
‘ മഴ കനത്തപ്പോൾ മണൽവാരൽ നിർത്തി മടങ്ങാനൊരുങ്ങുമ്പോൾ പുഴ വിഴുങ്ങി’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുങ്ങല്ലൂർ ∙ ‘മഴ കനത്തപ്പോൾ മണൽവാരൽ നിർത്തി ഞങ്ങൾ തിരിച്ചുപോരുകയായിരുന്നു. കനത്ത കാറ്റും കടൽ തിരമാല പോലെ പുഴയിൽ ഓളവുമായപ്പോൾ അപകടം മണത്തു. വഞ്ചിയിൽ വെള്ളം കയറുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഞാനും സന്തോഷും വെള്ളം കോരിക്കളഞ്ഞു. എന്നാൽ പൊടുന്നനെ വഞ്ചി മുങ്ങിത്താഴുകയായിരുന്നു’ – കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ കോട്ട കായൽ കടവിൽ അപകടത്തിൽ നിന്നു രക്ഷപ്പെട്ട ബൈജുവിന്റെ വാക്കുകളാണിത്.
കാണാതായ രണ്ടുപേർക്കു വേണ്ടി തിരച്ചിൽ നടത്തവേ പുഴക്കടവിൽ ഏറെ വേദനയോടെ നിൽക്കുകയായിരുന്നു ബൈജു. പതിവുപോലെ വെള്ളി രാത്രി 11നാണ് പടന്ന കടവിൽ നിന്നു ഇവർ പുറപ്പെട്ടത്. മണൽ വാരിക്കൊണ്ടിരിക്കെ മഴ ശക്തമായി. മണൽ വാരുന്നതിനു മറ്റു വള്ളങ്ങൾ ഇല്ലായിരുന്നു. മത്സ്യത്തൊഴിലാളികളുടെ വള്ളവും തീരത്തടുത്തു. ഒടുവിൽ തിരിച്ചുപോരാൻ തീരുമാനിക്കുമ്പോഴായിരുന്നു അപകടം.
കാഞ്ഞിരപ്പുഴയിൽ കോട്ടപ്പുറം ഭാഗത്ത് ആഴം കൂടുതലുള്ള പ്രദേശത്തായിരുന്നു അപകടം. വഞ്ചി മുങ്ങിയതിനൊപ്പം താനും മുങ്ങിത്താഴ്ന്നതായി ബൈജു പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ട നിമിഷം. പൊടുന്നനെ മുകളിലേക്ക് ഉയരാൻ തോന്നി. കൈകൾ ഉയർത്തി നീന്താൻ ശ്രമിച്ചു. ഇതിനിടിയിൽ വള്ളത്തിലെ കഴുക്കോൽ കയ്യിൽ തടഞ്ഞു. ഇതിൽ പിടിച്ചു രക്ഷപ്പെടുകയായിരുന്നു.
അൻപതു മീറ്ററിലേറെ നീന്തി കോട്ടയിലെ ഒരു വീട്ടിലേക്കു കയറി. ഇൗ സമയം അജേഷും നീന്തിക്കയറി. അപകടം നടന്ന സ്ഥലത്തുനിന്നു തെക്കോട്ട് മാറിയാണ് ഇരുവരും എത്തിയത്. പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. നീന്തുമ്പോൾ പടിഞ്ഞാറോട്ട് ഒഴുകിപ്പോകുകയായിരുന്നു.
വഞ്ചി മുങ്ങിയപ്പോഴും നീന്തുമ്പോഴും മരണത്തിനു കീഴടങ്ങുമെന്നു കരുതിയെന്ന് ഇരുവരും പറഞ്ഞു. അപകടം അറിഞ്ഞയുടനെ എസ്ഐ കെ.സാലിം, എസ്ആ എം.ജെ.ബാബുവും സംഘവും പടന്നയിൽ നിന്നുള്ള മണൽവാരൽ തൊഴിലാളികളും പരിശോധന നടത്തി. പിന്നീട് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ കെ.വേലായുധൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.എൻ.സുധൻ എന്നിവരും ചാലക്കുടയിൽ നിന്നുള്ള സ്കൂബ ഡൈവിങ് സംഘവും തിരച്ചിൽ നടത്തി. അപകടമറിഞ്ഞ് വി.ആർ.സുനിൽ കുമാർ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും തൊഴിലാളികളും നാട്ടുകാരും കോട്ട കായൽ കടവിലെത്തി.