
പ്യോംങ്യാംഗ്: പുതിയ യുദ്ധ കപ്പൽ അവതരണം താറുമാറായതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. പൊറുക്കാനാവാത്ത ക്രിമിനൽ നടപടിയെന്നാണ് വ്യാഴാഴ്ച യുദ്ധ കപ്പൽ അവതരണ സമയത്തെ അപകടത്തെ കിം ജോംഗ് ഉൻ വിശേഷിപ്പിച്ചത്. 5000 ടൺ ഭാരമുള്ള യുദ്ധകപ്പലിന്റെ അടി ഭാഗം തകർന്ന് കപ്പൽ മുങ്ങാനിടയായ സംഭവത്തെ കിം രൂക്ഷമായി അപലപിച്ചു. ലോഞ്ച് സമയത്ത് പരിപാടിയിൽ കിം എത്തിയിരുന്നില്ല. ജൂണിൽ അടുത്ത പാർട്ടി മീറ്റിംഗിന് മുന്നോടിയായി കപ്പൽ തകരാർ പരിഹരിച്ച് കപ്പൽ പുറത്തിറക്കാനും കിം നിർദ്ദേശം നൽകി.
കപ്പൽ ഡിസൈൻ ചെയ്തവരാണ് സംഭവിച്ച നാശനഷ്ടത്തിന്റെ ഉത്തരവാദിയെന്നും രാജ്യത്തിന്റെ അഭിമാനവും അന്തസും ഇവർ ഹനിച്ചതായും കിം കുറ്റപ്പെടുത്തി. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. വ്യാഴാഴ്ച കിഴക്കൻ തീരനഗരമായ ചോങ്ജിനിലെ കപ്പൽശാലയിൽ വച്ചുണ്ടായ അപകടത്തിന് അശ്രദ്ധയും പരിചയക്കുറവും ഉത്തരവാദിത്ത കുറവും കാരണമായെന്നാണ് കിം വിലയിരുത്തുന്നത്. അപകടത്തിന് കാരണമായവരുടെ പിഴവുകൾ പാർട്ടിയോഗത്തിൽ പരിഗണിക്കുമെന്നും കിം വ്യക്തമാക്കി. എന്നാൽ ഇവർക്ക് എത്തരത്തിലുള്ള ശിക്ഷ ലഭിക്കുമെന്നത് ഇനിയും വ്യക്തമല്ല.
ഉത്തര കൊറിയിൽ പ്രാദേശികമായി ഉണ്ടാവുന്ന ഇത്തരം അപകടങ്ങൾ പുറത്ത് വരുന്നത് വളരേ അപൂർവ്വമായാണ്. കഴിഞ്ഞ നവംബറിൽ സൈനിക ഉപഗ്രഹം വിക്ഷേപണത്തിന് ഇടെ തകർന്നത് ഇത്തരത്തിൽ പുറത്ത് വന്നിരുന്നു. വിക്ഷേപണം നടത്തിയ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഈ സംഭവത്തിൽ കിം പ്രതികരിച്ചത്. ഉത്തര കൊറിയൻ നാവിക സേനയെ അത്യാധുനികമാക്കുന്നതിൽ നിർണായകമെന്ന നിലയിലാണ് 70 മിസൈലുകൾ വഹിക്കാവുന്ന യുദ്ധകപ്പലിനെ വ്യാഴാഴ്ച അനാവരണം ചെയ്തത്. അടുത്ത വർഷം സേനയുടെ ഭാഗമാവുമെന്ന് കിം വിശേഷിപ്പിച്ച യുദ്ധ കപ്പലാണ് അനാവരണ ചടങ്ങിൽ തന്നെ മുങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]