
കടുത്തവാശിയോടെ യൂറോപ്യൻ യൂണിയൻ (EU) രാഷ്ട്രങ്ങൾക്കെതിരെ കഴിഞ്ഞവാരം 50% ഇറക്കുമതി ചുങ്കം (50% Import Tariff) പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) വൈകാതെ മലക്കംമറിഞ്ഞു. ജൂൺ മുതൽ ചുങ്കം പ്രാബല്യത്തിലാവുമെന്ന് ആദ്യം പ്രഖ്യാപിച്ച ട്രംപ്, നിലവിൽ തീരുമാനം നടപ്പാക്കുന്നത് ജൂലൈ 9ലേക്ക് നീട്ടിവച്ചു. യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ വ്യാപാരബന്ധം കൂടുതൽ വഷളാകുമെന്ന പ്രതീതിയിൽ കഴിഞ്ഞവാരം മുന്നേറിയ സ്വർണവില (Gold price), ട്രംപ് നിലപാട് മാറ്റിയതോടെ താഴെയിറങ്ങി.
എന്നാൽ, കടബാധ്യതയുടെ കൊടുമുടി കയറുന്ന യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് വെട്ടിത്താഴ്ത്തിയ റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ നടപടിയുടെ പശ്ചാത്തലത്തിൽ യുഎസ് ഡോളർ നേരിടുന്ന തളർച്ച സ്വർണവില ഇടിവിന്റെ ആക്കംകുറയ്ക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 110 നിലവാരത്തിലായിരുന്നെങ്കിൽ ഇപ്പോഴുള്ളത് 98.81ൽ.
രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതായത്, ഡോളർ ദുർബലമാകുമ്പോൾ സ്വർണം കൂടുതൽ ആകർഷകമാകും (അഫോർഡബിൾ). ഇത് ഡിമാൻഡ് ഉയർത്തും. വിലയും മെച്ചപ്പെടും. അതായത്, വലിയ കുറവ് സ്വർണവിലയിലുണ്ടാവില്ല. അതാണ് നിലവിൽ സംഭവിക്കുന്നതും. രാജ്യാന്തര സ്വർണവില ഔൺസിന് 3,358 ഡോളറിൽ നിന്ന് 3,333 ഡോളറിലേക്ക് താഴ്ന്നെങ്കിലും നിലവിൽ 3,347 ഡോളറിലേക്ക് നിലമെച്ചപ്പെടുത്തി.
കേരളത്തിലും മികച്ച കുറവ്
കേരളത്തിൽ സ്വർണവില ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് 8,950 രൂപയും പവന് 320 രൂപ താഴ്ന്ന് 71,600 രൂപയുമായി. 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,375 രൂപയായപ്പോൾ മറ്റ് ചില ജ്വല്ലറികളിൽ ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,345 രൂപയാണ്. സ്വർണ വ്യാപാരി അസോസിയേഷനുകൾക്കിടയിൽ വില നിർണയത്തിലുള്ള ഭിന്നതയാണ് ഈ വ്യത്യസ്ത വിലയ്ക്കു കാരണം. വെള്ളിവിലയും ചില കടകളിൽ ഗ്രാമിന് 110 രൂപയും മറ്റ് കടകളിൽ 111 രൂപയുമാണ്. ഇന്ന് വെള്ളിവില മാറിയിട്ടില്ല.
അതേസമയം, ഡോളറിനെതിരെ ഇന്ന് ഇന്ത്യൻ രൂപ വ്യാപാരം ആരംഭിച്ചത് 16 പൈസ ഉയർന്ന് 86.05ലാണ്. സ്വർണവില നിർണയിക്കുമ്പോൾ ഡോളർ ദുർബലമായിരുന്നതിനാലും ഡോളർ തളരുന്നത് സ്വർത്തിന്റെ ഇറക്കുമതിച്ചെലവ് കുറയാൻ സഹായിക്കുമെന്നതും ആഭ്യന്തരവില കുറയാൻ സഹായിച്ചു. സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം.
സ്വർണവില ഇനി എങ്ങോട്ട്?
യുഎസ്-യൂറോപ്യൻ യൂണിയൻ തർക്കം ശമിക്കുന്നതും യുഎസ്-ജപ്പാൻ വ്യാപാര ചർച്ചകൾക്ക് കളമൊരുങ്ങുന്നതും സ്വർണവിലയുടെ മുന്നേറ്റത്തിന് തടയിടുന്ന കാര്യങ്ങളാണ്. യുഎസിൽ പണപ്പെരുപ്പം കൂടുകയും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങുന്നതും സ്വർണത്തിന് പ്രതികൂലവുമാണ്. എന്നാൽ, ഡോളർ തളരുന്നത് സ്വർണവില ഇടിവിന്റെ ആഴം കുറയ്ക്കുന്നു.
യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ്ങിലുണ്ടായ ഇടിവ്, സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുന്ന ചൈനീസ്, ഇന്ത്യൻ കേന്ദ്രബാങ്കുകളുടെ നിലപാട്, വീണ്ടും വഷളാകുന്ന റഷ്യ-യുക്രെയ്ൻ തർക്കം എന്നിവ സ്വർണവിലയെ മേലോട്ട് നയിച്ചേക്കും. സ്വർണവില കൂടുതൽ ഉയരത്തിലേക്ക് കടക്കാന്നേക്കാവുന്ന മാസമാകും ജൂൺ എന്ന വിലയിരുത്തലുകളുമുണ്ട്. രാജ്യാന്തരവില 3,360 ഡോളർ മറികടന്നാൽ, ആ കുതിപ്പ് 3,425 ഡോളറിലേക്കു വരെ തുടരാമെന്ന് നിരീക്ഷകർ വാദിക്കുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: