
മഴയെത്തി: ചെറായി ബീച്ചിൽ തീരം തകരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ മഴ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചെറായി ബീച്ചിൽ തീരം തകരുന്നു. തിരമാലകൾ ശക്തമായതിനെ തുടർന്ന് മണൽപ്പരപ്പു നഷ്ടപ്പെട്ട തീരത്ത് ഇപ്പോൾ ഉയർന്നുനിൽക്കുന്നതു കരിങ്കല്ല് മാത്രമാണ്. ഇതോടെ സന്ദർശകർക്കു കടലിൽ ഇറങ്ങാനുള്ള വഴിയും അടഞ്ഞു. കാലവർഷവേളയിൽ തീരം കടലെടുക്കുന്നതു പുതിയ കാര്യമല്ലെങ്കിലും ചെറായി ബീച്ചിന്റെ കാര്യത്തിൽ അതു തടയാനുള്ള നടപടികൾ വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ ഇതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
തിരമാലകളെ കീറിമുറിച്ച് തീരത്തിന് ഏൽക്കുന്ന ആഘാതം കുറയ്ക്കുന്ന പുലിമുട്ടുകൾ ചെറായി ബീച്ച് മേഖലയിൽ ഒരുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായില്ല. ഇതുമൂലം വർഷത്തിൽ ഏറിയ പങ്കും ബീച്ച് തീരമില്ലാത്ത അവസ്ഥയിലാകുന്നു. എല്ലാ വർഷവും ഇത്തരത്തിൽ മണൽത്തിട്ട നഷ്ടമാകുന്നതു ബീച്ചിൽ സന്ദർശകർക്കായി നിർമിച്ച നടപ്പാതയ്ക്കും ബലക്ഷയം ഉണ്ടാക്കുന്നുണ്ട്. കല്ലുകൾ ഉയർന്നുനിൽക്കുന്ന ഭാഗത്തുകൂടി സന്ദർശകർ കടലിൽ ഇറങ്ങാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കും. അപകട സാധ്യത ചൂണ്ടിക്കാട്ടാനും അടിയന്തര ഘട്ടങ്ങളിൽ ഇടപെടാനും ലൈഫ് ഗാർഡുകൾ ഉള്ളതുകൊണ്ടു മാത്രമാണു പലപ്പോഴും ജീവഹാനി ഒഴിവാകുന്നത്.