
‘3,323 കോടി രൂപ തിരികെ നൽകണം’; നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി കെ.എന്‍.ബാലഗോപാല്‍
ന്യൂഡല്‍ഹി∙ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ധനകാര്യമന്ത്രി കെ. എന്‍.
ബാലഗോപാല്‍. ഗ്യാരന്റി റിഡെംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് പരിധിയില്‍നിന്നു കുറവുവരുത്തിയ 3,323 കോടി രൂപ തിരികെ നല്കാന് നടപടി സ്വീകരിക്കണമെന്നു കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും നിര്‍ദേശപ്രകാരം ഗ്യാരന്റി റിഡംപ്ഷന് ഫണ്ട് സംസ്ഥാനം രൂപീകരിക്കുന്നുണ്ടെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്കിടെ അറിയിച്ചു.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായിട്ടുകൂടി ഐജിഎസ്ടി കൊണ്ടുള്ള മെച്ചം ലഭിക്കുന്നില്ലെന്നും ഐജിഎസ്ടി കണക്കാക്കുന്നതിലെ അപാകതമൂലം കേന്ദ്രത്തിനുണ്ടായ നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങളുടെ ഐജിഎസ്ടി വിഹിതത്തില്‍ കുറവു ചെയ്ത വകയില്‍ കേരളത്തിനു നഷ്ടമായത് 965.16 കോടി രൂപയാണെന്നും കൂടിക്കാഴ്ചയ്ക്കിടെ കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
മുന്‍വര്‍ഷമെടുത്ത അധികവായ്പകള്‍ ഈ വര്‍ഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോള്‍ 1,877 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. സംസ്ഥാനത്തിന്റെ ജിഎസ്ഡിപി വര്‍ധിക്കുകയും അന്തിമകണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക കുറവുചെയ്ത നടപടി പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര ധനകാര്യ മന്ത്രി അനുഭാവപുര്‍വം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിതായി ധനമന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]