
അങ്ങേയറ്റം വഞ്ചന, സർക്കാർ ഉറപ്പു പാലിച്ചില്ല; സമരം ചെയ്ത പലരുടെയും ഓണറേറിയം തടയുന്നതായി ആശാ സമരസമിതി
തിരുവനന്തപുരം ∙ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മാനദണ്ഡം പിന്‍വലിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ആശാ സമരസമിതി. പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കിയെന്നും വേരിയബിള്‍ ഇന്‍സന്റീവ് 500 രൂപയില്‍ താഴെ പോയവര്‍ക്ക് പ്രതിമാസം കിട്ടുന്നത് 3500 രൂപ മാത്രമാണെന്നും ആശാ ഹെല്‍ത്ത് വര്‍ക്കേഴസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ.
സദാനന്ദന് പറഞ്ഞു. അഞ്ചാം തീയതി ഓണറേറിയം നല്‍കുമെന്ന ഉറപ്പും സര്‍ക്കാര്‍ പാലിച്ചില്ല.
സമരം ചെയ്തുവെന്ന പേരില്‍ പലരുടെയും ഓണറേറിയം തടഞ്ഞുവയ്ക്കുകയാണെന്നും സമരസമിതി ആരോപിച്ചു.
ആശമാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയത്താണ് ഓണറേറിയം വെട്ടിച്ചുരുക്കിയിരിക്കുന്നത്. അങ്ങേയറ്റം വഞ്ചനയാണ് സര്‍ക്കാര്‍ നടത്തുന്നത്.
മുഖ്യമന്ത്രി ആകട്ടെ ഇനി ചര്‍ച്ചകള്‍ ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ആശാവര്‍ക്കര്‍മാരോട് പകപോക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും സദാനന്ദന് പറഞ്ഞു. ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 10 ഉപാധികള്‍ പിന്‍വലിക്കണമെന്നതായിരുന്നു സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്.
ഇതു പരിഗണിച്ച സര്‍ക്കാര്‍ ഉപാധികള്‍ പ്രഖ്യാപിക്കുന്നതായി അറിയിച്ചെങ്കിലും ഇതിനായി വേരിയബിള്‍ ഇന്റസന്റീവ് ചേര്‍ത്തുവച്ച് പുതിയ ഉപാധികള്‍ കൊണ്ടുവന്നിരുന്നു. ഫിക്സഡ് ഇന്‍സെന്റീവ് 1000 രൂപയാകുന്നവര്ക്കും പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് 500 രൂപയില്‍ കുറവ് വരുന്നവര്‍ക്കും 3500 രൂപ മാത്രമേ ഓണറേറിയം ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ ഉപാധി.
ഇതു നടപ്പാക്കിയതോടെയാണ് ഇന്‍സന്റീവ് 7000 രൂപയില്‍നിന്ന് കുത്തനെ ഇടിഞ്ഞ് 3500 രൂപയായി എന്ന് സമരസമിതി ആരോപിക്കുന്നത്.
ആശാവര്‍ക്കര്‍മാരെ തീര്‍ത്തും ദ്രോഹിക്കുന്ന, നിലവിലുള്ള ഓണറേറിയംപോലും പകുതിയാക്കുന്ന, ഈ പുതിയ ഉപാധി ഉടന്‍ പിന്‍വലിക്കണം. ആശാ വര്‍ക്കര്‍മാരെ സാമ്പത്തിക ദുരിതത്തിലാഴ്ത്തി സമരം പൊളിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആശാ ഹെല്‍ത്ത് വര്‍ക്കേഴസ് അസോസിയേഷന് ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റിനു മുമ്പില്‍ നടന്നുവരുന്ന ആശമാരുടെ രാപകല്‍ സമരം ഇന്ന് 113 ാം ദിവസമാണ്. കാസര്‍കോട് നിന്ന് മേയ് 5 ന് ആരംഭിച്ച ആശമാരുടെ രാപകല്‍ സമരയാത്ര 9 ജില്ലകളിലൂടെ 29 ദിവസങ്ങള്‍ പിന്നിട്ട് ഇന്ന് കോട്ടയത്ത് എത്തി.
സമരയാത്ര ജൂണ്‍ 14ന് തിരുവനന്തപുരത്ത് എത്തും. 18ന് മഹാറാലി നടക്കുമെന്നും സമരസമിതി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]