
സഹപാഠികൾക്ക് ജീവിതം തന്നെ ഉപദേശമാക്കി മുഹമ്മദ് ബിൻഷാദ്
കോട്ടയ്ക്കൽ ∙ ഒതുക്കുങ്ങൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് ബിൻഷാദ് എന്ന പതിമൂന്നുകാരൻ വിദ്യാർഥികളോടു പറഞ്ഞതിങ്ങനെ: “മണ്ണിനെ അറിഞ്ഞു കൃഷി ചെയ്യൂ. നഷ്ടം പറ്റില്ല.
അതോടൊപ്പം, പഠനത്തിലും ശ്രദ്ധിക്കൂ. ജീവിതവിജയം സുനിശ്ചിതം”.
ലക്ഷ്യബോധമുള്ള സ്വന്തം ജീവിതമാണ് ഈ ഉപദേശം നൽകാൻ വാളക്കുളം ഹൈസ്ക്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയായ പയ്യൻസിനെ പ്രാപ്തനാക്കിയത്. സ്കൂൾ വിട്ടെത്തിയാൽ
വീട്ടിൽ വളർത്തുന്ന 8 പശുക്കളുടെ പാൽ കറക്കണം.
പിതാവ് പാട്ടത്തിനെടുത്ത 2 ഏക്കർ സ്ഥലത്തെ പച്ചക്കറിക്കൃഷി പരിപാലിക്കണം. തിരക്കോടുതിരക്കാണെങ്കിലും പഠനത്തിൽ ക്ലാസിലെ ഒന്നാംസ്ഥാനക്കാരനുമാണ് ഈ കുട്ടിക്കർഷകൻ.കരിങ്കപ്പാറ പാറമ്മലിലെ കുറിയേടത്ത്പറമ്പിൽ സലീമിന്റെ മൂത്ത മകനായ ബിൻഷാദ് അഞ്ചാമത്തെ വയസ്സിൽ പിതാവിനൊപ്പം കൃഷിയിടങ്ങളിലേക്കു സ്വമേധയാ ഇറങ്ങിയതാണ്. പശുക്കളെ കറക്കുന്നതിനൊപ്പം തന്നെ പാൽ വീടുകളിൽ കൊണ്ടുപോയി വിൽപന നടത്തണം. പണം വാങ്ങണം.
പശുക്കിടാങ്ങളെ പരിചരിക്കണം. വളർത്തുമൃഗങ്ങളെ വയലിൽ മേയാൻ കൊണ്ടുപോകണം., ചുമതലകൾ അനവധിയാണ്. വിശാലമായ പാട്ടഭൂമിയിൽ പച്ചക്കറികൾ കൂടാതെ നെല്ല്, കപ്പ, മധുരക്കിഴങ്ങ്, ചേമ്പ്, ചേന തുടങ്ങിയവയെല്ലാമുണ്ട്.
വിളകൾ നനയ്ക്കുന്നതിനൊപ്പം വളപ്രയോഗം നടത്തുന്നതും ബിൻഷാദാണ്. വിവിധയിനം പശുക്കളുടെ പ്രത്യേകതകൾ ഒന്നൊന്നായി വീട്ടിലെത്തുന്നവർക്കു വിവരിച്ചുകൊടുക്കും ബിൻഷാദ്.
പുതിയ തരം പച്ചക്കറികളുടെ വിശേഷങ്ങളെല്ലാം അറിയാം. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്വകാര്യസ്ഥാപനത്തിൽ പോയി മൈക്രോ സോഫ്റ്റ് വെയർ കോഴ്സും പൂർത്തിയാക്കിയിരുന്നു.
ജില്ലയ്ക്കു അകത്തും പുറത്തുമായി വിദ്യാർഥികൾക്കായി നടത്തുന്ന മോട്ടിവേഷൻ ക്ലാസുകളിൽ പതിവുസാന്നിധ്യമാണ്. എംപിമാർ, എംഎൽഎമാർ തുടങ്ങിയ ജനപ്രതിനിധികളെല്ലാം വിവിധ ചടങ്ങുകളിലേക്കു അതിഥിയായി ക്ഷണിക്കാറുണ്ട്.
ഫാത്തിമയാണ് മാതാവ്. 3 സഹോദരങ്ങളുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]