
ഇടപ്പള്ളി ജംക്ഷനിലെ ഗതാഗതക്കുരുക്ക്: ഫ്ലൈഓവർ വരും, കുരുക്കഴിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഇടപ്പള്ളി ജംക്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കു പരിഹരിക്കാൻ 2 മിനി ഫ്ലൈഓവറുകളുടെ നിർമാണം തുടങ്ങി. ഇതു പൂർത്തിയാവുന്നതോടെ ഇടപ്പള്ളി ജംക്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരമാവും.ഇടപ്പള്ളി ജംക്ഷനു തെക്ക് ഒബ്റോൺ മാളിനു സമീപം കൈരളി ഗ്രാനൈറ്റ്സിനു മുൻപിലും ജംക്ഷനു വടക്ക് ലുലു കോർപറേറ്റ് ഓഫിസിനു മുൻപിലുമാണു 2 ഫ്ലൈഓവറുകൾ നിർമിക്കുന്നത്. ജംക്ഷനിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കി വാഹനങ്ങൾ ഫ്ലൈഓവറിനു കീഴിലുള്ള അടിപ്പാതയിലൂടെ കടത്തിവിടും. മൂത്തകുന്നം ഇടപ്പള്ളി ദേശീയപാതയുടെ നിർമാണ കരാറിന്റെ ഭാഗമാണ് 2 ഫ്ലൈഓവറുകളുടെ നിർമാണം.
വടക്കുഭാഗത്ത് , 6 വരി റോഡിന്റെ ഭാഗമായി ഫ്ളൈഓവറിന്റെ ഒരു ഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനടിയിലൂടെയാവും വാഹനങ്ങൾ തിരിയുക. പാലാരിവട്ടം ഭാഗത്തുനിന്ന് ആലുവയ്ക്കു പോകേണ്ട വാഹനങ്ങൾക്കു ജംക്ഷനിൽ വലത്തേക്കു തിരിയാൻ അനുമതിയുണ്ടാവില്ല. ഇൗ വാഹനങ്ങൾ മുന്നോട്ടുപോയി , ലുലുവിനു മുന്നിലെ അടിപ്പാതയിലുടെ യു ടേൺ എടുത്ത് ഇടപ്പള്ളി ജംക്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ആലുവ ഭാഗത്തേക്കു പോകണം.
വരാപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നഗരത്തിലേക്കു പോകാൻ ജംക്ഷനിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച് , ഒബ്റോൺ മാളിനു സമീപത്തെ അണ്ടർപാസിൽ യു ടേൺ എടുത്ത് ജംക്ഷനിലെത്തി ഇടത്തോട്ടു തിരിയണം.ഇടപ്പള്ളി ജംക്ഷനിൽ വലത്തോട്ടു തിരിയാൻ അനുവദിക്കില്ല. ഇതോടെ തടസ്സമില്ലാതെ വാഹനങ്ങൾക്ക് സഞ്ചാരം സാധ്യമാകും. വൈറ്റിലയിൽ നിന്നു വരാപ്പുഴ ഭാഗത്തേക്കും വരാപ്പുഴ നിന്നു വൈറ്റില ഭാഗത്തേക്കും നേരെ തന്നെ യാത്ര ചെയ്യാം. കലൂർ – കളമശേരി റൂട്ടിലും തിരിച്ചും മേൽപാലത്തിലൂടെ കടന്നുപോകാം.
ജലനിരപ്പ് ഉയർന്ന പ്രദേശമായതിനാൽ ഇടപ്പള്ളിയിൽ ഭൂ നിരപ്പിനു താഴെ അണ്ടർപാസ് നിർമിക്കുന്നതു പ്രായോഗികമല്ലാത്തതിനാലാണു റോഡിൽ മേൽപാലം പണിത് ,അതിനു താഴെയുള്ള ഭാഗം അണ്ടർപാസ് ആയി ഉപയോഗിക്കുന്നത്. ഫ്ലൈഓവറിനു 650 മീറ്റർ നീളമുണ്ടാവും. അതിനടിയിലെ അണ്ടർപാസിന് 50 മീറ്ററും നീളമുണ്ടാവും. 6 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഇടപ്പള്ളി– മൂത്തകുന്നം ദേശീയപാത ഉദ്ഘാടനത്തിനൊപ്പം ജംക്ഷനിലെ ട്രാഫിക് ക്രമീകരണവും നടപ്പാക്കാനാണു ദേശീയ പാത അതോറിറ്റിയുടെ തീരുമാനം.