
കോഴിക്കോട് നഗരത്തിൽ 21 വർഷത്തിനിടെ 39 വൻ തീപിടിത്തങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ നാൾക്കുനാൾ വളരുന്ന നഗരത്തിൽ കഴിഞ്ഞ 21 വർഷത്തിനിടെ സംഭവിച്ചത് 39 വൻ തീപിടിത്തങ്ങൾ. 9 ജീവനുകൾ പൊലിഞ്ഞിട്ടും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടും ഇന്നും വീഴ്ചകളിൽ നിന്ന് ഒരു പാഠവും പഠിക്കാതെ ഇരുട്ടത്ത് തപ്പുകയാണ് അധികൃതർ. 5 അഗ്നിരക്ഷാ യൂണിറ്റുകൾ ഉണ്ടായിരുന്ന ബീച്ചിലെ ഫയർ സ്റ്റേഷൻ പൊളിച്ചടുക്കി 2 യൂണിറ്റുകളാക്കി ചുരുക്കിയതാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ അധികൃതർ കൊയ്തെടുത്ത ‘നേട്ടം’.
തിരക്കേറിയ മിഠായിത്തെരുവിൽ 6 തവണയാണ് ഈ കാലയളവിൽ തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളജിൽ 4 വട്ടം തീ പടർന്നപ്പോൾ പാളയത്തും വലിയങ്ങാടിയിലും കലക്ടറേറ്റിലും കോർപറേഷൻ മേഖലാ ഓഫിസിലുമെല്ലാം തീ പിടിച്ചു. മിക്കതിനും കാരണം കണ്ടെത്തുന്നത് ഒന്നു തന്നെ – ഷോർട് സർക്കീറ്റ്
ചീഫ് സെക്രട്ടറിക്ക് കലക്ടർ റിപ്പോർട്ട് നൽകും
കോഴിക്കോട്∙ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടിത്തം സംബന്ധിച്ച് അഗ്നിരക്ഷാസേന, കോർപറേഷൻ, പൊലീസ്, ഡ്രഗ്സ് കൺട്രോൾ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് റിപ്പോർട്ടുകൾ നൽകി. 1984ൽ പണിത കെട്ടിടം 1987ലാണ് പ്രവർത്തനം തുടങ്ങിയത്. ഈ കെട്ടിടത്തിൽ പിന്നീട് അനുമതിയില്ലാതെ മാറ്റം വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കാൻ കലക്ടർ നിർദേശം നൽകി.
കടയ്ക്ക് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർഓഫിസർ റിപ്പോർട്ട് നൽകി. കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിതരണം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണെന്ന് ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.തീപിടിച്ച മരുന്നുകടയിലെ ഒട്ടുമിക്ക മരുന്നുകളും ഉപയോഗശൂന്യമാണെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അറിയിച്ചിട്ടുണ്ട്. ഉപയോഗയോഗ്യത സംബന്ധിച്ച പരിശോധനകൾ നടന്നു വരികയാണെന്നും റിപ്പോർട്ടിലുണ്ട്.ഉദ്യോഗസ്ഥരുടെ യോഗത്തിൽ കലക്ടർ സ്നേഹിൽകുമാർ സിങ് അധ്യക്ഷനായിരുന്നു. ഈ റിപ്പോർട്ടുകൾ ഉൾപ്പെടുത്തി ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുമെന്ന് കലക്ടർ അറിയിച്ചു.