഷ്യ നിലനിർത്തി. ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയിൽ 38 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.
പ്രതിദിനം ശരാശരി 1.2 ദശലക്ഷം ബാരലുമായി ഇറാക്കാണ് രണ്ടാമത്. സൗദി അറേബ്യ (പ്രതിദിനം 6.15 ലക്ഷം), യുഎഇ (പ്രതിദിനം 4.90 ലക്ഷം), യുഎസ് (2.80 ലക്ഷം) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
2022ന്റെ തുടക്കത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് കൂട്ടിയത്. യുഎസും യൂറോപ്യൻ യൂണിയനും റഷ്യൻ എണ്ണയെ ഉപരോധത്തിലൂടെ ബഹിഷ്കരിച്ചിരുന്നു.
പിന്നാലെ ഇന്ത്യക്കും ചൈനയ്ക്കും റഷ്യ വിപണിവിലയേക്കാൾ വൻ ഡിസ്കൗണ്ടോടെ എണ്ണ വാഗ്ദാനം ചെയ്യുകയായിരുന്നു. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അതു സുവർണാവസരമായി കണ്ട് ഇറക്കുമതി കുത്തനെ കൂട്ടി.
വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ നിയന്ത്രിക്കാനും ഇതുവഴി ഇന്ത്യക്ക് കഴിഞ്ഞു. സമ്മർദത്തിലൂടെ ഇന്ത്യയുടെ മനംമാറ്റാൻ യുഎസും യൂറോപ്പ്യൻ യൂണിയനും ശ്രമിച്ചെങ്കിലും വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളിലുണ്ടാകുന്ന നേട്ടം ചൂണ്ടിക്കാട്ടി ഇന്ത്യ ഇറക്കുമതി തുടരുകയായിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഒരു ശതമാനം പോലുമില്ലായിരുന്നു റഷ്യയുടെ വിഹിതം. പിന്നീടുപക്ഷേ, വിഹിതം 44 ശതമാനത്തിലേക്കുവരെ കുതിച്ചുയരുകയും ഇന്ത്യയുടെ പരമ്പരാഗത സ്രോതസ്സുകളായ സൗദിയെയും ഇറാക്കിനെയും മറ്റ് ഗൾഫ് രാഷ്ട്രങ്ങളെയും പിന്തള്ളി റഷ്യ ഒന്നാംസ്ഥാനം നേടുകയും ചെയ്തു.
വലിയ ഡിസ്കൗണ്ടാണ് റഷ്യ ഇന്ത്യക്ക് നൽകുന്നതെന്നത്, ഇന്ത്യൻ എണ്ണക്കമ്പനികൾക്കും നേട്ടമാണ്. ഉദാഹരണത്തിന്, മേയിൽ റഷ്യയുടെ ഒരു ക്രൂഡ് ഓയിൽ ഇനമായ യുറാൽ (Ural) ബാരലിന് 50 ഡോളറിന് വീതം ഇന്ത്യക്ക് ലഭിച്ചപ്പോൾ അതിന്റെ രാജ്യാന്തര വിപണിവില 60 ഡോളറായിരുന്നു.
ഒരുഘട്ടത്തിൽ ഇന്ത്യക്ക് റഷ്യ ബാരലിന് 20 ഡോളർ വരെ ഡിസ്കൗണ്ട് നൽകിയിരുന്നു. ഇന്ത്യയും ചൈനയുമാണ് നിലവിൽ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]