
മഴ: വെള്ളക്കെട്ടായി ദേശീയപാത സർവീസ് റോഡുകൾ; ഗതാഗതം പ്രതിസന്ധിയില്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാത്തന്നൂർ ∙ കാലവർഷത്തിന്റെ തുടക്കത്തിലെ ശക്തമായ മഴയിൽ ദേശീയപാത സർവീസ് റോഡിൽ പുഴ കണക്കെ ജലം ഉയർന്നു ഗതാഗതം പ്രതിസന്ധിയിലായി. ഏഴു കടകൾ വെള്ളപ്പൊക്ക ഭീഷണിയിൽ വലഞ്ഞു. ഒട്ടേറെ ഇരുചക്രവാഹനങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടു കേടുപാടു സംഭവിച്ചു.ഇന്നലെ ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിൽ ചാത്തന്നൂരിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡിൽ കാഞ്ഞിരംവിള ജംക്ഷനു സമീപം മുതൽ കനറാ ബാങ്കിനു കിഴക്കു വരെയുള്ള ഭാഗമാണ് വെള്ളത്തിൽ മുങ്ങിയത്. കനറാ ബാങ്കിനു കിഴക്ക് വശത്തെ 4 കടകളിലും ഗവ. സ്കൂൾ ജംക്ഷനിലെ കടകളിലും വെള്ളം കയറി.
സർവീസ് റോഡ് പൂർണമായും മുങ്ങി ജല നിരപ്പ് ഉയർന്നതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വെള്ളം കയറി ഇരുചക്രവാഹനങ്ങൾ നിശ്ചലമായി. കുട്ടികളുമായി സ്കൂട്ടറിൽ വന്ന ഒട്ടേറെ സ്ത്രീകൾ ഉൾപ്പെടെ വെള്ളക്കെട്ടിൽ അകപ്പെട്ടു. നാട്ടുകാർ സ്കൂട്ടറുകൾ തെള്ളി മാറ്റുകയായിരുന്നു. വെള്ളക്കെട്ടിൽ അകപ്പെട്ട ചില സ്ത്രീകളെ കാർ യാത്രക്കാർ കരയിൽ എത്തിച്ചു.3 ബാങ്കുകൾ, ഇൻഷുറൻസ് കമ്പനി ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗമാണ് വെള്ളത്തിൽ മുങ്ങുന്നത്. പുഴ കണക്കെ റോഡ് മാറിയതിനാൽ ബാങ്കുകളിലും സ്ഥാപനങ്ങളിലും വരുന്നതും പോകുന്നതും തടസ്സപ്പെട്ടു. ഓടയിലേക്കു വെള്ളം ഇറങ്ങുന്ന മാർഗം അടഞ്ഞതാണ് കാരണമെന്നു പറയുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമിച്ചെങ്കിലും സർവീസ് റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഓടയിൽ വെള്ളം ഇറങ്ങുന്നതിനു മതിയായ സംവിധാനം നിലവിൽ ഇല്ല. ശക്തമായ മഴ പെയ്താൽ ഗവ. സ്കൂൾ ജംക്ഷനിലെ കടകളിലും വെള്ളം കയറും. ഇട റോഡിലൂടെ വലിയ അളവിൽ വരുന്ന മഴവെള്ളം എൻഎച്ചിലെ ഓടയിലേക്കു തടസ്സമില്ലാതെ ഒഴുകിപ്പോകാൻ മാർഗം ഇല്ലാത്തതാണ് ഗവ. സ്കൂൾ ജംക്ഷനിലെ വെള്ളക്കെട്ടിനു കാരണം. ഇവിടെ ഒട്ടേറെ തവണ കടകളിൽ വെള്ളം കയറിയിട്ടുണ്ട്.