
മഞ്ഞപ്പിത്തം ബാധിച്ച് മരണം: മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ടു പെൺകുട്ടികൾക്ക് മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ. ഇക്കാര്യം വ്യക്തമാക്കുന്ന പ്രാഥമിക മെഡിക്കൽ റിപ്പോർട്ട് ലഭിച്ചുവെന്നും സൂപ്രണ്ട് പറഞ്ഞു.
പനി, വയറുവേദന, ഛർദ്ദി എന്നീ രോഗലക്ഷണങ്ങളുമായി മേയ് 13, 14 തീയതികളിലായാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമായ മീനാക്ഷി (19), നീതു (17) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. അപ്പോൾ തന്നെ ജനറൽ മെഡിസിൻ വിഭാഗത്തിൽ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കുകയും ആവശ്യമായ ലാബ് പരിശോധനകൾ നടത്തുകയും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വളരെ വേഗം രോഗം മൂർച്ഛിക്കുന്ന തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് എ യാണെന്നും കണ്ടെത്തി. അതിന്റെ ഭാഗമായി കരൾ വേഗം കേടാവുകയും ചെയ്തു.
മെഡിക്കൽ ഗ്യാസ്ട്രോ വിഭാഗവും നെഫ്രോളജി വിഭാഗവും പരിശോധിച്ച് പ്ലക്സ് തെറാപ്പി അഥവാ പ്ലാസ്മാ എക്സ്ചേഞ്ച് തെറാപ്പി എന്ന ചികിത്സ നൽകി വരികയായിരുന്നു. എന്നാലും ആരോഗ്യനിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെ ബന്ധുക്കളോട് രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്തി രണ്ടുപേർക്കും കരൾ മാറ്റിവയ്ക്കൽ ചികിത്സ നിർദേശിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സകൾ തുടരുന്നതിനിടയിലും രോഗികളുടെ ആരോഗ്യസ്ഥിതി മോശമായി. വെന്റിലേറ്റർ സഹായം ലഭ്യമാക്കിയെങ്കിലും ആരോഗ്യ നില കൂടുതൽ മോശമാകുകയും രണ്ടുപേരും മരണപ്പെടുകയും ചെയ്തു. രോഗകാരണം കണ്ടെത്തുന്നതിന് രണ്ടു പേരിൽ ഒരാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
മേയ് 16നും 18നുമാണ് സഹോദരിമാര് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മതിയായ ചികിത്സ ലഭിച്ചില്ലെന്നു നീതുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ചികിത്സ തേടിയെത്തിയ ദിവസം നിലത്താണു കിടത്തിയതെന്നും മരിക്കുന്നതിന്റെ 2 ദിവസം മുൻപ് മാത്രമാണ് അഡ്മിറ്റ് ചെയ്യാൻ തയാറായതെന്നുമാണു കുടുംബത്തിന്റെ ആരോപണം.