
വെള്ളക്കെട്ടിൽ കുമ്പളം; നാട്ടുകാർ ദുരിതത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പളം ∙ നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചു നടത്തിയ മണ്ണടിച്ചു നികത്തൽ ആശങ്കപ്പെട്ടതു പോലെ തന്നെ കുമ്പളത്തെ വെള്ളക്കെട്ടിലാക്കി. 15,16,17,18 വാർഡുകളിലാണ് കൂടുതൽ ദുരിതം. റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒട്ടേറെ തോടുകളും കാനകളുമാണ് നികത്തിയത്. നികത്തുമ്പോൾ വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഒരുക്കിയില്ലെങ്കിൽ വെള്ളക്കെട്ടുണ്ടാകുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പൊന്നും കരാറുകാർ ശ്രദ്ധിച്ചില്ല.
നീരൊഴുക്കിനായി നിലവിൽ ഉണ്ടായിരുന്ന പൈപ്പുകൾ പോലും അടച്ചായിരുന്നു നിർമാണം പുരോഗമിച്ചത്. ഒറ്റ മഴയിൽ തന്നെ പ്രദേശം വെള്ളക്കെട്ടിലായി. മഴ കനത്തതോടെ സ്ഥിതി മാറി. പരിസരത്തെ വീടുകളിലേക്കും വെള്ളം കയറാൻ തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾ പോലും നിർവഹിക്കാൻ പറ്റാത്ത അവസ്ഥയായി. പ്രശ്നമായതോടെ കരാറുകാർ എത്തി. മഴവെള്ളം കായലിലേക്ക് പോകാൻ കരീത്രത്തോടിലെ തടസ്സങ്ങൾ നീക്കി. തോടിലെ വെള്ളം തൽക്കാലം ഒഴുകിപ്പോയെങ്കിലും മറ്റു പ്രദേശങ്ങൾ ദുരിതത്തിലാണ്.
ലക്ഷ്മീനാരായണ ടെംപിൾ റോഡ്, കണിയാന്തുണ്ടി റോഡ്, കട്ടാഴത്ത് പരിസരം എന്നിവിടങ്ങളിലെ കാനകളിലെ വെള്ളം എത്തുന്ന പാടങ്ങളെല്ലാം നികത്തി. റെയിൽവേ പാതയ്ക്ക് അടിയിലൂടെ ഇട്ടിരുന്ന പൈപ്പുകൾ മണ്ണു വീണ് അടഞ്ഞു. ഇതോടെ റോഡ് കവിഞ്ഞൊഴുകുകയാണ്. മഴ കനക്കുകയാണെങ്കിൽ സ്ഥിതി മാറും. റെയിൽപാളം ഉൾപ്പെടെ മുങ്ങാൻ സാധ്യതയുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി കുമ്പളം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.