
ദില്ലി: ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാൻ. ബുധനാഴ്ച ഒരു വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോഴാണ് പാകിസ്ഥാൻ ഈ നിലപാടെടുത്തതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡൽഹി-ശ്രീനഗർ ഇൻഡിഗോ എയർലൈൻസ് വിമാനം അപ്രതീക്ഷിതമായ ആകാശച്ചുഴിയെ നേരിട്ടപ്പോൾ, പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാകിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോൾ, ആകാശച്ചുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അപായസൂചന നൽകി. തുടർന്ന് ലാഹോർ എടിസിയുമായി ബന്ധപ്പെട്ട് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടി. അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പൈലറ്റ് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു.
മെയ് 21 ന് വൈകുന്നേരമാണ് ഇൻഡിഗോ വിമാനം 6E 2142 ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെ തുടർന്ന് വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയി. പൈലറ്റ് ശ്രീനഗറിലെ എയർ ട്രാഫിക് കൺട്രോളിൽ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്തു. വിമാനം ആടിയുലഞ്ഞപ്പോൾ പരിഭ്രാന്തരായ യാത്രക്കാർ പ്രാർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ വൈകുന്നേരം 6:30ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.
വിമാനം ലാൻഡ് ചെയ്ത ശേഷം എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. എന്നിരുന്നാലും, വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഡെറക് ഓ’ബ്രയൻ, നദിമുൽ ഹക്ക്, സാഗരിക ഘോഷ്, മാനസ് ഭുനിയ, മമത താക്കൂർ തുടങ്ങിയവര് ഈ വിമാനത്തിൽ ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ പാകിസ്ഥാൻ ഇന്ത്യയിലേക്കുള്ള വ്യോമാതിർത്തി അടച്ചിരുന്നു. പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തി ഉപയോഗിക്കാനും അനുവാദമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]