
പുലി വന്നില്ല; കോഴികളെ കണ്ട് കയറിയ തെരുവുനായ കുടുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ പുലിക്കു വച്ച കെണിയിൽ പാതിരാത്രി കുടുങ്ങിയതു തെരുവുനായ. വാതിലടഞ്ഞു കൂട്ടിൽ അകപ്പെട്ട നായ അൽപസമയത്തിനു ശേഷം കോഴികളുടെ അടുത്തേക്കു നീങ്ങിയെങ്കിലും വീട്ടുടമ പോൾ മാത്യൂസും അമ്മയും കൂടിന്റെ വാതിൽ തുറന്ന് നായയെ പുറത്തേക്ക് ഓടിച്ചു. ബത്തേരി കോട്ടക്കുന്നിൽ പുതുശ്ശേരിൽ പോൾ മാത്യൂസിന്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ച പുലിക്കൂട്ടിലാണു കഴിഞ്ഞ ദിവസം പുലർച്ചെ തെരുവുനായ അകപ്പെട്ടത്. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. ഇന്നലെ പുലർച്ചെ 4.12നാണ് 5 തെരുവുനായ്ക്കൾ കൂടിനരികെ എത്തിയത്. കൂടിനു ചുറ്റും നടന്ന തെരുവുനായ്ക്കളിൽ ഒന്നു കൂടിനുള്ളിലേക്കു കയറി. കൂടിന്റെ മൂലയ്ക്കിരുന്ന കോഴികളെ അടുത്തേക്കു നീങ്ങുന്നതിനിടെ വാതിൽ ശബ്ദത്തോടെ അടഞ്ഞു.
ഇതോടെ പുറത്തുണ്ടായിരുന്ന നായ്ക്കൾ നാലുപാടും പാഞ്ഞു. ശബ്ദം കേട്ട് പോൾ മാത്യൂസും അമ്മയും പുറത്തിറങ്ങി. കൂടിന്റെ അടഞ്ഞുപോയ വാതിൽ ഉയർത്തി നായയെ തുരത്താൻ ശ്രമിച്ചെങ്കിലും അത് കൂട്ടിനുള്ളിൽ ഇരുന്നു. ഒടുവിൽ വടിയെടുത്തു വന്ന് ഓടിച്ചു വിടുകയായിരുന്നു. ഇതെല്ലാം കണ്ട് മറ്റു തെരുവുനായ്ക്കൾ അകലെയുണ്ടായിരുന്നു. തുടർച്ചയായി പുലിയെത്തി കോഴികളെ അകത്താക്കിയപ്പോഴാണു വനംവകുപ്പ് പോൾ മാത്യൂസിന്റെ വീട്ടുമുറ്റത്തു കൂട് സ്ഥാപിച്ചത്. മുൻ ദിവസങ്ങളിൽ പുലി കോഴികളെ പിടികൂടിയതിനാലാണ് ഇരയായി കോഴികളെ വെച്ചത്. എന്നാൽ, കുറച്ചു ദിവസങ്ങളായി ക്യാമറകളിൽ പോലും പുലി പതിഞ്ഞിട്ടില്ല. എങ്കിലും കൂട് മാറ്റിയിട്ടില്ല.