
ദിസ്പൂര്‍: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദര്‍ശകര്‍ എത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമായി കാസിരംഗ. കേരളത്തിലെ പെരിയാറിനും രാജസ്ഥാനിലെ രന്തംബോറിനും ശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാസിരംഗ വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 1നും 2025 മെയ് 18നും ഇടയിൽ 4,43,636 സന്ദർശകരാണ് കാസിരംഗയിലെത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കാസിരംഗയിലെ സന്ദര്‍ശകരുടെ എണ്ണത്തിൽ 35% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 25% വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട കാസിരംഗ ലോകമെമ്പാടുമുള്ള നിരവധി മൃഗസ്നേഹികളുടെയും പ്രകൃതി സ്നേഹികളുടെയുമെല്ലാം പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും കാസിരംഗ നാഷണൽ പാർക്ക് ഇടംപിടിച്ചിട്ടുണ്ട്.
ആസാമിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കാസിരംഗ നിരവധി ജൈവവൈവിധ്യങ്ങളുടെ ഒരു കലവറയാണ്. കാസിരംഗയുടെ ഉയർച്ചയ്ക്ക് നിരവധി ഘടകങ്ങൾ കാരണമായിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. മികച്ച റോഡുകൾ, പരിസ്ഥിതി സൗഹൃദ താമസ സൗകര്യങ്ങൾ തുടങ്ങിയവ കാസിരംഗയെ വ്യത്യസ്തമാക്കുന്നു. പരിസ്ഥിതി സൗഹൃദ ടൂറിസത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇലക്ട്രിക് സഫാരി വാഹനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കാസിരംഗ സ്റ്റാഫ് വെൽഫെയർ സൊസൈറ്റി നടത്തുന്ന ഇക്കോ-ഷോപ്പുകൾ പ്രദേശവാസികൾക്ക് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള വേദിയായി മാറുന്നു. ഈ സംരംഭം പ്രദേശവാസികൾക്ക് സ്ഥിരമായ വരുമാനം ഉറപ്പുവരുത്തുകയും അവരെ ശാക്തീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വേനൽക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കാസിരംഗ. പ്രകൃതി സ്നേഹികൾക്കും വന്യജീവി സ്നേഹികൾക്കും അനുയോജ്യമായ നിരവധി ആക്ടിവിറ്റീസ് ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ പര്യവേക്ഷണം ചെയ്യാൻ എലിഫന്റ് സഫാരിയോ അല്ലെങ്കിൽ ജീപ്പ് സഫാരിയോ തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ഓർക്കിഡുകളുടെ ശേഖരം കാണാൻ കാസിരംഗ നാഷണൽ ഓർക്കിഡ് ആൻഡ് ബയോഡൈവേഴ്സിറ്റി പാർക്ക് സന്ദർശിക്കാം. പക്ഷിനിരീക്ഷണം നടത്താനും ഏറെ അനുയോജ്യമായ ഇടമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]