
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള പൊലീസ് നല്കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തുണ പോര്‍ട്ടലില്‍ അധികമായി മൂന്ന് സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തി. നഷ്ടപ്പെട്ട് പോയ സാധനങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനുള്ള സംവിധാനമാണ് അതില്‍ ഒന്ന്. തുണ പോര്‍ട്ടലില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്ത ശേഷം പരാതി നല്‍കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.
നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും.പരാതി പിന്‍വലിക്കുകയാണെങ്കില്‍ കേസും അവസാനിപ്പിക്കും.
സാധനം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും. പരാതിയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ തിരുത്താനുള്ള സംവിധാനവും ഇതിലുണ്ട്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് വഴിയും നഷ്ടപ്പെട്ട സാധനങ്ങളെ സംബന്ധിച്ച് പരാതി നല്‍കാവുന്നതാണ്.
ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് ഇക്കാര്യം മുന്‍കൂട്ടി തന്നെ ജില്ലാ പൊലീസിനെയും സ്പെഷ്യല്‍ ബ്രാഞ്ചിനെയും ഓണ്‍ലൈനിലൂടെ അറിയിക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. നിയമാനുസൃതമായ നോട്ടീസ് അപേക്ഷകന് നല്‍കുകയും ചെയ്യും.
മോട്ടാര്‍ വാഹന അപകട കേസുമായി ബന്ധപ്പെട്ട രേഖകള്‍ പലപ്പോഴും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായി വരാറുണ്ട്. ഈ രേഖകള്‍ പണമടച്ച് വാങ്ങാനുള്ള സൗകര്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. 13 തരം സര്‍ട്ടിഫിക്കറ്റുകള്‍ ഇങ്ങനെ വാങ്ങാവുന്നത്. ഒാരോന്നിനും 100 രൂപയാണ് ഫീസായി ഈടാക്കുന്നത്.
ആക്സിഡന്റ് ജിഡി കോപ്പി, മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി, വിവിധ വിഷയങ്ങളെ സംബന്ധിച്ച് പരാതി നല്കല് എന്നിവയ്ക്കും തുണ പോര്‍ട്ടല്‍ ഉപയോഗിക്കാവുന്നതാണ്. അപേക്ഷ കൈപ്പറ്റി രസീത് നല്‍കും. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനും അപേക്ഷിക്കാന്‍ സാധിക്കും. നിങ്ങളുടെ അപേക്ഷയുടെ നിലവിലെ അവസ്ഥ പോര്‍ട്ടല്‍ വഴിയും എസ്എംഎസ് വഴിയും അറിയാനും സാധിക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]