
മലയോര മേഖലയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി∙ മലയോര മേഖലയിൽ ശനിയാഴ്ച രാത്രിയിൽ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞും വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം ഉണ്ടായി. മിക്ക മേഖലകളിലും വൈദ്യുതി മുടങ്ങി. ഇന്നലെ രാത്രിയും വൈദ്യുതി ബന്ധം പൂർണമായും പുനഃസ്ഥാപിക്കാനായിട്ടില്ല. കണമല, പമ്പാവാലി, എയ്ഞ്ചൽവാലി, ഇടകടത്തി, അഴുതമുന്നി, എഴുകുംമണ്ണ്, അരയാഞ്ഞിലിമൺ, കിസുമം, മൂലക്കയം, ആറാട്ടുകയം, തുലാപ്പിള്ളി തുടങ്ങിയ മേഖലകളിലാണ് വ്യാപക നാശനഷ്ടം കണമല – പമ്പാവാലി റോഡിലും മരം വീണ് ഗതാഗത തടസ്സം ഉണ്ടായി. അഗ്നിരക്ഷാ സേനയും വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് റോഡിലും വൈദ്യുതി ലൈനിലും വീണ മരങ്ങൾ വെട്ടിമാറ്റിയത്. ഏഴ് മണിയോടെ ആരംഭിച്ച കാറ്റ് അര മണിക്കൂറിലധികം നീണ്ടു നിന്നു. വീടുകൾ തകർന്ന മേഖലയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനം നടത്തി. ഭാഗികമായി തകർന്ന വീടുകളിലെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വീടുകളുടെ നാശനഷ്ടം കണക്കാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വീടുകൾ തകർന്നു
4 വീടുകൾ ഭാഗികമായി തകർന്നു. ലൈഫ് പദ്ധതി വഴി ഭാഗികമായി നിർമാണം പൂർത്തിയായ വീടും ഇതിൽ പെടുന്നു. എയ്ഞ്ചൽവാലി സാബു കണ്ടത്തിൽ, അന്നമ്മ കണ്ടത്തിൽ, പൊന്നമ്മ കുറുമള്ളങ്കാലായിൽ എന്നിവരുടെ വീടുകളാണ് മരങ്ങൾ വീണ് തകർന്നത്. മൂലക്കയത്താണു ലൈഫ് പദ്ധതി വഴി നിർമാണം പുരോഗമിച്ചിരുന്ന വീട് തകർന്നത്. പമ്പാവാലി കായപ്ലാക്കൽ ജേക്കബ് ജോർജ്, മോഹനൻ എന്നിവരുടെ വീടുകൾക്കും നാശനഷ്ടം ഉണ്ടായി. താഴത്തുപീടിക കുരുവിള ചാക്കോയുടെ കോഴിഫാമിന്റെ മേൽക്കൂരയിലേക്കു മരം വീണു. കോഴികൾ ഫാമിൽ ഇല്ലായിരുന്നു. കണമല സെന്റ് തോമസ് പള്ളിയുടെ മേൽക്കൂരയുടെ മുകളിലെ റൂഫിങ് കാറ്റിൽ പറന്നു. ഇടകടത്തി കാവുങ്കൽ സുധന്റെ വാർക്ക തകിട് സൂക്ഷിക്കുന്ന ഷെഡിനു മുകളിലേക്ക് മരം വീണ് ഷെഡ് ഭാഗികമായി തകർന്നു.
മരം വീണു ഷെഡ് ഭാഗികമായി തകർന്ന നിലയിൽ .
കെഎസ്ഇബിക്ക് ലക്ഷങ്ങളുടെ നഷ്ടം
എരുമേലി കെഎസ്ഇബി സെക്ഷന്റെ പരിധിയിൽ 68 ഇടങ്ങളിലാണ് വൈദ്യുതി ലൈൻ പൊട്ടിയത്. കൂവപ്പള്ളി, നാറാണംതോട്, കാളകെട്ടി ഫീഡറുകൾ തകരാറിലായി.36 ട്രാൻസ്ഫോമർ പരിധിയിലാണ് വൈദ്യുതി നിലച്ചത്. ഇവ പൂർണമായി ചാർജ് ചെയ്തിട്ടില്ല. നാല് 11 കെവി പോസ്റ്റുകളും 5 എൽടി പോസ്റ്റുകളും ഒടിഞ്ഞു. ഒട്ടേറെ സ്ഥലത്ത് ലൈനിലേക്ക് ഒടിഞ്ഞ മര ശിഖരങ്ങൾ ഒടിഞ്ഞുവീണു. ശനിയാഴ്ച രാത്രിയും ഇന്നലെ പകലും അവധി ഉപേക്ഷിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി അറ്റകുറ്റപ്പണികൾ നടത്തുകയാണ്.
ഒരുക്കങ്ങൾ തുടങ്ങി
കാഞ്ഞിരപ്പള്ളി ∙ മലയോര മേഖലയിലെ മഴക്കെടുതികൾ അതിജീവിക്കുന്നതിനു ഒരുക്കങ്ങളായെന്ന് തഹസിൽദാർ അറിയിച്ചു. കാല വർഷം തുടങ്ങിയ ആദ്യ ദിനം താലൂക്കിൽ 3 വീടുകൾക്ക് ഭാഗിക നാശമുണ്ടായി. എരുമേലി മൂലക്കയം ഭാഗത്ത് വനാതിർത്തിയിലെ വീടുകൾക്കാണ് നാശമുണ്ടായത്. വനമേഖലയിലെ മരങ്ങൾ കാറ്റത്തു ഒടിഞ്ഞും കടപുഴകിയും വീണാണു നാശം. വിവിധയിടങ്ങളിൽ മരം വീണു വൈദ്യുതി പോസ്റ്റുകളും തകർന്നു. പാറത്തോട് –പിണ്ണാക്കനാട് റോഡിൽ മലനാടിനു സമീപം റബർ മരം വീണ് ഗതാഗത തടസ്സമുണ്ടായി. ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. ഇതോടെ മണിമലയാറിന്റെ തീരത്തോടു ചേർന്നു താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകി. കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യം കണക്കിലെടുത്തു അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാകണമെന്നു പഞ്ചായത്ത്, വില്ലേജ്, പൊലീസ് , ഫയർഫോഴ്സ് അധികൃതർക്കു നിർദേശം നൽകി. മുൻവർഷങ്ങളിൽ മഴ കനത്ത നാശം വിതച്ച കൂട്ടിക്കൽ, എരുമേലി പഞ്ചായത്തുകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ദുരിതാശ്വാസ ക്യാംപുകൾ തുറക്കാൻ സൗകര്യമുള്ള സ്കൂളുകളും, അങ്കണവാടി കെട്ടിടങ്ങളും സജ്ജമാക്കണമെന്നു പഞ്ചായത്ത്, വില്ലേജ് അധികൃതർക്കു നിർദേശം നൽകി. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ചിറക്കടവ് പഞ്ചായത്തുകളിൽ ക്യാംപുകൾ തുറക്കാനുള്ള കെട്ടിയ സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ : 04828 202331.