മീൻ വാങ്ങുന്നത് കുറഞ്ഞു, പറപറന്ന് കോഴിവില; ആശങ്കയകറ്റാൻ മത്സ്യവിഭവ സദ്യ ജൂൺ 2ന്
ആലപ്പുഴ ∙ ആശങ്ക വേണ്ട; മത്തിയും അയലയും ചൂരയുമെല്ലാം കഴിക്കാം. അപകടമേയില്ല.
അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് എണ്ണയും രാസപദാർഥങ്ങളും കടലിൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്നു വന്നതോടെയാണ് ആരും മീൻ വാങ്ങാതെയായത്. എന്നാൽ കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച വ്യാപിക്കാതെ നിയന്ത്രിച്ചതായി കേരള സർവകലാശാല അക്വാറ്റിക് ബയോളജി വിഭാഗം മറൈൻ മോണിറ്ററിങ് ലാബ് സീനിയർ പ്രഫസർ ഡോ.എ.ബിജുകുമാർ പറഞ്ഞു.
രാസപദാർഥങ്ങൾ ഉണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിയിട്ടില്ല. അവ വീണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ്.
ഈ സാഹചര്യത്തിൽ മീൻ കഴിക്കുന്നതിന് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തയാഴ്ച ട്രോളിങ് നിരോധനം വരുമെന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയോടെ തയാറെടുക്കുമ്പോഴാണു കപ്പൽ അപകടമുണ്ടായതും മീനിന് ആവശ്യക്കാർ കുറഞ്ഞതും.
അപകട മേഖലയിലല്ല നമ്മുടെ മീനുകൾ
കപ്പൽ അപകടം ഉണ്ടായതിന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മീൻപിടിത്തം പാടില്ലെന്നാണു ദുരന്തനിവാരണ വിഭാഗം നൽകിയ നിർദേശം.
നിലവിൽ കാലവർഷം ശക്തമായതോടെ മീൻപിടിത്തത്തിനു നിരോധനമുണ്ട്. അതിനാൽ കപ്പൽ അപകടവുമായി ബന്ധപ്പെട്ടു ഫിഷറീസ് വകുപ്പ് പ്രത്യേക നിർദേശം നൽകിയിട്ടില്ല.
കപ്പൽ അപകടത്തിൽപെട്ട സ്ഥലത്തു നിന്ന് 20 നോട്ടിക്കൽ മൈൽ (ഏകദേശം 27 കി.മീ) കണക്കാക്കുമ്പോൾ ആലപ്പുഴയുടെ തെക്കു മുതൽ ആറാട്ടുപുഴ വരെയുള്ള ഭാഗമാണ്.
എന്നാൽ കണ്ടെയ്നറുകൾ പൊട്ടി രാസപദാർഥങ്ങൾ പുറത്തുവരാത്തിടത്തോളം മത്സ്യബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയില്ല. മാത്രമല്ല, പരമ്പരാഗത മേഖലയിലുള്ളവർ 12 നോട്ടിക്കൽ മൈൽ വരെയുള്ള ഭാഗത്താണു മീൻ പിടിക്കുന്നത്.
ഇതിൽ തന്നെ മത്തി, അയല, വട്ടമത്തി, പൂവാലൻ ചെമ്മീൻ, നാരൻ ചെമ്മീൻ, ചൂര, നത്തോലി, വേളൂരി, തിരിയാൻ, വറ്റപ്പാര, താട, പല്ലിമീൻ, കോര, മണങ്ങ്, മുള്ളൻ തുടങ്ങിയ മീനുകളെല്ലാം തീരത്തു നിന്നു 2–8 നോട്ടിക്കൽ മൈൽ പരിധിയിലാണ് ഉണ്ടാകുക. അതിനാൽ ഇവയെല്ലാം തികച്ചും ഭക്ഷ്യയോഗ്യമാണ്.
ബോയ വേണം: മത്സ്യത്തൊഴിലാളികൾ
ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ട്രോളിങ് ബോട്ടുകളുടെയും മറ്റും വലകൾ കടലിൽ മുങ്ങിയ കപ്പലിലും കണ്ടെയ്നറുകളിലും കുടുങ്ങി നശിക്കാൻ സാധ്യതയുണ്ട്. തീരക്കടലിലെ ചെളിയിൽ ആഴ്ന്നു പോയ കണ്ടെയ്നറുകൾ തെക്കു നിന്ന് ഒഴുക്കുണ്ടാകുന്ന സമയത്തു മത്സ്യബന്ധനത്തിനു ഭീഷണിയായാം.
