
മുടി പിടിപ്പിക്കാൻ പോയി; തലയിലെ ചർമം നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിൽ: ചികിത്സയ്ക്ക് ചെലവായത് 9 ലക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ തലമുടി പിടിപ്പിക്കൽ ചികിത്സയ്ക്കു ശേഷമുണ്ടായ അണുബാധയെ തുടർന്നു യുവാവിന്റെ തലയിലെ ചർമം പൂർണമായും നഷ്ടമായി. വൈപ്പിൻ ചെറായി സ്വദേശിയും എളമക്കര കീർത്തി നഗറിൽ താമസക്കാരനുമായ ചെറുപറമ്പിൽ സനിലാണ് (49) ഗുരുതരാവസ്ഥയിലായത്. ഇതിനകം അര ഡസനോളം ശസ്ത്രക്രിയകൾ നടത്തിയാണ് ഡോക്ടർമാർ ചർമത്തിലെ പഴുപ്പ് നിയന്ത്രണ വിധേയമാക്കിയത്. ഇനിയും ശസ്ത്രക്രിയകൾ ആവശ്യമാണ്. തലയിലെ പഴുപ്പ് നീക്കം ചെയ്യുന്നതിനായി ഇപ്പോൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ പ്രത്യേക യന്ത്രസംവിധാനം ഘടിപ്പിച്ചിരിക്കുകയാണ്. ദിനചര്യകൾ നിർവഹിക്കാനും ഉറങ്ങാനും ബുദ്ധിമുട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പരസ്യം കണ്ടു നഗരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മുടി വച്ചു പിടിപ്പിക്കലിന് വിധേയനായത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ അസഹനീയമായ തലവേദന ഉണ്ടായതിനെ തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടങ്കിലും വേദനസംഹാരി ഗുളികകൾ നൽകുകയായിരുന്നു. ഇവർ നൽകിയിരുന്ന മറ്റു ചില മരുന്നുകൾ കഴിച്ചതിനെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയർന്നു. മുടി പിടിപ്പിച്ച ഭാഗത്തു പഴുപ്പുള്ള കാര്യം ശ്രദ്ധയിൽപെടുത്തിയെങ്കിലും സ്ഥാപന അധികൃതർ ഗൗനിച്ചില്ല എന്നാണ് ആക്ഷേപം.
പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. മുടി വച്ചുപിടിപ്പിച്ച ഭാഗത്ത് അണുബാധയും മാംസം തിന്നു തീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചു. അപ്പോഴേക്കും തലയുടെ മുകൾ ഭാഗത്തെ തൊലി നഷ്ടമായി തലയോട് പുറത്തു കാണാവുന്ന സ്ഥിതിയിൽ ആയിരുന്നു. തുടയിൽ നിന്ന എടുത്ത തൊലി കുറച്ചു ഭാഗത്ത് വച്ചു പിടിപ്പിച്ചുവെങ്കിലും ഇനിയും ദീർഘകാലത്തെ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളതെന്നു വീട്ടുകാർ പറയുന്നു.
അര ലക്ഷത്തോളം രൂപയാണ് മുടി വച്ചു പിടിപ്പിക്കുന്നതിനായി സ്ഥാപനം ഈടാക്കിയത്. തുടർന്നുണ്ടായ ചികിത്സയ്ക്ക് ഇതുവരെ 9 ലക്ഷം രൂപയിലേറെ ചെലവിട്ടു കഴിഞ്ഞു. സ്ഥാപനത്തിനെതിരെ സനിൽ തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അനുനയ നീക്കങ്ങളുമായി സ്ഥാപന ഉടമകൾ സമീപിച്ചെങ്കിലും നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ക്ലിനിക്കിന്റെ പ്രതിനിധികൾ സംഭവത്തോടു പ്രതികരിക്കാൻ തയാറായില്ല. സ്ഥാപനത്തിലെ മൊബൈൽ നമ്പറുകൾ ഓഫ് ചെയ്ത നിലയിലാണ്. പരാതിക്കാരന്റെ മൊഴി നേരിട്ടു രേഖപ്പെടുത്തിയ ശേഷം കേസ് റജിസ്റ്റർ ചെയ്യുമെന്നു പൊലീസ് പറഞ്ഞു.