
എൻഎച്ച് 66 ആറുവരിപ്പാത: ചെറുകിട വാഹനങ്ങൾക്കും കാൽനട യാത്രികർക്കും നോ എൻട്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേഞ്ഞിപ്പലം ∙ ആറുവരിപ്പാതയിൽ ചെറുകിട വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ദേശീയപാത അതോറിറ്റി.ഇതു കാണിച്ചുള്ള ട്രാഫിക് സൂചനാ ബോർഡുകൾ റോഡരികിൽ സ്ഥാപിച്ചു. ചേളാരി ജിവിഎച്ച്എസ്എസ് പരിസരത്ത് തൃശൂർ ദിശയിലേക്കുള്ള 3 ട്രാക്കുകളിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ആദ്യ ഘട്ടമായി ബോർഡ് സ്ഥാപിച്ചു.ദേശീയപാതയിലെ മറ്റ് എക്സിറ്റ്, എൻട്രി ഭാഗങ്ങളിലും വിവിധ ഘട്ടങ്ങളിലായി ബോർഡ് സ്ഥാപിക്കും. ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടർ എന്നീ വാഹനങ്ങൾക്കാണ് വിലക്ക്. കാൽനട യാത്രികർക്കും പ്രവേശനമില്ല. നിലവിൽ എല്ലാ വാഹനങ്ങളും ആറുവരിപ്പാത വഴി പോകുന്നുണ്ടെങ്കിലും ഔപചാരിക ഉദ്ഘാടനത്തിന് ശേഷം വിലക്കുള്ള വാഹനങ്ങൾക്ക് ആറുവരിപ്പാതയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാകില്ല. സിസിടിവി ക്യാമറകൾ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതോടെ വിലക്ക് ലംഘിച്ച് ആറുവരിപ്പാതയിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് പിഴയീടാക്കും. ആറുവരിയുള്ള വേഗപാതയിൽ ചെറിയ വാഹനങ്ങൾ പ്രവേശിക്കുന്നത് അപകട സാധ്യതയുണ്ടാക്കും.
∙ സർവീസ് റോഡിൽ കുരുക്ക് മുറുകും
ആറുവരിപ്പാതയിൽ വിലക്കുള്ള വാഹനങ്ങളും കാൽനട യാത്രികരും സർവീസ് റോഡുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നതോടെ ഗതാഗതക്കുരുക്ക് വർധിക്കാൻ സാധ്യതയുണ്ട്. വൺവേ അടിസ്ഥാനത്തിലുള്ള സർവീസ് റോഡിന് വേണ്ടത്ര വീതി ഇല്ലാത്തതിനാൽ നിലവിൽ പലയിടത്തും ഗതാഗതക്കുരുക്ക് പതിവാണ്. ആറുവരിപ്പാത നിയമാനുസൃത വീതിയിലാണ് നിർമിച്ചിട്ടുള്ളതെങ്കിലും സർവീസ് റോഡിനു വീതി കുറവാണ്. ഏറ്റെടുത്ത സ്ഥലം 45 മീറ്റർ വീതി ആയതിനാൽ തങ്ങൾ നിസഹായരാണെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. കിലോമീറ്ററുകൾ പിന്നിട്ടെങ്കിലെ ആറുവരിപാതയിൽ പലയിടത്തും എകിസ്റ്റും എൻട്രിയും ഉള്ളൂ എന്ന കാരണത്താൽ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പല സ്ഥലങ്ങളിലും സർവീസ് റോഡ് വഴിയാണ് പോകുന്നത്. നിലവിൽ ആറുവരിപ്പാത വഴി പോകുന്ന സ്വകാര്യ ബസുകൾ സർവീസ് റോഡിലേക്ക് മാറണമെന്ന പഞ്ചായത്ത്തല ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ ആവശ്യം നടപ്പിലാക്കാൻ മോട്ടർ വാഹന വകുപ്പിനു മേൽ സമ്മർദമുണ്ട്.
∙ പാർക്കിങ്ങും പൊല്ലാപ്പ്
സർവീസ് റോഡിൽ വാഹനങ്ങൾ പെരുകുന്നതോടെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടഞ്ഞുള്ള ഉത്തരവ് പൊലീസും മോട്ടർ വാഹന വകുപ്പും ശക്തമാക്കും. വാഹന പാർക്കിങ് കേന്ദ്രം സ്ഥാപിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങൾ ആണെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.