
സിയോൾ: വടക്കൻ കൊറിയയിൽ ഭീമൻ യുദ്ധക്കപ്പൽ വെള്ളത്തിറക്കിയ ദിവസം തന്നെയുണ്ടായ വൻ അപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിന് ഉത്തരവാദികളായ ഷിപ്പ്യാർഡ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഭരണാധികാരിയായ കിം ജോങ് ഉൻ നോക്കി നിൽക്കവെയായിരുന്നു 5000 ടൺ ഭാരമുള്ള കപ്പൽ ഒരുവശത്തേക്ക് ചരിഞ്ഞത്. ഉത്തരവാദികൾക്ക് കടുത്ത ശിക്ഷ വിധിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയ സംഭവമായാണ് യുദ്ധക്കപ്പലിന്റെ തകരാറിനെ നോർത്ത് കൊറിയൻ ഭരണകൂടം വിലയിരുത്തിയത്. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ഉയർന്നു. ചോങ്ജിനിലെ തുറമുഖത്ത് വൻ ജനക്കൂട്ടത്തെ സാക്ഷി നിർത്തിയാണ് കിം ജോങ് ഉൻ പുതിയ യുദ്ധക്കപ്പൽ നീറ്റിലിറക്കിയത്. തന്റെ സൈനിക ശേഷിയുടെ പ്രകടനം കൂടിയായി കിം വിലയിരുത്തിയ ചടങ്ങിൽ സംഭവിച്ച അബദ്ധം അദ്ദേഹം കടുത്ത അപമാനമായാണ് കണക്കാക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ഊർജിതമായി മുന്നോട്ട് പോയ അന്വേഷണത്തിന്റെ ഭാഗമായി ചോങ്ജിൻ ഷിപ്പ്യാർഡ് ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.
നീല നിറത്തിലുള്ള ടാർപ്പോളിൻ കൊണ്ട് മൂടിയ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നത് ഉപഗ്രഹ ചിത്രങ്ങളിൽ കാണം. ജൂണിൽ നടക്കുന്ന ഭരണകക്ഷി യോഗത്തിന് മുമ്പേ കപ്പൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉപയോഗ യോഗ്യമാക്കാൻ കിം നിർദേശിച്ചിട്ടുണ്ട്. മേഖലയിൽ അമേരിക്കൻ സൈനിക സാന്നിദ്ധ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു നോർത്ത് കൊറിയ പുതിയ അത്യാധുനിക യുദ്ധക്കപ്പൽ പുറത്തിറക്കിയത്. ശത്രുക്കളിൽ നിന്നുള്ള എല്ലാ ഭീഷണികളും നോർത്ത് കൊറിയ നേരിടുമെന്ന് നോർത്ത് കൊറിയൻ പ്രതിരോധ മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]