
കനത്ത കാറ്റ്, മഴ: ജില്ലയിൽ പലയിടത്തും നാശനഷ്ടങ്ങൾ; കെടുതിക്കാറ്റിൽ നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ അലറിപ്പെയ്ത മഴയ്ക്കു പിന്നാലെ കാറ്റും കരുത്തുകാട്ടിയതോടെ മീനച്ചിൽ താലൂക്കിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടെങ്കിലും മീനച്ചിലിൽ മാത്രം 33 വീടുകൾ ഭാഗികമായി തകർന്നു. മാഞ്ഞൂർ പഞ്ചായത്ത് നാലാം വാർഡ് കൊണ്ടൂക്കുന്നേൽ രാജുവിന് വീട് തകർന്നു പരുക്കേറ്റു. രാജുവിനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവും രണ്ട് മക്കളും വീടിനുള്ളിലുണ്ടായിരുന്നപ്പോഴാണ് അപകടം.
കാഞ്ഞിരപ്പള്ളി, പാലാ, മരങ്ങാട്ടുപിള്ളി, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലർച്ചെ 3നു വീശിയടിച്ച കാറ്റിൽ തലയാഴം ഉല്ലല ചുഴലിക്കാട് വീട്ടിൽ ഷംസുദ്ദീൻ, വടയാർ മാർ സ്ലീബാ സ്കൂളിനു സമീപം ഉഷസ്സിൽ രാജലക്ഷ്മി എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും ഇന്നു ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 27, 28 തീയതികളിൽ ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ൽ താഴെ വീണ നിലയിൽ.
മൊബൈൽ ടവർ നിലംപതിച്ചു
പാലാ∙ ഇന്നലെ പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെന്റ് തോമസ് കോളജ് ലൈബ്രറി ബ്ലോക്കിന്റെ 4ാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് ഇന്നലെ പുലർച്ചെയുണ്ടായ കാറ്റിൽ നിലം പൊത്തിയത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. ഇരുമ്പു കൊണ്ടുള്ള ടവർ ഫ്രെയിം പൂർണമായും തകർന്നു. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങളും വീഴ്ചയിൽ തകർന്നിട്ടുണ്ട്. കോളജിന്റെ മുറ്റത്തേക്കു പതിച്ചതിനാൽ കെട്ടിടത്തിന് കേടുപാടുകളില്ല. ടവർ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ഭാഗം ഉൾപ്പെടെയാണ് നിലംപൊത്തിയത്.
അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കും
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടായേക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടർ ജോൺ വി.സാമുവൽ അറിയിച്ചു.
മാറിത്താമസിക്കാൻ മടി വേണ്ട
∙ ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറിത്താമസിക്കണം. താമസം മാറേണ്ട സാഹചര്യമുണ്ടെങ്കിൽ രാത്രി വരെ കാത്തിരിക്കരുത്.
∙ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
∙ സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ സുരക്ഷിതമാക്കണം.
∙ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കായി ഇറങ്ങാനോ പാടില്ല.
∙ മലയോരമേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.
വൈദ്യുതി മുടക്കം:112 പരാതികൾ
കാറ്റിലും മഴയിലും എരുമേലി സെക്ഷൻ പരിധിയിൽ വ്യാപകമായി വൈദ്യുതി മുടങ്ങി. വെള്ളിയാഴ്ച മാത്രം 112 വൈദ്യുതി മുടക്ക പരാതികളാണ് കെഎസ്ഇബിയിൽ റജിസ്റ്റർ ചെയ്തത്.
കുമരകത്ത് ശക്തമായ മഴ
കുമരകം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പകലും ശക്തമായ മഴയായിരുന്നു. തോടുകളിൽ ജലനിരപ്പ് ഉയർന്നു. കുമരകം റോഡിന്റെയും സമീപ റോഡുകളിലും പല സ്ഥലത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വിരിപ്പു കൃഷിയിറക്കാനുള്ള ഒരുക്കത്തെ മഴ ബാധിച്ചു.
