
കൊച്ചി: മൂന്നു വയസുകാരി കല്യാണിയെ കൊല്ലാൻ അമ്മ സന്ധ്യ മറ്റൊരിടത്തും ശ്രമം നടത്തിയിരുന്നെന്ന് സംശയം. മറ്റക്കുഴിയിൽ നിന്ന് സ്വന്തം നാടായ കുറുമശേരിയിലേക്ക് പോകുന്നതിനിടെ അര മണിക്കൂറിലേറെ നേരം അമ്മയും കുഞ്ഞും ആലുവ മണപ്പുറത്ത് ചെലവിട്ടതാണ് സംശയം ജനിപ്പിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കുഞ്ഞുമായി നിൽക്കുന്നതു കണ്ട ഓട്ടോ ഡ്രൈവർമാർ സന്ധ്യയോട് കാര്യം തിരക്കിയപ്പോഴേക്കും കുഞ്ഞിനെയും എടുത്ത് സന്ധ്യ കടന്നു കളയുകയായിരുന്നു. കുഞ്ഞിനെ ഇവിടെ പുഴയിൽ ഇടാൻ ശ്രമിച്ചതാകാം എന്ന സംശയം ആണ് ഉയരുന്നത്.
സന്ധ്യയെയും കുഞ്ഞിനെയും ആലുവ മണപ്പുറത്ത് കണ്ട ഓട്ടോ ഡ്രൈവർ സനൽ പറയുന്നതിങ്ങനെ- “ഏകദേശം 5.45 – 6 മണിക്കാണ് ഞാൻ അമ്മയെയും കുഞ്ഞിനെയും കണ്ടത്. നേരെ അമ്പലത്തിലേക്കല്ല ഇവർ പോയത്. ആരും ഇരിക്കാത്ത ഒറ്റപ്പെട്ട സ്ഥലത്ത് കുഞ്ഞുമായി ഇരിക്കുന്നത് കണ്ടാണ് സംശയം തോന്നിയത്. ഉടനെ ഞാൻ ഡ്രൈവർ വിജയനെ വിളിച്ച് വരാൻ പറഞ്ഞു”
വിജയൻ ആ സംഭവം വിശദീകരിച്ചതിങ്ങനെ- “ഒന്ന് മണപ്പുറം വരെ വരണം. ഇവിടെ ഒരു കൊച്ചും അമ്മയുമുണ്ട്. ഒരു സംശയം എന്ന് ഓട്ടോ ഡ്രൈവർ സനൽ എന്നെ വിളിച്ച് പറഞ്ഞു. ഞാൻ വന്നപ്പോൾ അമ്പലത്തിനടുത്ത് ചുവന്ന ചുരിദാറിട്ട സ്ത്രീയെ കണ്ടു. കൊച്ചും ഒരു ബാഗുമുണ്ട്. നേരത്തെ നിങ്ങളവിടെ നിന്നു, ഇപ്പോഴെന്താ ഇവിടെയെന്ന് ചോദിച്ചു. അവിടെ നിന്ന് കറങ്ങി ഇവിടെ വന്നതാണെന്ന് പറഞ്ഞു. ഇവർ അപ്പോൾ തന്നെ അവിടെ നിന്ന് റോഡിലേക്കിറങ്ങി ഒരു ഓട്ടോയിൽ കയറി പോയി”.
ആൾപ്പെരുമാറ്റം കുറയുമ്പോൾ കുഞ്ഞിനെ പുഴയിലേക്ക് എറിയാൻ ആവും സന്ധ്യ ഇവിടെ വന്നതെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ സംശയം. സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. എന്നാല് ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്നാണ് ഭർത്താവ് സുഭാഷിന്റെ പക്ഷം. കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
അംഗനവാടിയിൽ നിന്ന് സന്ധ്യ കൂട്ടിക്കൊണ്ട് വന്ന കല്യാണി വീട്ടിൽ എത്തിയില്ല. വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ ബസിൽ വച്ച് മകളെ നഷ്ടമായെന്നാണ് സന്ധ്യ പറഞ്ഞത്. പിന്നാലെ ചെങ്ങമനാട് പൊലീസ് സന്ധ്യയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് മൂഴിക്കുളം ഭാഗത്തെ പാലത്തിന് സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് പറഞ്ഞത്. പ്രതികൂല കാലാവസ്ഥയിൽ സാധാരണ ഗതിയിലെ പ്രോട്ടോക്കോളുകൾ മറികടന്ന് കല്യാണിക്കായി തെരച്ചിൽ നടത്തി. സംഭവ സ്ഥലത്ത് സന്ധ്യയെ എത്തിച്ച് ഇവർ ചൂണ്ടിക്കാണിച്ച ഭാഗത്തായി തെരച്ചിൽ നടത്തി. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കേസിൽ കുട്ടിയുടെ അച്ഛന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് റൂറൽ എസ്പി ഇന്നലെ അറിയിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ച് കുടുംബത്തിൽ ആർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡോക്ടർമാരുടെ വിദഗ്ധ ഉപദേശത്തിനു ശേഷമാവും സന്ധ്യയുടെ മാനസികനില പരിശോധിക്കുക. കൊലപാതകത്തിന്റെ കൃത്യമായ കാരണം വരും ദിവസങ്ങളിൽ അന്വേഷണത്തിൽ മനസ്സിലാകുമെന്നും റൂറൽ എസ്പി എം ഹേമതല വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]