
‘രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബിജെപി ഒറ്റക്കെട്ട്; ബാക്കിയെല്ലാം അസംബന്ധം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ബിജെപി ഒറ്റക്കെട്ടായി ഒരേ മനസ്സോടെ മുന്നോട്ടുപോകുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മാത്രമാണ് തങ്ങൾക്ക് മുൻപിലുള്ളത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട് എൻഡിഎ ഐതിഹാസിക വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കും അഭിപ്രായ വ്യത്യാസമില്ല, അതൃപ്തിയില്ല. അത്തരം വാർത്തകൾ അസംബന്ധമാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
2016 മുതൽ കേരളം ഒരുപാട് ദുരന്തങ്ങളെ നേരിട്ടു. കേരളം നേരിട്ട മഹാദുരന്തമാണ് പിണറായി സർക്കാർ. സർക്കാരിന്റെ നേട്ടമായി പറയുന്ന ദേശീയപാതയും ഗെയിൽ പൈപ്പ് ലൈനും കൊച്ചി–ബെംഗളൂരു വ്യവസായി ഇടനാഴിയും അടക്കം എല്ലാ പദ്ധതികളും നരേന്ദ്ര മോദി സർക്കാരിന്റേതാണ്. പത്തുവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാന സർക്കാരിന്റെ ആകെ ഗുണഭോക്താക്കൾ മകളും മരുമകനും അവരോടു ചേർന്ന് നിൽക്കുന്നവരുമാണ്. കടം വാങ്ങാതെ ഒരിഞ്ച് മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ആളോഹരി കടം വർധിക്കുന്നു. വികസന പദ്ധതികൾ ഒന്നും നടപ്പിലാക്കുന്നില്ല. ആരോഗ്യ മേഖല, കാർഷിക മേഖല തുടങ്ങിയ സമസ്ത മേഖലകളിലും പരാജയം. ഗുണ്ടകൾ ശിക്ഷിക്കപ്പെട്ട വകുപ്പുകൾ രേഖപ്പെടുത്തിയ കേക്കു മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന തലത്തിലേക്ക് ക്രമസമാധാന നില തകർന്നു.
കേരളത്തെ സർവനാശത്തിലേക്ക് നയിച്ച പിണറായി സർക്കാരിനെ താഴെ ഇറക്കുന്നതു വരെ ബിജെപി പ്രക്ഷോഭ പരിപാടി നടത്തും. ‘കേരളം വീണ പത്തുവർഷം’ എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് ഈ മാസം 26ന് സെക്രട്ടറിയേറ്റിനു മുമ്പിലെ പ്രതിഷേധ ധർണയോടെ തുടക്കമാകുമെന്നും കൃഷ്ണദാസ് അറിയിച്ചു.