
ആകെ നനച്ച് ദുരിത മഴ: താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ നാശം വിതച്ച് കാലവർഷം. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ 5 വീടുകൾ തകർന്നു. ഒരു വീടു പൂർണമായും 4 വീടുകൾ ഭാഗികമായുമാണു തകർന്നത്. കനത്ത കാറ്റിൽ മരം വീണാണു പലയിടത്തും നാശനഷ്ടം. മരം വീണു വൈദ്യുത ലൈനുകൾ പൊട്ടിയതിനിൽ പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടായി. വ്യാപകമായ കൃഷിനാശമുണ്ട്. മഴയിൽ ആലപ്പുഴ മാളികമുക്കിനു സമീപം നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. ദേശീയപാതയുടെ ബൈപാസ് നിർമാണത്തിനു വേണ്ടി ഗർഡർ കൊണ്ടുപോകാൻ ഈ ഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന ഓട മൂടിയതാണു കാരണം. മുതലപ്പൊഴിയിൽ മണൽ നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ മുതലപ്പൊഴിയുടെ തീരത്തും ഒട്ടേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കടലാക്രമണ ഭീതിയിൽ തീരം
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളിൽ കടലാക്രമണം ചെറിയ തോതിൽ നാശം വിതച്ചു തുടങ്ങി. ആറാട്ടുപുഴ പഞ്ചായത്തിലെ കാർത്തിക ജംക്ഷനിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചേലക്കാട് ഭാഗത്തുമാണ് കടലാക്രമണം കൂടുതൽ. രണ്ടിടങ്ങളിലും കടൽഭിത്തി ദുർബലമാണ്. കടക്കരപ്പള്ളി ഒറ്റമശേരി മേഖല വീണ്ടും കടലാക്രമണ ഭീഷണിയിലാണ്. ഇവിടെ ഒരു കിലോമീറ്റർ ദൂരത്തോളം കടൽഭിത്തിയില്ല. ശക്തമായ തിരയടിക്കുന്നതിനാൽ വീടുകൾക്കും പുരയിടങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി
ഞെട്ടൽ മാറാതെ ഈ കുടുംബം
വീശിയടിച്ച കാറ്റിൽ വീടൊന്നാകെ നിലം പൊത്തിയതിന്റെ ഞെട്ടലിലും ഭീതിയിലുമാണ് തകഴി കുന്നുമ്മ കുറുങ്ങാട് റംലത്തിന്റെ കുടുംബം. ശനിയാഴ്ച രാത്രി വീടിന്റെ മേൽക്കൂര വീണു രണ്ടു വയസ്സുകാരി അടക്കം 5 പേർക്കു ഗുരുതര പരുക്കേറ്റിരുന്നു. തകഴി കുന്നുമ്മ കുറുങ്ങാട് റംലത്തിന്റെ വീടാണ് നിലം പൊത്തിയത്. റംലത്ത്(53) മകൻ അനസ് (35) മക്കളായ ഫൈസി (7), അഫ്സ(2), അനസിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് അസ്ലഹ് (11) എന്നിവർക്കാണു പരുക്കേറ്റത്. ശനിയാഴ്ച രാത്രി 8.30ന് ആണ് സംഭവം ‘‘പാചകം ചെയ്യുന്നതിനിടെയാണു വീടിന്റെ മേൽക്കൂര താഴേക്ക് വീഴുന്ന ശബ്ദം കേട്ടത്. നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി. ഓടുന്നതിനിടെ തടിക്കഷണം തലയിലേക്കു വീണു.
അനസും അഫ്സയും വീടിനുള്ളിൽ കുടുങ്ങി. വിവരം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയാണ് അനസിനെയും അഫ്സയെയും മേൽക്കൂരയുടെ അടിയിൽ നിന്ന് പുറത്തെടുത്തത്’’–റംലത്ത് പറഞ്ഞു. അനസിന്റെ വലതുകാലിനും തലയ്ക്കും പരുക്കുണ്ട്. അഫ്സയുടെ തലയ്ക്കാണ് പരുക്ക്. ഫൈസിയുടെ ഇടതു കാലിന് പൊട്ടലുണ്ട്. മുഹമ്മദ് അസ്ലാഹിന്റെ വലതു കണങ്കാലിന് പൊട്ടലുണ്ട്. റംലത്തിന്റെ തലയ്ക്ക് ചതവും ഇടതു കാലിന് മുറിവുകളുമുണ്ട്. വീടു പൂർണമായും തകർന്നതിനാൽ ഇവർ ബന്ധുവിന്റെ വീട്ടിലേക്കു മാറി. പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ വീടും പരുക്കേറ്റവരെയും സന്ദർശിച്ചു.
സുരക്ഷ ഒരുക്കണമെന്ന് കെ.സി
ആലപ്പുഴ ∙ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി സജ്ജീകരിക്കണമെന്നു കെ.സി.വേണുഗോപാൽ എംപി കലക്ടറോട് ആവശ്യപ്പെട്ടു. ദേശീയപാത നിർമാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദേശീയപാത നിർമാണ ചുമതലയുള്ള പ്രോജക്ട് ഡയറക്ടർമാർക്ക് എംപി നിർദേശം നൽകി.