
വായ്പകൾ കാലാവധിക്ക് മുൻപ് തിരിച്ചടച്ച് കടം അവസാനിപ്പിക്കുന്നതാണ് ബാങ്കുകൾക്ക് ഇഷ്ടം എന്ന തോന്നലുണ്ട്. എന്നാൽ അങ്ങനെ നേരത്തെ തിരിച്ചടക്കുന്നത് ബാങ്കുകൾക്ക് അത്ര പഥ്യമല്ല. എടുക്കുന്ന വായ്പ, വായ്പയുടെ തിരിച്ചടവ് നിബന്ധനപ്രകാരം തവണകളായോ പലിശയായോ അല്ലെങ്കിൽ കാലാവധിയാവുമ്പോൾ മുതലും പലിശയും കൂടിയോ തിരിച്ചടച്ചാൽ മതി എന്നാണ് ബാങ്കുകൾ പറയുക.
നേരത്തെ തിരിച്ചടച്ചാൽ ബാങ്കുകൾ കുഴങ്ങും
ബാങ്കുകൾ നിക്ഷേപത്തിന് പലിശ നൽകുന്നത് ആ തുക വായ്പ നൽകി ലഭിക്കുന്ന പലിശയിൽ നിന്നാണ്. അതിനാൽ വായ്പ എടുത്ത വ്യക്തിയോ സ്ഥാപനമോ ആ വായ്പ കാലാവധി തീരുന്ന വരെ ഉപയോഗിക്കുകയും അതിന് പലിശ നൽകുകയും ചെയ്യുന്നതാണ് ബാങ്കിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ടത്. നിക്ഷേപങ്ങളുടെ പലിശയും മുതലും കാലാവധിയാകുന്നതനുസരിച്ച് ഇടപാടുകാർക്ക് തിരിച്ചു നൽകാൻ വേണ്ട തുക ബാങ്കിൽ ഉണ്ടായിരിക്കണം. ഇതിനായി വായ്പകളിൽ നിന്ന് എത്ര തുക തവണകളായി തിരിച്ചു വരും, എത്ര തുക മുതലായി തിരിച്ചു വരും, എത്ര തുകയാണ് പലിശയിനത്തിൽ വരിക എന്നതെല്ലാം കണക്കാക്കും. വായ്പ തവണ മുടക്കം വരുത്തിയാൽ ഈ കണക്ക് കൂട്ടൽ തകരാറിലാകും. ഈ ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് വായ്പകൾ കരാറനുസരിച്ചുള്ള സമയത്ത് തിരിച്ചടച്ചാൽ മതി എന്ന് ബാങ്കുകൾ കരുതുന്നത്.
വായ്പ നേരത്തെ അവസാനിപ്പിക്കുന്നത് ഇടപാടുകാരന്റെ അവകാശമല്ലേ?
എന്നാൽ ചില ഇടപാടുകാർ വായ്പ കാലാവധിക്ക് മുൻപ് തിരിച്ചടക്കും. അതിന് അവർക്കു അവരുടേതായ ആവശ്യങ്ങൾ ഉണ്ടാകും, കടം തീർത്ത് സമാധാനമായിരിക്കാനാകും. അല്ലെങ്കിൽ വായ്പ തുക കൂടുതൽ നൽകാൻ മറ്റൊരു ബാങ്ക് തയ്യാറായതുകൊണ്ടാകാം. ഇപ്പോൾ നൽകുന്ന പലിശ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിന് മറ്റൊരു ബാങ്ക് വായ്പ നൽകാൻ മുന്നോട്ടു വന്നിരിക്കാം. അതുമല്ലെങ്കിൽ നിലവിലുള്ള ബാങ്കുമായുള്ള മറ്റെന്തെങ്കിലും അഭിപ്രായ വിത്യാസം കൊണ്ടാകാം. കാരണം എന്തുമാകട്ടെ, വായ്പകൾ നേരത്തെ തിരിച്ചടക്കാൻ ഇടപാടുകാർ തയാറായി വന്നാൽ പറ്റില്ല എന്ന് പറയാൻ ബാങ്കിന് കഴിയില്ല. എന്നാൽ അങ്ങനെ തിരിച്ചടക്കുന്നത് നിരുത്സാഹപ്പെടുത്തുവാനാണ് പ്രീ ക്ലോസർ (pre-closure) ചാർജ്സ് എന്ന പേരിൽ ബാങ്കുകൾ അധിക പലിശ അല്ലെങ്കിൽ പിഴപ്പലിശ ഈടാക്കുന്നത്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ബാങ്കുകൾ ഓരോ രീതിയിലായിരുന്നു ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നത്. എന്നാൽ റിസർവ് ബാങ്ക് ഇടപെട്ട് ഈ നയത്തിൽ മാറ്റം കൊണ്ടുവന്നു. എല്ലാ ബാങ്കുകൾക്കും ഒരു പോലെ ബാധകമായ നിർദ്ദേശങ്ങൾ നടപ്പിലാക്കി.
