
പനമ്പിള്ളി നഗറിലെ 16 നിലകളുള്ള ഫ്ലാറ്റ് കെട്ടിടത്തിന്റെ പില്ലർ തകർന്നു; 24 കുടുംബങ്ങളെ മാറ്റി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പനമ്പിള്ളി നഗർ പാസ്പോർട്ട് ഓഫിസിനു സമീപത്തെ ആർഡിഎസ് അവന്യു വൺ ഫ്ലാറ്റ് കെട്ടിടത്തിലെ പ്രധാന പില്ലറുകളിലൊന്നിന് തകർച്ച. കോൺക്രീറ്റും സിമന്റും പൊട്ടിയടർന്ന് കമ്പികൾ വളഞ്ഞു പുറത്തുവന്ന നിലയിലാണ്. 16 നിലകളുള്ള ഫ്ലാറ്റിന് നിലവിൽ മറ്റു പ്രശ്നങ്ങളില്ലെങ്കിലും അപകടമുണ്ടായ ബ്ലോക്കിലെ 24 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. പൊലീസും ഫയർഫോഴ്സും കോർപറേഷൻ എൻജിനീയറിങ് വിഭാഗവും ലാൻഡ് റവന്യു വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടമുണ്ടായ പില്ലറിനോടു ചേർന്ന ഭാഗത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് കോർപറേഷൻ അധികൃതർ ഇന്നലെ സ്റ്റോപ് മെമ്മോ നൽകി.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഫ്ലാറ്റിനു താഴെയുള്ള പാർക്കിങ് ഭാഗത്തെ പില്ലറുകളിലൊന്ന് വലിയ ശബ്ദത്തോടെയാണ് തകർന്നത്. ഇതു ഫ്ലാറ്റിലെ താമസക്കാരെയും സമീപവാസികളെയും പരിഭ്രാന്തിയിലാക്കി. തുടർന്ന് ഫ്ലാറ്റ് അസോസിയേഷൻ ഇടപെട്ട് സ്ട്രക്ചറൽ എൻജിനീയർ ഡോ. അനിൽ ജോസഫിനെ സ്ഥലത്തെത്തിച്ചു പരിശോധന നടത്തി.
ഒരു പില്ലറിൽ ഭാരക്കൂടുതലുണ്ടായതാണ് അപകടകാരണമെന്നും സമീപ പില്ലറുകൾക്കു പ്രശ്നമില്ലാത്ത സ്ഥിതിയിൽ ആ ഭാഗം ബലപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. അനിൽ ജോസഫിന്റെ നിർദേശപ്രകാരം അപകടമുണ്ടായ ഭാഗത്ത് ഇരുമ്പുതൂണുകൾ വച്ചു താങ്ങുനൽകുന്ന ജോലികൾ വൈകിട്ടോടെ പൂർത്തിയാക്കി.
നിലവിൽ ആശങ്ക വേണ്ടെന്നും വരുംദിവസങ്ങളിൽ വിശദമായ പരിശോധനകൾ വേണ്ടിവരുമെന്നുമാണ് കോർപറേഷൻ എൻജിനിയറിങ് വിഭാഗത്തിന്റെ നിലപാട്. അതേസമയം തകർന്ന പില്ലറിനു തൊട്ടുമുകളിലെ ഫ്ലാറ്റിലെ ഭിത്തിയിൽ നേരത്തെ വിള്ളലുണ്ടായിട്ടുണ്ടെന്നും ഇതു സിമന്റ് തേച്ചിട്ടുണ്ടെന്നും ഇതിനോടു ചേർന്നുള്ള ബീമിൽ വിള്ളലുണ്ടെന്നും ഫയർഫോഴ്സ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഫ്ലാറ്റിന്റെ ആദ്യനിലയിലെ സ്വിമ്മിങ് പൂൾ പൊളിച്ചു നീക്കിയശേഷം തറ ഉയർത്തുന്ന പ്രവൃത്തികളാണ് നടക്കുന്നത്. അതേസമയം അനുമതിയില്ലാതെയുള്ള നിർമാണമാണ് ആർഡിഎസ് ഫ്ലാറ്റിൽ നടക്കുന്നതെന്ന് വാർഡ് കൗൺസലർ അഞ്ജന രാജേഷ് പറഞ്ഞു. ഒരു പില്ലറിനു മാത്രം സംഭവിച്ച പ്രശ്നമാണെന്നും അതു ബലപ്പെടുത്തി പരിഹരിക്കണമെന്ന സ്ട്രക്ചറൽ എൻജിനീയറുടെ നിർദേശം പാലിക്കുമെന്നും അസോസിയേഷൻ സെക്രട്ടറി അവിനാഷ് കൃഷ്ണൻ പറഞ്ഞു.