
ന്യൂഡൽഹി∙ പണപ്പെരുപ്പം തട്ടിക്കിഴിച്ചാൽ ഇന്ത്യയിലെ ശരാശരി വിമാന ടിക്കറ്റ് നിരക്ക് 2011നെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) റിപ്പോർട്ട്. ഡൽഹിയിൽ ഇന്നലെ ആരംഭിച്ച അയാട്ട
വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പണപ്പെരുപ്പം മൂലമുള്ള വർധന ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിലെ ആഭ്യന്തര ടിക്കറ്റുകളിൽ 21% കുറവും രാജ്യാന്തര ടിക്കറ്റുകളിൽ 38% കുറവുമുണ്ടായെന്നാണ് അയാട്ട
ഇക്കണോമിക്സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പണപ്പെരുപ്പം പരിഗണിക്കാതെ ഇപ്പോഴത്തെ ടിക്കറ്റ് നിരക്കും 2011ലെ നിരക്കും താരതമ്യം ചെയ്യുന്നതുകൊണ്ടാണ് നിരക്ക് ഉയർന്നതായി തോന്നുന്നതെന്നാണ് അയാട്ട
പറയാതെ പറയുന്നത്. നിരക്ക് കുറയുന്ന ട്രെൻഡിൽ മാറ്റം വന്നത് കോവിഡ് കാലത്താണ്, എന്നാൽ മത്സരം വർധിച്ചതോടെ ഇപ്പോൾ വീണ്ടും കുറയുകയാണെന്ന് അയാട്ട
നിരീക്ഷിച്ചു. ലോകത്തെ 350 വിമാനക്കമ്പനികൾ അംഗമായിട്ടുള്ള ട്രേഡ് അസോസിയേഷനാണ് അയാട്ട എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ. ഒറ്റനോട്ടത്തിൽ ∙ലോകത്തിലെ ജനസംഖ്യയുടെ 17.8 ശതമാനവും ഇന്ത്യയിലെങ്കിലും ലോകത്തിലെ വിമാനയാത്രക്കാരിൽ 4.2% മാത്രമാണ് ഇന്ത്യക്കാർ.
അടുത്ത 20 വർഷത്തിനിടയിൽ ഇന്ത്യയിലെ ആഭ്യന്തര, രാജ്യാന്തര പാസഞ്ചർ യാത്രകളുടെ എണ്ണത്തിൽ 5.6% വാർഷികവർധനയുണ്ടാകും. 2024നെ അപേക്ഷിച്ച് യാത്രകളുടെ എണ്ണം മൂന്നിരട്ടിയാകും.
ഓരോ ആയിരം പേരിലും ശരാശരി 148 ട്രിപ് എന്നത് 258 ആയി ഉയരും. ∙ യുഎസും ചൈനയും കഴിഞ്ഞാൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്.
യാത്രക്കാരുടെ വിഹിതം: യുഎസ് (18.1%), ചൈന (16.7%), ഇന്ത്യ (4.2%), ജപ്പാൻ (3.8%), സ്പെയിൻ (3.4%). 2024ൽ ഇന്ത്യയ്ക്കുള്ളിലും പുറത്തേക്കുമായി 17.4 കോടി വിമാനയാത്രികർ.
∙ എയർ കാർഗോ രംഗത്ത് ഇന്ത്യ ആറാമത്. യുഎസ്, ചൈന, ജർമനി, ജപ്പാൻ, ഹോങ്കോങ് എന്നിവ ആദ്യ 5 സ്ഥാനങ്ങളിൽ.
രാജ്യത്തെ ഏറ്റവും കൂടുതൽ കാർഗോ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളിൽ കൊച്ചി (2%) എട്ടാമത്. ∙ വിമാനങ്ങൾ: 10 വർഷത്തിനടിയിൽ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയായി.
നിലവിലുള്ളത് 860 എണ്ണം. ലോകത്തെ മൊത്തം വിമാനങ്ങളുടെ 2.4 ശതമാനമാണിത്.
കൂടുതൽ ‘ചെറുപ്പമുള്ള’ വിമാനങ്ങളുപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ ശരാശരി പ്രായം 7.3 വർഷം.
രാജ്യാന്തര ശരാശരി 14.8 വർഷം. 5 വർഷത്തിനിടെ എത്താനിരിക്കുന്നത് 739 പുതുവിമാനങ്ങൾ.
∙ പൈലറ്റുമാർക്ക് ഇന്ത്യയിൽ ഇപ്പോഴും ക്ഷാമം. അനുഭവസമ്പത്തുള്ള പല പൈലറ്റുമാരും വിരമിക്കാറാകുന്നു.
അടുത്ത 20 വർഷത്തിനിടയിൽ 37,000 പൈലറ്റുമാരെയും 38,000 ടെക്നീഷ്യന്മാരെയും ആവശ്യമായി വരും. തിരക്കേറിയ ടോപ് 10 ആഭ്യന്തര റൂട്ടുകൾ (2024)
1) മുംബൈ–ഡൽഹി
2) ബെംഗളൂരു–ഡൽഹി
3) ബെംഗളൂരു–മുംബൈ
4) ഡൽഹി–ഹൈദരാബാദ്
5) പുണെ–ഡൽഹി
6) ഡൽഹി–കൊൽക്കത്ത
7) അഹമ്മദാബാദ്–ഡൽഹി
8) ഡൽഹി–ശ്രീനഗർ
9) ഹൈദരാബാദ്–മുംബൈ
10) ഹൈദരാബാദ്–ബെംഗളൂരു
തിരക്കേറിയ ടോപ് 10 രാജ്യാന്തര റൂട്ടുകൾ (2024)
1) മുംബൈ–ദുബായ്
2) ഡൽഹി–ദുബായ്
3) ഡൽഹി–കഠ്മണ്ഡു
4) ഡൽഹി–ബാങ്കോക്ക്
5) മുംബൈ–അബുദാബി
6) ഡൽഹി–ലണ്ടൻ
7) ചെന്നൈ–കൊളംബോ
8) കൊച്ചി–അബുദാബി
9) ചെന്നൈ–സിംഗപ്പൂർ
10) കൊച്ചി–ദുബായ്
ഇന്ത്യക്കാർ സഞ്ചരിച്ച ടോപ് 10 രാജ്യങ്ങൾ (2024) (യാത്രക്കാരുടെ എണ്ണം ബ്രാക്കറ്റിൽ)
1) യുഎഇ (76 ലക്ഷം)
2) യുഎസ് (35 ലക്ഷം)
3) സൗദി (34 ലക്ഷം)
4) ബ്രിട്ടൻ (22 ലക്ഷം)
5) തായ്ലൻഡ് (21 ലക്ഷം)
6) സിംഗപ്പൂർ (19 ലക്ഷം)
7) കാനഡ (1.3%)
8) ഖത്തർ (11 ലക്ഷം)
9) മലേഷ്യ (11 ലക്ഷം)
10) ഒമാൻ (10 ലക്ഷം)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]