
മഴ കനക്കുന്നു; ദേശീയപാതയിലെ വാഹനയാത്ര ദുരിതവും അപകട ഭീഷണിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരിയാരം ∙ മഴ കനക്കുമ്പോൾ ദേശീയപാതയിലെ വാഹനയാത്ര ദുരിതവും അപകട ഭീഷണിയുമാകുന്നു. സർവീസ് റോഡിൽ വെള്ളക്കെട്ടും ഗർത്തവും മണ്ണിടിച്ചിലുമാണു യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. ദേശീയപാത നിർമാണത്തിന് അശാസ്ത്രീയമായി മണ്ണെടുത്തതിനാലാണു മഴയിൽ വെള്ളവും മണ്ണും കുത്തിയൊലിച്ചു റോഡിലേക്ക് ഒഴുകിയെത്തുന്നതെന്ന് ആക്ഷേപമുണ്ട്. കുപ്പം കപ്പണത്തട്ട്, ചുടല ഭാഗത്താണു മഴയിൽ വെള്ളവും മണ്ണും റോഡിലേക്ക് എത്തുന്നത്. താഴ്ന്ന പ്രദേശത്തെ വീട്ടിലേക്കും പറമ്പിലേക്കും വെള്ളവും മണ്ണും ഒഴുകിയെത്തുന്നത് അപകട ഭീഷണിയാകുന്നു.
കനത്തമഴയെ തുടർന്നു പരിയാരം ഔഷധിക്ക് സമീപത്ത് ദേശീയപാതയുടെ സർവീസ് റോഡ് താഴ്ന്നു വലിയ ഗർത്തം രൂപപ്പെട്ടു. കുഴിയിൽ വെള്ളം നിറയുന്നതിനാൽ കുഴി കാണാൻ സാധിക്കാത്തതു വാഹനങ്ങളെ അപകടത്തിലാക്കി. വൈകിട്ടു ദേശീയപാത നിർമാണ കരാർ കമ്പനി അധികൃതരെത്തി കുഴി താൽക്കാലികമായി അടച്ചു. ദേശീയപാതയിൽ പിലാത്തറ സർവീസ് റോഡിലും വെള്ളക്കെട്ടുണ്ടായി. പിലാത്തറ ജംക്ഷനിൽ അടിപ്പാത കടന്നയുടൻ പയ്യന്നൂർ ഭാഗത്തേക്കു പോകുന്ന ഭാഗത്തും പിരക്കാംതടം ഭാഗത്തുമാണു വെള്ളക്കെട്ട് രൂക്ഷമായത്.
വെള്ളം ഒഴുകിപ്പോകാത്തതിനാൽ റോഡ് തോടായ അവസ്ഥയായിരുന്നു. ഇതോടെ കാൽനടയാത്രക്കാർ പ്രയാസത്തിലായി. വെള്ളക്കെട്ടിനെ തുടർന്നു പിലാത്തറ മുതൽ പിരക്കാംതടം വരെയുള്ള സർവീസ് റോഡ് പൂർണമായി അടച്ചിടുകയും പയ്യന്നൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പിലാത്തറയിൽനിന്നു വഴി തിരിച്ചു ചുമടുതാങ്ങി കെഎസ്ടിപി റോഡ് വഴിയുമാണു കടന്നുപോയത്. ഇതു കെഎസ്ടിപി റോഡിൽ ഗതാഗത തടസ്സത്തിനു കാരണമായി.
കടകളിലേക്കും വെള്ളം
പഴയങ്ങാടി ∙ ശക്തമായ മഴയിൽ പഴയങ്ങാടി ടൗണിലെ കെഎസ്ടിപി റോഡിലുണ്ടായ വെള്ളക്കെട്ട് യാത്രക്കാർക്കു ദുരിതമായി. റോഡിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ കടകളിലേക്കും വെള്ളമടിച്ചു കയറി. ഒട്ടേറെ കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. വെള്ളച്ചാൽ ഉദയ ക്ലബ് അങ്കണവാടിയിലും വെള്ളം കയറി. പുതിയങ്ങാടി ബീച്ച് റോഡിലും വെള്ളക്കെട്ട് ഭീതി പടർത്തി. പഴയങ്ങാടി റെയിൽവേ അടിപ്പാതയിൽ മഴ തുടങ്ങിയതോടെ വെള്ളക്കെട്ടുണ്ടായി. മാടായി, ഏഴോം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളിൽ ചോർച്ച ഉണ്ടായി.