അതിനാൽ കപ്പലിന്റെയും കണ്ടെയ്നറുകളുടെയും സ്ഥാനം കണ്ടെത്തി അവ കരയ്ക്കെത്തിക്കണമെന്നും അപകടകരമല്ലാത്ത കണ്ടെയ്നറുകൾ കടലിൽ ഉപേക്ഷിക്കുകയാണെങ്കിൽ ആ സ്ഥലങ്ങൾ ബോയകൾ ഇട്ട് അടയാളപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളികൾ നിർദേശിക്കുന്നു. മീൻ കഴിക്കുന്നതിലെ ആശങ്കയകറ്റാൻ മത്സ്യവിഭവ സദ്യ ജൂൺ 2ന്
ആലപ്പുഴ∙ അറബിക്കടലിൽ ചരക്കു കപ്പലിൽ നിന്നുള്ള രാസവസ്തുക്കൾ വ്യാപിച്ചെന്നും കടൽമീൻ കഴിക്കരുതെന്നുമുള്ള കുപ്രചാരണത്തിനെതിരെ മത്സ്യത്തൊഴിലാളി യൂണിയൻ(സിഐടിയു) ജൂൺ 2നു മത്സ്യ വിഭവ സദ്യ സംഘടിപ്പിക്കുന്നു.
‘മത്സ്യം കഴിക്കൂ..ആരോഗ്യം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായി വൈകിട്ട് നാലിനു ലജ്നത്തുൽ മുഹമ്മദിയ ഓഡിറ്റോറിയത്തിലാണു പരിപാടി. കപ്പൽ കമ്പനിയിൽ നിന്നു കിട്ടാനുള്ള നഷ്ടപരിഹാരം ഞങ്ങൾക്ക് അരിയും 1000 രൂപയും നൽകി അട്ടിമറിക്കരുത്.
മത്സ്യത്തൊഴിലാളികളുടെ ജീവിതം അപകടത്തിലാക്കുന്ന ഒരു തീരുമാനത്തിനും സർക്കാർ കൂട്ടുനിൽക്കരുത്. കാലാവസ്ഥ നന്നായിരുന്നിട്ടും കപ്പൽ എങ്ങനെ മുങ്ങിയെന്നതും അന്വേഷിക്കണം. ആന്റണി കുരിശുങ്കൽ ജില്ലാ സെക്രട്ടറി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ 31ന് നടത്താനിരുന്ന സദ്യയാണ് പ്രതികൂല കാലാവസ്ഥ മൂലം 2 ലേക്കു മാറ്റിയത്.
പി.പി.ചിത്തരജ്ഞൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിലും മത്സ്യവിഭവ സദ്യ സംഘടിപ്പിക്കും.
മീൻ കഴിക്കുന്നതിൽ കുഴപ്പമില്ലെന്നു വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടും തെറ്റായ പ്രചാരണം നടക്കുകയാണെന്നു യൂണിയൻ അറിയിച്ചു. ഈ അവസരം മുതലെടുത്തു മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യം കൂടിയ വിലയ്ക്ക് ഇവിടെ വിറ്റഴിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
പറപറന്ന് കോഴിവില
ആലപ്പുഴ∙ വിപണിയിൽ മീൻ കിട്ടാതായതോടെ കോഴിവില കുതിച്ചുയർന്നു. രണ്ടാഴ്ച മുൻപു വരെ കോഴിക്കു കിലോഗ്രാമിന് 130 രൂപ വിലയായിരുന്നത് 160 രൂപയിലെത്തി.
കോഴിയിറച്ചി വില 200 രൂപയിൽ നിന്ന് 240 രൂപയുമായി. മഴ കാരണം മീൻപിടിത്തത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതോടെ മീൻ ലഭ്യത കുറഞ്ഞു.
കപ്പൽ അപകടം കാരണം മീനുകൾ സുരക്ഷിതമല്ലെന്ന തോന്നലും ആളുകളെ കോഴിയിറച്ചിയിലേക്ക് ആകർഷിച്ചു. ഇതോടെയാണു കോഴിവില കൂടിയത്.
വേനൽക്കാലത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ചു കോഴി വിൽപന തീരെ കുറവായിരുന്നു. കനത്ത ചൂടിൽ ഇറച്ചികൂടി കഴിക്കുമ്പോൾ ശരീര താപനില ഉയരുന്നതു കാരണമാണു പലരും കോഴിയിറച്ചി ഒഴിവാക്കിയത്.
ഇതോടെ വിലയും കുറഞ്ഞിരുന്നു. കോഴികളെ വളർത്താനുള്ള ചെലവു പോലും ലഭിക്കാതെ വന്ന കർഷകർക്ക് ഇപ്പോൾ വില കൂടിയത് ആശ്വാസമായി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]