
ദേശീയപാതയുടെ തകർച്ച: ഭാരം താങ്ങാനാകാതെ അടിയിലെ മണ്ണ് അടർന്നു മാറിയതെന്ന് വിദഗ്ധ സംഘം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂരിയാട് ∙ മുകളിലെ ഭാരം താങ്ങാനാകാതെ അടിയിലെ മണ്ണ് അടർന്നു മാറിയതാണു ദേശീയപാതയും സർവീസ് റോഡും തകരാൻ കാരണമെന്നു വിദഗ്ധ സംഘം. മണ്ണ് അടർന്നു മാറാനുള്ള കാരണം മഴയാണോ, നിർമാണത്തിലെ അപാകതയാണോയെന്ന് കണ്ടെത്താൻ വിശദപഠനം നടത്തണം. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം വിശദ റിപ്പോർട്ട് ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ.മീണയ്ക്കു കൈമാറും. നിർമാണ കമ്പനിയായ കെഎൻആർസിയിൽ നിന്നു വിശദ വിവരങ്ങൾ ശേഖരിക്കും.
ജിയോ ടെക്നിക്കൽ സ്റ്റഡി വിദഗ്ധൻ ഡോ.അനിൽ ദീക്ഷിത്, എൻഎച്ച്എഐ ടെക്നിക്കൽ ഓഫിസർ ഡോ.ജിമ്മി തോമസ് എന്നിവരാണു സ്ഥലം സന്ദർശിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ എത്തിയ സംഘം 2 മണിക്കൂറെടുത്താണു പരിശോധന പൂർത്തിയാക്കിയത്. ആദ്യം, മുകളിലുള്ള ആറുവരി പാതയാണ് വിശദമായി പരിശോധിച്ചത്. തകർന്ന ഭാഗം വിശദമായി നടന്നു കണ്ടു. റോഡും പൊളിഞ്ഞ ഓരോ ഭാഗങ്ങളും വ്യക്തമായി പരിശോധിച്ചു.
തകർന്ന ഭാഗങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് താഴെയിറങ്ങി തകർന്ന സർവീസ് റോഡും വിശദമായി പരിശോധിച്ചു. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ സമരസമിതി പ്രവർത്തകർ ഉൾപ്പെടെ നാട്ടുകാർ ഉണ്ടായിരുന്നു. മണ്ണിന്റെ പ്രശ്നങ്ങൾ, വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞത്. പൂട്ടുകട്ട കൊണ്ടുളള മതിലിന് വിള്ളലുള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം നാട്ടുകാർ ചൂണ്ടിക്കാണിച്ചു.
മാധ്യമ പ്രവർത്തകരോട് കാര്യങ്ങൾ സംസാരിക്കാൻ ഇവർ തയാറായില്ല. തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞു. ഇതോടെയാണ് പ്രതികരിക്കാൻ തയാറായത്. ടീം ലീഡറായ മുതിർന്ന അംഗം വന്നിട്ടില്ലെന്നും ഇവരുമായി ആലോചിച്ച് അന്തിമ റിപ്പോർട്ട് നൽകുമെന്നും സംഘാംഗം പറഞ്ഞു. പരിശോധനയ്ക്കെത്തിയ സംഘത്തിനൊപ്പം കെഎൻആർസി, ദേശീയപാത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വേങ്ങര, എആർ നഗർ പഞ്ചായത്തിലെ ജനപ്രതിനിധികൾ, സമര സമിതി കൺവീനർ നാസർ മലയിൽ തുടങ്ങിയവരും ഉണ്ടായിരുന്നു.