റിസർവ് ബാങ്ക് പറയുന്നത്
അതനുസരിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഫ്ളോട്ടിങ് നിരക്കിൽ എടുത്ത വായ്പ നേരത്തെ അടച്ചാൽ പിഴപ്പലിശ ഇല്ല. വായ്പ അവസാനിപ്പിക്കാനുള്ള തുക സ്വന്തം കൈയ്യിൽ നിന്നാണെന്നോ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റിയാണോ (takeover) എന്നൊന്നും വേർതിരിവില്ല. വ്യക്തികളുടെ പേരിലുള്ള വായ്പ ബിസിനസ് ആവശ്യത്തിനുള്ള വായ്പയാണെങ്കിൽ പിഴപ്പലിശ ബാധകമാണ്. അതുപോലെ വ്യക്തികളുടെ പേരിൽ എടുത്തിട്ടുള്ള ഫിക്സഡ് നിരക്ക് വായ്പകൾ പ്രീ ക്ലോസ് ചെയ്താലും പ്രീ ക്ലോസർ ചാർജുകൾ എടുക്കും.
ബിസിനസ് ആവശ്യത്തിന് വേണ്ടി എടുത്തിട്ടുള്ള വായ്പകൾക്ക് പൊതുവെ പ്രീ ക്ലോസർ ചാർജുകൾ ബാധകമാണ്. എന്നാൽ ഉധ്യം റജിസ്ട്രേഷൻ (Udhyam registration) സർട്ടിഫിക്കറ്റ് അനുസരിച്ച് സംരംഭം സൂക്ഷ്മ – ചെറുകിട (Micro or Small Enterprise – MSE) വിഭാഗത്തിലാണെങ്കിൽ ഫ്ളോട്ടിങ് നിരക്കിൽ എടുത്തിട്ടുള്ള വായ്പകൾക്ക്, പ്രീ ക്ലോസർ ചാർജുകൾ ബാധകമല്ല. ഓരോ ബാങ്കുകളും ഇക്കാര്യത്തിൽ നയങ്ങൾ അംഗീകരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. സംരംഭം മീഡിയം (Medium Enterprise) വിഭാഗത്തിലാണ് എങ്കിൽ പ്രീ ക്ലോസർ ചാർജുകൾ ബാധകമാണ്.
ഇടപാടുകാർ ബാങ്കുമായി ഏർപ്പെട്ടിട്ടുള്ള വായ്പ കരാറുകളിൽ മേൽ പറഞ്ഞ നിർദേശങ്ങൾക്ക് വിരുദ്ധമായ നിബന്ധനകൾ ഉണ്ടെങ്കിലും അത് നിലനിൽക്കില്ല.
പുതിയ സർക്കുലർ – കൂടുതൽ വ്യക്തത
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അടുത്തിടെ റിസർവ് ബാങ്ക് വിശദമായ സർക്കുലർ (കരട്) ഇറക്കിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം അറിഞ്ഞതിനുശേഷം ഇക്കാര്യം പ്രാബല്യത്തിൽ വരുത്തും. ഈ സർക്കുലർ അനുസരിച്ച്, ഒരു വായ്പക്ക് ഫ്ളോട്ടിങ് നിരക്കും ഫിക്സഡ് നിരക്കും ബാധകമാണെങ്കിൽ, വായ്പ പ്രീ ക്ലോസ് ചെയ്യുന്ന സമയത്ത് ബാധകമായിരിക്കുന്ന നിരക്കിന്റെ സ്വഭാവമായിരിക്കും, പ്രീ ക്ലോസർ ചാർജുകൾ ബാധകമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ കണക്കിലെടുക്കുക. ഇടപാടുകാർക്ക് അവരുടെ ആവശ്യമനുസരിച്ച് ഏതു സമയത്തും വായ്പ പ്രീ ക്ലോസ് ചെയ്യുവാൻ കഴിയുമെന്ന് ഈ സർക്കുലർ വ്യക്തമാക്കുന്നു. കുറഞ്ഞത് ഇത്ര കാലം കഴിഞ്ഞു മാത്രമേ വായ്പ പ്രീ ക്ലോസ് ചെയ്യുവാൻ കഴിയൂ എന്ന രീതിയിലുള്ള നിബന്ധനകൾ ഒന്നും വായ്പ കരാറുകളിൽ പാടില്ല. വായ്പ പ്രീ ക്ലോസ് ചെയ്യുന്നത് ബാങ്കിന്റെ ആവശ്യവും നിർദേശവുമനുസരിച്ചാണെങ്കിൽ, പ്രീ ക്ലോസർ ചാർജുകൾ എടുക്കുവാൻ പാടില്ല. പ്രീ ക്ലോസർ ചാർജുകൾ സംബന്ധിച്ച വിവരങ്ങൾ വായ്പ നൽകുന്ന സമയം ഇടപാടുകാർക്ക് നൽകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങുന്ന പ്രസ്താവന പത്രത്തിൽ (Key Factor Statement – KFS) കാണിക്കണം.