
ഒരേ രീതിയിലുള്ള അസെറ്റ് അലോക്കേഷൻ എല്ലാത്തരം സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുയോജ്യമാവില്ല. നിക്ഷേപകന്റെ ലക്ഷ്യങ്ങൾ, റിസ്ക് എടുക്കാനുള്ള കഴിവ്, സമയപരിധി എന്നിവ കണക്കിലെടുത്ത് അതിൽ വ്യത്യാസം വരുത്തണം
5 ആസ്തി വിഭാഗങ്ങൾ
പൊതുവേ നിക്ഷേപങ്ങളെ അഞ്ചു പ്രധാന ആസ്തി വിഭാഗങ്ങളായി തിരിക്കാം– ഓഹരി (ബിസിനസ് ഉടമസ്ഥാവകാശം), ഡെറ്റ് (കടപത്രങ്ങളുടെ പലിശ), കമ്മോഡിറ്റീസ് (സ്വർണവും വെള്ളിയുംപോലുള്ളവ), റിയൽ എസ്റ്റേറ്റ്, ഡെറിവേറ്റീവുകൾ (വിവിധ ആസ്തികളെ അടിസ്ഥാനമാക്കിയുള്ള കരാറുകൾ).
ഇവ ഓരോന്നും ആഗോളതലത്തിലെ സാമ്പത്തിക സാഹചര്യങ്ങൾ, പലിശനിരക്ക്, ഭൗമരാഷ്ട്രീയ സംഭവങ്ങൾ, നിക്ഷേപക വികാരം എന്നിവയോടു വ്യത്യസ്തമായാവും പ്രതികരിക്കുക. അതായത്, ഇവയ്ക്കെല്ലാം സമ്പത്ത് സൃഷ്ടിക്കാൻ കഴിവുണ്ടെങ്കിലും സാഹചര്യത്തിനനുസരിച്ച് ഓരോന്നും നേട്ടമുണ്ടാക്കുന്നത് ഏറിയും കുറഞ്ഞുമായിരിക്കും. നിങ്ങളുടെ നിക്ഷേപം ഈ ആസ്തികളിലെല്ലാം വിഭജിച്ച് നിക്ഷേപിക്കേണ്ടതിന്റെ (അസെറ്റ് അലോക്കേഷൻ) പ്രാധാന്യവും ഇതുതന്നെയാണ്. പോർട്ഫോളിയോയുടെ നഷ്ടസാധ്യത കുറയ്ക്കാൻ ഈ ആസ്തി വിഭാഗങ്ങളിലെ നിക്ഷേപം അനിവാര്യമാണ്. ഒപ്പം നിക്ഷേപങ്ങൾ സന്തുലിതമാവുകയും ചെയ്യേണ്ടതുണ്ട്. അവ ഇടയ്ക്കിടെ പുനഃക്രമീകരിക്കുകയും വേണം. ഉദാഹരണത്തിന്, ഓഹരികൾ ഗണ്യമായി ഉയർന്ന് ആകെ മൂല്യത്തിൽ നിങ്ങൾ നിശ്ചയിച്ചിരിക്കുന്ന പരിധിയിലും ഉയർന്നാൽ ലാഭമെടുത്ത് ഡെറ്റിലോ സ്വർണം പോലുള്ള മറ്റ് ആസ്തികളിലോ പുനർവിന്യസിക്കാം.
എന്നാൽ, ഇത്തരത്തിൽ പുനഃക്രമീകരിക്കുക എന്നതു സാധാരണ നിക്ഷേപകരെക്കൊണ്ട് എപ്പോഴും സാധിക്കുന്ന കാര്യമല്ല. ഈ സാഹചര്യത്തിലാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ സഹായകമാവുന്നത്.മ്യൂച്വൽ ഫണ്ടുകളിൽ, പരിചയസമ്പന്നരായ ഫണ്ട് മാനേജർമാർ ആസ്തികളിൽ വേണ്ട മാറ്റങ്ങൾ വരുത്തും.
ഇതു കൂടുതൽ സുഗമവും കാര്യക്ഷമവുമായ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യും. ഒരു കാര്യം ഓർക്കുക ഏതെങ്കിലും തരത്തിലുള്ള ഒരു അസെറ്റ് അലോക്കേഷൻ എല്ലാത്തരം സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുയോജ്യമാവില്ല. നിക്ഷേപകന്റെ ലക്ഷ്യങ്ങൾ, റിസ്ക് എടുക്കാനുള്ള കഴിവ്, സമയപരിധി എന്നിവ കണക്കിലെടുത്തായിരിക്കണം അസെറ്റ് അലോക്കേഷൻ നടത്തേണ്ടത്. 30 വർഷത്തിനുശേഷം വിരമിക്കൽ ലക്ഷ്യമിട്ടു നിക്ഷേപിക്കുന്ന ഒരു യുവാവിന് ഇക്വിറ്റികളിലായിരിക്കണം ഉയർന്ന വിഹിതം ഉണ്ടാവേണ്ടത്. അതേസമയം, വിരമിക്കൽ അടുത്തെത്തിയ ഒരാൾക്ക് മൂലധന സംരക്ഷണത്തിനായി ഡെറ്റ് ഫണ്ടുകളിലേക്കു കൂടുതൽ നിക്ഷേപിക്കുന്ന രീതിയാവും അനുയോജ്യം.
നിക്ഷേപ വൈവിധ്യവൽക്കരണം
വ്യത്യസ്തമായ നിക്ഷേപ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിക്ഷേപകർക്ക് അവരുടെ വ്യക്തിഗത റിസ്ക് പ്രൊഫൈലുകൾ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാൻ ധാരാളം അസെറ്റ് അലോക്കേഷൻ ഫണ്ടുകൾ ഇന്നു ലഭ്യമാണ്. മ്യൂച്വൽ ഫണ്ടിലൂടെ നിക്ഷേപ വൈവിധ്യവൽക്കരണം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന ഒരു ഫണ്ടാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ അസെറ്റ് അലോക്കേറ്റർ ഫണ്ട് (FOF).
ഇക്വിറ്റി, ഡെറ്റ്, ഗോൾഡ് മ്യൂച്വൽ ഫണ്ട് സ്കീമുകൾ/ഇടിഎഫുകൾ എന്നിവയിലുടനീളം ഈ ഫണ്ട്-ഓഫ്-ഫണ്ട് നിക്ഷേപിക്കുന്നുണ്ട്. 2025 മാർച്ച് 28ലെ കണക്കനുസരിച്ച് ഈ ഫണ്ടിന്റെ ഒരു വർഷത്തെ റിട്ടേൺ (CAGR) 9.50% ആണ്. മൂന്നു വർഷക്കാലയളവില് 12.86ഉം അഞ്ചു വർഷത്തിനുള്ളിൽ 19.04 ശതമാനവും റിട്ടേൺ ആണ് ഈ ഫണ്ട് നൽകിയത്.
ലേഖകൻ വൈ ഗ്രീൻ സർവീസസ് PVT LTD ന്റെ ഡയറക്ടറാണ്.
മെയ് ലക്കം സമ്പാദ്യത്തില് പ്രസിദ്ധീകരിച്ചത്.
സംശയങ്ങൾ സമ്പാദ്യത്തിലേക്കു കത്തായോ, വാട്സാപ്പ് സന്ദേശമായോ 92077 49142 എന്ന നമ്പറിലേക്ക് അയയ്ക്കുക.