
അറവുശാലയിൽ യുവതിയുടെ കൊലപാതകം:: അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി
മഞ്ചേരി ∙ ഭാര്യയെ അറവുശാലയിൽ വച്ച് കഴുത്തറുത്തു കൊന്നത് മൃഗീയമാണെന്നും കൃത്യം അപൂർവങ്ങളിൽ അപൂർവമാണെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു. കശാപ്പുശാലയിലെ മൃഗത്തെ പോലെ കണ്ട് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ദയ അർഹിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.
പരപ്പനങ്ങാടി നെടുവയിൽ റഹീനയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നജ്ബുദ്ദീനെ തൂക്കിക്കൊല്ലാനുള്ള ശിക്ഷാവിധിയിലാണ് മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ(2) പരാമർശം. ശിക്ഷ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ പ്രായമായ മാതാവും കുട്ടികളുമുണ്ടെന്നും ശിക്ഷാ ഇളവ് അനുവദിക്കണമെന്നും പ്രതി കോടതിയോട് അപേക്ഷിച്ചു.
പ്രതിയുടെ സഹോദരനും അടുത്ത 2 ബന്ധുക്കളും പ്രതിയോടൊപ്പം കോടതിയിൽ എത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
പ്രതിക്ക് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും തമ്മിലുള്ള തർക്കം സംബന്ധിച്ച കേസ് താമരശേരി കുടുംബ കോടതിയിൽ നേരത്തെ തീർപ്പായിരുന്നു. പ്രതി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കുറ്റകൃത്യം നടത്താൻ വേണ്ടി പ്രതി മുൻകൂട്ടി കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. അറവുശാലയിൽ വച്ച് റഹീനയുടെ പിറകിൽ നിന്ന് മുടിക്ക് ചുറ്റിപ്പിടിച്ച് പിറകോട്ട് വലിച്ച് കഴുത്തിന്റെ മുൻവശം അറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപാതകത്തിനു ശേഷം മുങ്ങിയ പ്രതി തൃശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. പണം തീർന്നതോടെ മൂന്നാം ദിവസം തിരിച്ച് നാട്ടിലെത്തിയ പ്രതി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചാണ് അറസ്റ്റിലാകുന്നത്.
പ്രോസിക്യൂഷൻ ലെയ്സൻ വിങ്ങിലെ എഎസ്ഐ ഷാജിമോൾ, എസ്സിപിഒ അബ്ദുൽ ഷുക്കൂർ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]