കണമല മേഖലയിൽ കാറ്റിൽ വ്യാപക നാശം
എരുമേലി ∙ കണമല മേഖലയിൽ കനത്ത കാറ്റിൽ വ്യാപക നാശം. ഇന്നലെ വൈകിട്ട് ഏഴോടെ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. പല കെട്ടിടങ്ങളുടെയും റൂഫിങ് പറന്നു പോയി. വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണും നാശനഷ്ടമുണ്ട്.
പ്രവേശനോത്സവ ഒരുക്കത്തിനിടെ കാറ്റുവന്നു; മേൽക്കൂരയെടുത്തു
തലനാട്∙ ഇരുട്ടത്ത് കാറ്റിൽ പറന്നത് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളെ കാത്തിരുന്ന വിദ്യാലയത്തിന്റെ മേൽക്കൂര. പ്രവേശനോത്സത്തിനു 9 ദിവസം മാത്രം ശേഷിക്കെയാണ് 22 വിദ്യാർഥികൾ പഠിക്കുന്ന വെള്ളാനി ഗവ.എൽപി സ്കൂളിന്റെ മേൽക്കൂര കാറ്റിൽ പറന്നത്. കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി താഴെവീണു. 2 തൂണുകൾക്കും തകരാർ സംഭവിച്ചതോടെ കെട്ടിടം അപകടാവസ്ഥയിലാണ്.
ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന വെള്ളാനി മേഖലയിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് പ്രതിസന്ധിയിലായത്. പ്രദേശവാസികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പൂർണ പിന്തുണയിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. ഉയർന്ന സ്ഥലമായതിനാനാലാണു മേൽക്കൂരയിൽ കാറ്റ് പിടിച്ചത്. എത്രയും വേഗം പരിഹാര നടപടികൾ സ്വീകരിക്കുമെന്നും 2നു തന്നെ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണു കരുതുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ ആശാ റിജു എന്നിവർ പറഞ്ഞു.
മരം വീണ് മേൽക്കൂര തകർന്നു; കിടപ്പുരോഗി രക്ഷപ്പെട്ടു
ചങ്ങനാശേരി ∙ കനത്ത കാറ്റിലും മഴയിലും കൂറ്റൻ പുളിമരം വീണ് മേൽക്കൂര തകർന്നെങ്കിലും കിടപ്പുരോഗിയായ വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 7 ന് ഫാത്തിമാപുരം കുന്നക്കാട് ളാക്കുളത്ത് ഹാരിസും കുടുംബവും താമസിക്കുന്ന വാടകവീടിനു മീതെയാണ് പുളിമരം കടപുഴകി വീണത്. ഹാരിസിന്റെ മാതാവ് റബിയ (87) കിടന്നിരുന്ന മുറിയിലേക്ക് കൂറ്റൻ ശിഖരങ്ങൾ പതിക്കുകയായിരുന്നു. ആസ്ബസ്റ്റോസ് മേൽക്കൂരകളും തടികളും തകർന്ന് മുറിക്കുള്ളിലേക്ക് വീണു. ഷീറ്റിന്റെ ഒരു ഭാഗം വീണ് റബിയയുടെ തലയ്ക്ക് നിസ്സാര പരുക്കേറ്റു. മരം വീഴുമ്പോൾ റബിയയും കൊച്ചുമകൾ ഖദീജയും (15) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഖദീജ വരാന്തയിലായിരുന്നതിനാൽ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. മരം വീഴുന്ന ശബ്ദം കേട്ട് വീടിനു സമീപത്തുണ്ടായിരുന്ന ഹാരിസും നാട്ടുകാരും ഓടിയെത്തി. ഏറെ പരിശ്രമിച്ചാണ് മുറിക്കുള്ളിൽ കുടുങ്ങിക്കിടന്ന റബിയ പുറത്തെത്തിച്ചത്.