
അഹമ്മദാബാദ്: ഇന്ത്യയുടെ സ്റ്റാര്‍ ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാകുന്നു. ടെസ്റ്റ് ജഴ്സി ധരിച്ച ഒരു ചിത്രമാണ് ജഡേജ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം വിരമിക്കൽ സൂചനയാണോ നൽകിയതെന്ന സംശയത്തിലാണ് ആരാധകര്‍. രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജഡേജയുടെ പോസ്റ്റ് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
അതേസമയം, ജഡേജയുടെ പോസ്റ്റിന് വ്യത്യസ്തമായ അര്‍ത്ഥം കണ്ടെത്തിയവരുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഓൾ റൗണ്ടര്‍മാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരമെന്ന റെക്കോര്‍ഡ് ജഡേജ അടുത്തിടെ സ്വന്തമാക്കിയിരുന്നു. ബിസിസിഐയാണ് താരത്തിന്റെ നേട്ടം പങ്കുവെച്ചത്. പുരുഷ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ 1152 ദിവസമായി ജഡേജ ലോക ഒന്നാം നമ്പർ താരമായി തുടരുകയാണെന്ന് ബിസിസിഐ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
തന്റെ ഏറ്റവും പുതിയ നേട്ടത്തിന് അഭിനന്ദനങ്ങൾ അറിയിച്ച ആരാധകരോട് നന്ദി പ്രകടിപ്പിക്കുന്നതായാണ് ജഡേജയുടെ പോസ്റ്റിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കലുമായി ഈ പോസ്റ്റിന് യാതൊരു ബന്ധവുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തൽ. രണ്ട് വർഷത്തേക്ക് ഇന്ത്യയെ ടെസ്റ്റ് ക്രിക്കറ്റിൽ നയിക്കാൻ ജഡേജ അനുയോജ്യനാണെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പറഞ്ഞ സമയത്താണ് ഈ പോസ്റ്റ് വന്നതെന്നും വിലയിരുത്തലുണ്ട്. രോഹിത്തിന്റെയും കോലിയുടെയും വിരമിക്കലിനു ശേഷം ജൂൺ 20 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനാകും ജഡേജ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]