
ലഡ്ഡുവും ഉപ്പുമാവും കഴിച്ച് അമ്മയോടൊപ്പം മടങ്ങി; കൊല്ലാനുറപ്പിച്ച് യാത്ര, സന്ധ്യയുടെ വഴിയേ സഞ്ചരിച്ച് പൊലീസ്, ഒടുവിൽ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ തിരുവാണിയൂർ പഞ്ചായത്തിലെ 69ാം നമ്പർ അങ്കണവാടിയിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെ അമ്മ സന്ധ്യ എത്തുമ്പോൾ മൂന്നര വയസുകാരി കല്യാണി ഉറക്കം കഴിഞ്ഞ് പാലു കുടിക്കുന്ന സമയമായിരുന്നു. മറ്റൊരു വിശേഷവുമായി ബന്ധപ്പെട്ട് അവിടെ കൊണ്ടുവന്ന ലഡ്ഡുവും അൽപം ഗോതമ്പ് ഉപ്പുമാവും കഴിച്ചു. മൂന്നരയോടെ അമ്മ സന്ധ്യയുടെ കയ്യും പിടിച്ച് സന്തോഷത്തോടെ പുറത്തേക്ക് പോയ കല്യാണി ഇനിയൊരിക്കലും ആ അങ്കണവാടിയിലേക്ക് മടങ്ങിവരില്ല. മഴയും ഇരുട്ടും മറ്റു തടസങ്ങളുമൊന്നും വകവയ്ക്കാതെ ഒരു നാടും ഔദ്യോഗിക സംവിധാനങ്ങളും മുഴുവൻ ശ്രമിച്ചിട്ടും കല്യാണിയെ ജീവനോടെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ല. കുട്ടിയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് പിതാവ് സുഭാഷിന്റെ വീടായ തിരുവാണിയൂർ മറ്റക്കുഴി കിഴിപ്പിള്ളില് വീട്ടിലേക്ക് കൊണ്ടുവരും. ഇവിടെയാണ് സംസ്കാരം.
സന്ധ്യ കുഞ്ഞിനെ പുഴയിലെറിഞ്ഞു എന്ന് സമ്മതിച്ചിട്ടുണ്ട് എന്നാണ് ചെങ്ങമനാട് പൊലീസ് വ്യക്തമാക്കുന്നത്. എന്തിനാണ് കുഞ്ഞിനെ കൊന്നത് എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കണ്ടെത്തേണ്ടത്. ആലുവ ഡിവൈഎസ്പിയുടെയും റൂറൽ എസ്പിയുടെയും ചോദ്യം ചെയ്യലുകൾക്ക് ശേഷം സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. സന്ധ്യയുടെ മാനസികാരോഗ്യവും പരിശോധിച്ചേക്കും. സന്ധ്യയുടെ മാനസിക നിലയെക്കുറിച്ചും ഭർതൃവിട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ ചർച്ചകളും സജീവാണ്.
കുഞ്ഞിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച് സന്ധ്യയുടെ വീട്ടുകാരും സുഭാഷും പറയുന്നത് സന്ധ്യക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ്. എന്നാൽ ബന്ധുക്കളും അയൽക്കാരും പറയുന്നത് മറിച്ചും. പലപ്പോഴും കുട്ടിയെ അകാരണമായി അടിക്കുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്നതായിരുന്നു സന്ധ്യയുടെ പ്രകൃതമെന്നും ഇതുമൂലം ഒരിക്കൽ കല്യാണിയേയും മൂത്ത കുട്ടിയേയും സന്ധ്യയുടെ അമ്മ തന്നെ സുഭാഷിന്റെ വീട്ടില് കൊണ്ടാക്കിയെന്നും പറയപ്പെടുന്നുണ്ട്. സന്ധ്യക്ക് ചെറിയ ബുദ്ധിമുട്ടുകൾ നേരത്തെ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇടയ്ക്ക് സന്ധ്യയുടെ പെരുമാറ്റം മൂലം മാനസികാരോഗ്യ പരിശോധനയ്ക്ക് ഭർത്താവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും ഇപ്രകാരം പരിശോധന നടത്തിയെന്നും സന്ധ്യയുടെ അമ്മ അല്ലി പറയുന്നുണ്ട്. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. മകളെ സുഭാഷ് മർദിച്ചിരുന്നു എന്നും അമ്മ പറയുന്നുണ്ട്.
അങ്കണവാടിയിൽ നിന്ന് മൂന്നരയ്ക്ക് ഇറങ്ങി രാത്രി ഏഴു മണിയോടെ 35 കിലോമീറ്ററുകൾ അപ്പുറം കുറുമശേരിയിലെ വീട്ടിലെത്തിയ സന്ധ്യക്കൊപ്പം കുഞ്ഞില്ലായിരുന്നു. അവിടം മുതലാണ് ഒരു നാടിനെ മുഴുവൻ മുൾമുനയിലും പിന്നീട് ദുഃഖത്തിലുമാക്കിയ സംഭവങ്ങൾ പുറത്തുവരുന്നത്. ആലുവയിൽ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടെന്നും അതല്ല, ബസിൽ വച്ച് നഷ്ടപ്പെട്ടെന്നും തന്റെ കയ്യിൽ നിന്നു പോയെന്നും പരസ്പര വിരുദ്ധമായ മറുപടിയാണ് വീട്ടുകാരോട് സന്ധ്യ പറഞ്ഞത്.
