
സർക്കാരിനും എംഎൽഎയ്ക്കുമെതിരെ വിമർശനമുയർത്തി സിപിഐ സമ്മേളനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂച്ചാക്കൽ ∙ ഔദ്യോഗിക പക്ഷം ആധിപത്യം ഉറപ്പിച്ച് സിപിഐ അരൂർ ഈസ്റ്റ് മണ്ഡലം സമ്മേളനം സമാപിച്ചു. 25 അംഗ കമ്മിറ്റിയിൽ 17പേരും ഔദ്യോഗിക പക്ഷക്കാരാണെന്നാണ് വിവരം. നിലവിലുള്ള കമ്മിറ്റിയിലെ 2 പേർ സ്വയം ഒഴിവായപ്പോൾ 3 പേരെ ഒഴിവാക്കിയതായാണ് വിവരം. നേരത്തെ ഒഴിവായിരുന്ന കെ.എസ്. രാജേന്ദ്രനു പുറമേ പി.എ. ഷിഹാബുദ്ദീൻ, എം.എൻ. സുരേന്ദ്രൻ, കെ.ജി. രഘുവരൻ, മുംതാസ് സുബൈർ എന്നിവരാണ് ഒഴിവായത്. രാഗിണി രമണൻ, ആർ. ദിനിൽ, സി.ടി. വേണുഗോപാൽ, രഞ്ജിത് ലാൽ, സുബൈർ കോട്ടൂർ എന്നിവരെ ഉൾപ്പെടുത്തി.
നിലവിലെ സെക്രട്ടറി കെ. ബാബുലാൽ സെക്രട്ടറിയായി തുടരും. കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി. ആനന്ദൻ വ്യക്തിപരമായ ആവശ്യങ്ങളെ തുടർന്ന് മാറിയപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ബാബുലാൽ സെക്രട്ടറിയായതാണ്. ബാബുലാൽ സമ്മേളനത്തിലൂടെ സെക്രട്ടറിയാകുന്നത് ആദ്യമാണ്. തന്നെ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ബാബുലാൽ ആവശ്യപ്പെട്ടെങ്കിലും നേതൃത്വം വിസമ്മതിക്കുകയായിരുന്നെന്നും വിവരമുണ്ട്.
സംസ്ഥാന സർക്കാരിനും സിപിഎമ്മിനും അരൂർ എംഎൽഎയ്ക്കുമെതിരെ സമ്മേളനത്തിൽ വിമർശനമുണ്ടായി. സിവിൽ സപ്ലൈസ് ഉൾപ്പെടെ സിപിഐ വകുപ്പുകൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാകുന്നില്ല, കയർ ഉൾപ്പെടെ പരമ്പരാഗത മേഖലകൾ അവഗണിക്കപ്പെടുന്നു, സിപിഎമ്മിന്റേത് മാടമ്പിത്തരമാണെന്നും പ്രതിനിധികൾ വിമർശനമുയർത്തി. കുടുംബശ്രീകളെ മുൻനിർത്തിയുള്ള പിൻവാതിൽ നിയമനത്തിലടക്കം ധാർഷ്ട്യമാണ് കാണിക്കുന്നത്. അത് ഇടതുപക്ഷത്തെ ജനങ്ങൾ ശത്രുപക്ഷത്താക്കുകയാണ്, പ്രതിപക്ഷം ദുർബലമായതിനാൽ പിടിച്ചുനിൽക്കുന്നു, ഇതേരീതി തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും പ്രതിനിധികൾ വിമർശിച്ചു.
എംഎൽഎയുടെ രാഷ്ട്രീയ പരിചയക്കുറവ് സിപിഎം മുതലാക്കുന്നുണ്ടെന്നും പ്രവർത്തനം പോരെന്നും വികസന ഫണ്ട് വിഭജനത്തിൽ സിപിഐയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും സിപിഎം വാർഡുകളിൽ കൂടൂതലായി പദ്ധതികൾ നൽകുന്നെന്നും വിമർശനമുയർന്നു. സംസ്ഥാന മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം പോരെന്ന് വിമർശനമുണ്ടായെങ്കിലും ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് സിവിൽ സപ്ലൈസ് ഉൾപ്പെടെ സിപിഐ മന്ത്രിമാർ പഴികേൾക്കുന്നതെന്ന് ന്യായീകരണവുമുണ്ടായി.
മണ്ഡലം സമ്മേളനം സമാപിച്ചു
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് നടപടി വേണമെന്നും പള്ളിപ്പുറം വിളക്കുമരം മുതൽ എംഎൽഎ റോഡ് വരെയുള്ള ഇരുവശവും വീതികൂട്ടി നിർമിക്കണമെന്നും സിപിഐ അരൂർ ഈസ്റ്റ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കായലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്ത് മത്സ്യസമ്പത്ത് സംരക്ഷിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പള്ളിപ്പുറത്തു നടത്തിയ സമ്മേളനം ഇന്നലെ സമാപിച്ചു.
മണ്ഡലം സെക്രട്ടറിയായി കെ. ബാബുലാലിനെ വീണ്ടും തിരഞ്ഞെടുത്തു. മന്ത്രി പി.പ്രസാദ്, ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി.കൃഷ്ണപ്രസാദ്, ഡി.സുരേഷ് ബാബു, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. ഉത്തമൻ, എൻ.എസ്.ശിവപ്രസാദ്, വി.ആർ.രജിത, ബീന അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.