
തളിപ്പറമ്പ്: വന്ധ്യംകരിച്ചെന്ന് പറയുമ്പോഴും നായ്ക്കൾ പെറ്റുപെരുകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്∙ വന്ധ്യംകരണ ശസ്ത്രക്രിയകൾക്ക് ശേഷവും താലൂക്ക് ഓഫിസ് കോംപൗണ്ടിൽ തെരുവുനായകൾ പെറ്റുപെരുകുന്നു. നേരത്തേമുതൽ ഇവിടെയുള്ള തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ എണ്ണം വർധിക്കില്ലെന്നും താലൂക്ക് ഓഫിസ് കോംപൗണ്ടിലെ തെരുവുനായ ശല്യത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നപ്പോൾ ഇവയുടെ സംരക്ഷകരായവർ ജീവനക്കാരോട് പറഞ്ഞിരുന്നു.
എന്നാൽ അടുത്ത കാലത്തായി കോംപൗണ്ടിനുള്ളിലെ നായകൾ പ്രസവിച്ചു. ഇവയും കോംപൗണ്ടിനുള്ളിൽ തന്നെ വളർന്ന് തുടങ്ങിയതോടെ ഇവിടെയുള്ള നായകളുടെ എണ്ണം വീണ്ടും വർധിച്ചിരിക്കുകയാണെന്ന് താലൂക്ക് ഓഫിസ് കോംപൗണ്ടിലെ ജീവനക്കാർ പറയുന്നു. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടിച്ച് കൊണ്ടു പോയിരുന്നുവെങ്കിലും ഇവയിൽ ചിലത് പിടികൊടുക്കാതെ രക്ഷപ്പെട്ടെന്നും പിന്നീട് ഇവയെ പിടികൂടാൻ ശ്രമം നടത്തിയില്ലെന്നും പറയപ്പെടുന്നു. ഈ നായകളാണ് പെറ്റ് പെരുകുന്നതെന്നാണ് സംശയം.
മുൻകാലങ്ങളിലെ വിലക്ക് ലംഘിച്ച് ഓഫിസ് കോംപൗണ്ടിൽ നിന്ന് തന്നെ നായകൾക്കു ഭക്ഷണം നൽകി തുടങ്ങിയതോടെ നിരവധി നായകളാണ് കോംപൗണ്ടിൽ തന്നെ കഴിയുന്നത്. ചെറിയ നായ്ക്കുട്ടികൾ ജനങ്ങൾക്കിടയിലേക്ക് ഓടിയെത്തുമ്പോൾ പിന്നാലെ ഇവയുടെ മുതിർന്ന നായകളും വരുന്നതോടെ ജനങ്ങൾ ഭീതിയിലാവുകയാണ്. ഇവിടെ പ്രസവിക്കുന്നവയിൽ നല്ല നായക്കുഞ്ഞുകളെ കൊണ്ടു പോകാൻ പലരും എത്തുന്നുണ്ടെങ്കിലും സംരക്ഷകർ അനുവദിക്കുന്നില്ലെന്നും ആരോപണമുണ്ട്.
മാലിന്യം തള്ളലും തെരുവുനായശല്യവും; കൊവുന്തല, മുനമ്പ് നിവാസികൾക്ക് ദുരിതം
ഇരിക്കൂർ ∙ റോഡരികിൽ മാലിന്യം തള്ളലും തെരുവുനായ ശല്യവും വർധിച്ചതോടെ കൊവുന്തല, മുനമ്പ് നിവാസികൾ ദുരിതത്തിൽ. ശ്രീകണ്ഠപുരം-മയ്യിൽ റോഡരികിൽ കൊവുന്തല വെസ്റ്റ് ഹിൽ ഭാഗത്താണു പതിവായി മാലിന്യം തള്ളുന്നത്. അറവു മാലിന്യങ്ങളും പഴം, പച്ചക്കറി മാലിന്യങ്ങളുമെല്ലാം റോഡിലും റോഡരികിലും തള്ളുകയാണ്.
ഇവിടെ 500 മീറ്ററോളം വിജനമായ പ്രദേശമാണ്. ഈ ഭാഗത്താണു മാലിന്യം ഉപേക്ഷിക്കുന്നത്. മാലിന്യം തള്ളുന്നതിനെതിരെ പഞ്ചായത്ത് സ്ഥാപിച്ച ബോർഡിനു മുന്നിൽ പോലും മാലിന്യം തള്ളുന്നു. പല പ്രദേശങ്ങളിൽ നിന്നും രാത്രിയും പുലർച്ചെയും വാഹനങ്ങളിൽ കൊണ്ടുവന്നാണു മാലിന്യം ഉപേക്ഷിക്കുന്നത്. മാലിന്യം തള്ളുന്നതു പതിവായതോടെ പ്രദേശത്തു തെരുവുനായ ശല്യവും രൂക്ഷമാണ്. മാലിന്യം തിന്നാനെത്തുന്ന നായ്ക്കൾ കാരണം പുലർച്ചെ വ്യായാമത്തിനിറങ്ങുന്നവരും ഇരുചക്ര വാഹന യാത്രക്കാരും ഇതുവഴി പോകാൻ പ്രയാസപ്പെടുന്നു.
യാത്രക്കാരുടെ പിന്നാലെ ഓടി ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. വീടുകളിലെത്തി ചെരിപ്പുകൾ ഉൾപ്പെടെ കടിച്ചു കൊണ്ടുപോകുന്ന അവസ്ഥയുമുണ്ട്. റോഡരികിൽ മാലിന്യം തള്ളുന്നതാണു തെരുവുനായശല്യം വർധിക്കാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും തെരുവുനായ്ക്കളെ പിടികൂടാൻ നടപടി വേണമെന്നുമാണു പ്രദേശവാസികളുടെ ആവശ്യം.