ആശുപത്രിയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം മൂന്നരയോടെ വീട്ടിലെത്തിയ സുഭാഷ് കിടന്നുറങ്ങി. ആറുമണിയോെട ഉണർന്നിട്ടും സന്ധ്യയും കുഞ്ഞും എത്താത്തതിനാൽ വീട്ടുകാരെ ബന്ധപ്പെട്ടു എന്നാണ് പറയുന്നത്. എന്നാൽ സന്ധ്യ വീട്ടിലെത്തിയിട്ടില്ലായിരുന്നു. സന്ധ്യയുടെ വീട്ടുകാർ വനിതാ സെല്ലിൽ ബന്ധപ്പെട്ടു എന്നും അവിടെ നിന്ന് തന്നെ വിളിച്ചിരുന്നു എന്നും സുഭാഷ് പറയുന്നു. ഈ സമയത്താണ് സന്ധ്യ കുഞ്ഞില്ലാതെ സ്വന്തം വീട്ടിലെത്തുന്നതും. ഇതറിഞ്ഞതോടെ ഏഴരയോടെ സുഭാഷ് പുത്തൻകുരിശ് പൊലീസിലെത്തി. കുഞ്ഞിനായുള്ള അന്വേഷണം ആരംഭിക്കുന്നത് ഈ സമയത്താണ്.
പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിക്കുകയും സന്ധ്യയെ ചെങ്ങമനാട് പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. കുഞ്ഞിനെ കാണാതായതു സംബന്ധിച്ച് പൊലീസിനോടും പരസ്പരവിരുദ്ധമായാണ് സന്ധ്യ തുടക്കത്തിൽ സംസാരിച്ചതെങ്കിലും പൊലീസ് സന്ധ്യ യാത്ര ചെയ്ത വഴികൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു ഇത്. ഇതിന് അനുസരിച്ച് ചോദ്യം ചെയ്യലും പുരോഗമിച്ചിരുന്നു. ആലുവയിൽ ബസ് ഇറങ്ങിയ സന്ധ്യ അവിടെ നിന്ന് കുറുമശേരി ജംക്ഷനിലേക്ക് ഓട്ടോയിൽ എത്തി. അവിടെ നിന്ന് മൂഴിക്കുളത്തേക്ക്. അവിടെ നിന്ന് വീണ്ടും കുറുമശേരിയിൽ എത്തി ഓട്ടോ പിടിച്ചാണ് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് എത്തിയത്.
മൂഴിക്കുളത്ത് കുട്ടിയുമായി വന്നിറങ്ങിയ സന്ധ്യയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് പൊലീസിനു ലഭിച്ചു. ഈ സമയത്ത് തിരുവാങ്കുളം മുതൽ സന്ധ്യയുടെ വീടു വരെയുള്ള ഭാഗങ്ങളിലും ഈ മേഖലയിലെ റെയില്വേ, ബസ് സ്റ്റാൻഡ് പരിസരങ്ങളിലുമെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. മൂഴിക്കുളം വരെ എത്തിയതിന്റെ തെളിവു ലഭിച്ചതോടെ സന്ധ്യ താൻ കുഞ്ഞിനെ ഇവിടുത്തെ പാലത്തിൽ ഉപേക്ഷിച്ചു എന്ന് വ്യക്തമാക്കി. ഒമ്പതര–പത്തുമണിയോടെ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും മൂഴിക്കുളം പാലത്തിലേക്ക്.
മൂഴിക്കുളം പാലത്തിന്റെ നടക്കുവരെ താൻ എത്തി എന്ന സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലുവ ഡിവൈഎസ്പി ഉൾപ്പെടെ ഉള്ളവർ രാത്രി 11.30ഓടെ പാലത്തിന്റെ അടിയിലേക്ക്. പ്രദേശത്ത് മഴയും കനത്തെങ്കിലും അഗ്നിരക്ഷാ സേനയും നാട്ടുകാരും പരിശോധന നടത്തുന്നുണ്ട്. പാലത്തിന്റെ തൂണിനോട് ചേർന്നുള്ള ഭാഗത്ത് വെള്ളത്തിന് ആഴം കൂടുതലായതിനാൽ സ്കൂബ ടീമിനെ വിളിക്കാൻ 12 മണിയോടെ തീരുമാനം. 12.45ഓടെ ആലുവയിൽ യു.കെ.സ്കൂബ ടീം എന്ന സംഘത്തിലെ ആറു പേർ എത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. 2 മണിവരെ കനത്ത മഴ വകവയ്ക്കാതെ തിരച്ചിൽ നടത്തിയിട്ടും കുഞ്ഞിനെ കിട്ടിയില്ല. ഈ സമയത്ത് ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരുടെ ആറംഗ സംഘം എത്തി തയാറെടുപ്പുകൾ നടത്തി. 2.20ന് മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ തൂണിനു സമീപം മണ്ണിൽ കിടക്കുന്ന രീതിയിൽ കുഞ്ഞിന്റെ മൃതദേഹം സ്കൂബ ടീം കണ്ടെത്തുകയായിരുന്നു.